കുഞ്ഞാലി വധം: ആര്യാടന്റെ പേരിലുള്ള പുരസ്‌കാരം വാങ്ങാൻ കെ.എൻ. രവീന്ദ്രനാഥിന് സി.പി.എം. വിലക്ക്

കൊച്ചി: ഐ.എൻ.ടി.യു.സി. നേതാവും കോൺഗ്രസിന്റെ മുതിർന്ന പ്രവർത്തകനുമായിരുന്ന മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ സ്മരണാർഥമുള്ള പുരസ്‌കാരം വാങ്ങുന്നതിൽ നിന്ന് സി.ഐ.ടി.യു. നേതാവ് കെ.എൻ. രവീന്ദ്രനാഥിനെ സി.പി.എം. വിലക്കി. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും പുരസ്‌കാരം സ്വീകരിക്കാൻ എത്താമെന്ന് രവീന്ദ്രനാഥ് സമ്മതിച്ചിരുന്നതായി ചടങ്ങ് ഒരുക്കിയ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു.
പുരസ്‌കാരം പ്രഖ്യാപിച്ച വാർത്ത പാർട്ടി മുഖപത്രത്തിലടക്കം വന്നിരുന്നു. സംഘാടകർ പരിപാടിയുമായി മുന്നോട്ടുപോവുകയും പ്രശസ്തിപത്രംവരെ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ആര്യാടന്റെ പേരിലുള്ള പുരസ്‌കാരം രവീന്ദ്രനാഥ് വാങ്ങുന്നതിന് സി.പി.എം. എതിരായിരുന്നു. വാർത്ത അറിഞ്ഞ പാർട്ടി പ്രാദേശികനേതൃത്വം ഇടപെട്ട് രവീന്ദ്രനാഥിനെ വിലക്കുകയായിരുന്നു. രവീന്ദ്രനാഥ് പുരസ്‌കാരം വാങ്ങാൻ എത്തില്ലെന്ന വിവരം സി.പി.എം. ലോക്കൽ സെക്രട്ടറി വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു.
പാർട്ടി രക്തസാക്ഷി കെ. കുഞ്ഞാലി എം.എൽ.എ. വധക്കേസിലെ ഒന്നാം പ്രതിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ പേരിലുള്ള പുരസ്‌കാരം പാർട്ടിനേതാവ് വാങ്ങുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാണ് സി.പി.എം. വിലക്ക് ഏർപ്പെടുത്തിയതെന്നാണ് പറയുന്നത്. അതേസമയം, ആര്യാടൻ മുഹമ്മദ് ആദ്യമായി കേരളത്തിലെ മന്ത്രിയാവുന്നത് മാർക്‌സിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ മന്ത്രിസഭയിലാണ്. 1980-ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം വകുപ്പുകളുടെ മന്ത്രിയായിരുന്നു ആര്യാടൻ. അന്നൊന്നുമില്ലാത്ത വിലക്ക് ഇപ്പോൾ എങ്ങനെ ഉണ്ടായിയെന്നാണ് സംഘാടകരുടെ സംശയം. ചൊവ്വാഴ്ച സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്‌കാരം നൽകുമെന്നാണ് പറഞ്ഞിരുന്നത്. രവീന്ദ്രനാഥ് വരാത്ത സാഹചര്യത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന അനുസ്മരണ ചടങ്ങിൽ സ്പീക്കറും പങ്കെടുത്തില്ല.
ശാരീരിക ബുദ്ധിമുട്ടുകൊണ്ടാണ് വരാൻ സാധിക്കാതിരുന്നതെങ്കിൽ അദ്ദേഹത്തിന്റെ വസതിയിൽചെന്ന് പുരസ്‌കാരം സമർപ്പിക്കാനും തങ്ങൾ ഒരുക്കമായിരുന്നുവെന്ന് മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ട്രസ്റ്റ് സെക്രട്ടറി സലിം പുന്നിലത്ത് മാതൃഭൂമിയോട് പറഞ്ഞു.
അതേസമയം, പുരസ്‌കാരം സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സംഘാടകരെ നേരത്തേ അറിയിച്ചിരുന്നതായി രവീന്ദ്രനാഥിന്റെ മകൻ കെ. മധു പറഞ്ഞു.
കുഞ്ഞാലി വധം
1969 ജൂലായ് 26-നാണ് നിലമ്പൂർ ചുള്ളിയാട് രാഷ്ട്രീയ സംഘർഷത്തിൽ മാർക്‌സിസ്റ്റ് എം.എൽ.എ. യായിരുന്ന കുഞ്ഞാലിക്ക് വെടിയേൽക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ അദ്ദേഹം മരിച്ചു. തൊട്ടടുത്തുള്ള കോൺഗ്രസ് ഓഫീസിൽനിന്ന് വെടിവെച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അവിടെയുണ്ടായിരുന്ന ആര്യാടൻ മുഹമ്മദിനെ ഒന്നാം പ്രതിയാക്കി പോലീസ് 25 പ്രതികളെ അറസ്റ്റ് ചെയ്തു.
കുഞ്ഞാലിക്കേസിൽ ആര്യാടനെ പിന്നീട് കോടതി കുറ്റവിമുക്തനാക്കി. താൻ കുഞ്ഞാലിയെ വെടിവെച്ചിട്ടില്ലെന്നും വ്യക്തിവൈരാഗ്യംമൂലം ചുള്ളിയാട്ടെ പത്തായത്തിങ്കൽ ഗോപാലൻ എന്നയാളാണ് കുഞ്ഞാലിയെ വെടിവെച്ചതെന്നും ആര്യാടൻ മുഹമ്മദ് പിന്നീട് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Content Highlights: CPM prevented CITU leader KN Raveendranath from accepting the Aryadan Muhammad memorial award., The ban was reportedly due to Aryadan being the prime accused in the 1969 Kunjali murder case., Organizers stated Raveendranath had initially agreed to attend the event., Speaker Thiruvanchoor Radhakrishnan skipped the event as the recipient failed to turn up.