‘സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ജില്ലാകമ്മിറ്റിയുടെ തലയിൽ കെട്ടിവെക്കരുത്, പ്രസംഗം വലിച്ചുനീട്ടരുത്’

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച സിപിഎം കേന്ദ്ര കമ്മിറ്റി പ്രസിദ്ധീകരിച്ച അവലോകന റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ. സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകളിൽ ജില്ലാ നേതൃത്വത്തിന്റെ തലയിൽ മാത്രം കെട്ടിവെക്കരുതെന്ന് സംസ്ഥാന നേതൃത്വം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും റിപ്പോർ്ട്ടിൽ പറയുന്നു.
സ്ഥാനാനാർഥി നിർണയത്തിലെ വീഴ്ചകൾ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലുണ്ടായ സംഭവങ്ങൾ സംസ്ഥാനത്തുടനീളം തെറ്റായ സന്ദേശം നൽകുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നമ്മുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടാൻ ഇടയാക്കുകയും ചെയ്തു. സ്വജനപക്ഷപാതത്തെക്കുറിച്ചും പക്ഷപാതപരമായ സമീപനത്തെക്കുറിച്ചുമുള്ള ആരോപണങ്ങൾ ഉയരുകയും അവയെ ഫലപ്രദമായി നേരിടാൻ നമുക്ക് കഴിയാതെവരികയും ചെയ്തു.
വിജയം മാത്രമായിരുന്നു ഏക മാനദണ്ഡം എന്നതിനാൽ, എം.എൽ.എ.മാരായി മികച്ച പ്രവർത്തനം കാഴ്ചവെച്ചവർക്കെല്ലാം ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി നൽകിരുന്നു ഇപ്രകാരം 54 എം.എൽ.എ.മാർ തിരഞ്ഞെടുപ്പ് മത്സരരംഗത്തിറങ്ങി. അവരിൽ ഭൂരിഭാഗംപേരും നേരത്തെ മത്സരിച്ച അതേ മണ്ഡലങ്ങളിൽ നിന്നുതന്നെയാണ് ഇത്തവണയും മത്സരിച്ചത്. ഈ പശ്ചാത്തലത്തിൽ, ശൈലജയുടെ മണ്ഡലം മാറ്റിയതിനെ കേന്ദ്രീകരിച്ച് എതിരാളികൾ വ്യാപകമായ പ്രചാരണം സംഘടിപ്പിച്ചു. സംഘടനാപരമായ എന്ത് ന്യായീകരണങ്ങൾ നിരത്തിയാലും പൊതുജനാഭിപ്രായം അതിന് അനുകൂലമായിരുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തളിപ്പറമ്പ്, പയ്യന്നൂർ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ വേണ്ടത്ര ശ്രദ്ധ പുലർത്തിയിരുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി സമ്മതിച്ചിട്ടുണ്ട്. 'പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ വീഴ്ചകൾ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടിൽ സ്വയം വിമർശനപരമായി അംഗീകരിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റി ശുപാർശചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അംഗീകാരംനൽകുന്ന ഘട്ടത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും വീഴ്ചകൾ വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽനിന്ന് മുസ്ലീം ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട രണ്ട് സ്ഥാനാർത്ഥികൾ പാർട്ടിക്ക് ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നാൽ, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അങ്ങനെയല്ല സംഭവിച്ചത്.
സ്ഥാനാർത്ഥി പട്ടികയിൽ സ്ത്രീകൾക്ക് അർഹമായ പ്രാധാന്യം നൽകാൻ കഴിഞ്ഞില്ലെന്ന വിമർശനം പല ഘടകങ്ങളിൽനിന്നും ഉയർന്നുവന്നിട്ടുണ്ട്. കോഴിക്കോട്, കൊല്ലം ജില്ലാ കമ്മിറ്റികൾക്ക് സ്ത്രീ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്ന കാര്യത്തിൽ വീഴ്ചകൾ സംഭവിച്ചു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണ് മലപ്പുറം, എറണാകുളം ജില്ലകളിൽ കൂടുതൽ സ്ത്രീകളെ സ്ഥാനാർത്ഥികളാക്കാൻ സാധിച്ചത്.
ഈ തീരുമാനങ്ങളിൽ പങ്കാളികളായ സംസ്ഥാന സമിതിയിലെ ഉന്നത നേതൃത്വത്തിന്, അത്തരം തീരുമാനങ്ങൾ മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ വിലയിരുത്തുന്നതിലോ അവ പരിഹരിക്കാൻ അടിയന്തരമായി പ്രതികരിക്കുന്നതിലോ വീഴ്ച സംഭവിച്ചു. ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, യുവാക്കൾ എന്നിവരുടെ പ്രാതിനിധ്യം അപര്യാപ്തമായ വിഷയത്തിലുമുള്ള പ്രധാന ഉത്തരവാദിത്വം ജില്ലാ സമിതികളുടെ മേൽ മാത്രം കെട്ടിവെക്കാനാവില്ല. സംസ്ഥാന നേതൃത്വം ഈ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്- റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബറിൽ സംസ്ഥാന കമ്മിറ്റിയുടെ വിപുലമായ യോഗംചേരാൻ തീരുമാനിച്ചിട്ടുണ്ട്. അവലോകനത്തിൽ പരാമർശിച്ച രാഷ്ട്രീയ-സംഘടനാ വിഷയങ്ങൾ ഈ യോഗം ചർച്ചചെയ്യുകയും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും. പിഴവുകൾ തിരുത്തിയും വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടായി മുന്നേറിയും പ്രവർത്തിക്കുക എന്നതാണ് പ്രധാനം. പാർട്ടിക്ക് സംഭവിച്ച പരാജയം മുൻകാലങ്ങളിലുണ്ടായ പരാജയങ്ങളുമായി താരതമ്യം ചെയ്യാനാവാത്തതാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം. ഫാസിസ്റ്റ് സ്വഭാവമുള്ള ആർ.എസ്.എസ്. നിയന്ത്രണത്തിലുള്ള ബി.ജെ.പി. ഒരു പ്രധാന ശക്തിയായി വളർന്നുവരുന്നത് ആശങ്കാജനകവും വെല്ലുവിളി നിറഞ്ഞതുമായ ഒരു കാര്യമാണെന്നും കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഓർമപ്പെടുത്തുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ എ.പത്മകുമാറിന്റെ അറസ്റ്റിനു തൊട്ടുപിന്നാലെ, അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നുവെന്നും സംസ്ഥാന നേതൃത്വം ഇത് അവഗണിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സമയബന്ധിതമായി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇതിനെത്തുടർന്നുണ്ടായ ആഘാതം കുറയ്ക്കാമായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റി ചൂണ്ടിക്കാട്ടി.
പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്ന ശൈലിയിലിടക്കം ധാരാളം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും കേന്ദ്ര കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ദീർഘമായ പ്രസംഗങ്ങൾ പൊതുയോഗങ്ങളിൽ നടത്തരുത്. എതിരാളികളെ വിഷയങ്ങളിൽ തിരിച്ചറിഞ്ഞ് വിമർശിക്കാനുള്ള രാഷ്ട്രീയ തീക്ഷ്ണതയുടെ അഭാവമുണ്ട്. ഈ ദൗർബല്യത്തിന്റെ പ്രതിഫലനമാണ് അനുഭാവികൾ പൊതുയോഗങ്ങളിലെത്താത്തതെന്നും ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയ കാഴ്ചപ്പാടുകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ള സഖാക്കളുടെ എണ്ണത്തിലുള്ള കുറവും വർഗ്ഗ, ജനകീയ സംഘടനകളിൽ വേണ്ടത്ര രാഷ്ട്രയീകരണം നടക്കുന്നില്ല എന്നതും പ്രതിസന്ധിയാണ്. വർഗീയതയ്‌ക്കെതിരെ ഞങ്ങൾ നിരവധി ക്ലാസുകൾ നടത്തിയെങ്കിലും അതിനെ ഒരു പൊതുബോധമായി മാറ്റാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.' നിലവിലെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാനും ഞങ്ങളുടെ ദൗർബല്യങ്ങൾ മറികടക്കാനും തിരുവനന്തപുരത്തെ ഇ.എം.എസ്. അക്കാദമി, എ.കെ.ജി. സെന്റർ ഫോർ റിസർച്ച്, കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന സമാന സ്ഥാപനങ്ങൾ എന്നിവ ഞങ്ങളുടെ അണികൾക്ക് പരിശീലനം നൽകുന്ന പരിപാടികൾ ഏറ്റെടുക്കേണ്ടതുണ്ട്. എല്ലാത്തരം ചർച്ചകളിലും, ഇലക്ട്രോണിക് മീഡിയ സംവാദങ്ങളിലും ഫലപ്രദമായി പങ്കെടുക്കാൻ കഴിയുന്ന യുവ അണികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്നത് അത്യാവശ്യമാണ്. സമയം നിശ്ചയിച്ച ഒരു പരിപാടി ഉടൻ തയ്യാറാക്കേണ്ടതുണ്ട്.
'ജനങ്ങളിലേക്ക് നമ്മുടെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ എത്തിക്കാൻ കഴിവുള്ള സഖാക്കളുടെ എണ്ണത്തിലുണ്ടായ കുറവും വർഗ-ബഹുജന സംഘടനകൾക്കുള്ളിൽ വേണ്ടത്ര രാഷ്ട്രീയവത്കരണം നടക്കാത്തതും പ്രധാനപ്പെട്ട സംഘടനാപരമായ ദൗർബല്യങ്ങളാണെന്നും കേന്ദ്ര കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഇലക്ട്രോണിക് മാധ്യമങ്ങളിലെ ചർച്ചകൾ ഉൾപ്പെടെയുള്ള വിവിധതരം ചർച്ചകളിൽ ഫലപ്രദമായി പങ്കെടുക്കാൻ പ്രാപ്തരായ യുവ കേഡർമാരുടെ ഒരു നിരയെത്തന്നെ പരിശീലിപ്പിച്ചെടുക്കേണ്ടതുണ്ട്. ഇതിനായി സമയബന്ധിതമായ ഒരു പരിപാടി ഉടൻ തന്നെ തയ്യാറാക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
Content Highlights: Central Committee holds state leadership accountable for election losses., Major lapses identified in candidate selection processes across districts., Failure to address internal allegations and disciplinary issues like the Sabarimala case., Need for urgent training of young cadres for effective political communication., Planned corrective actions to be discussed in the upcoming September state committee meeting.