താമരശ്ശേരി ചുരം: കോൺഗ്രസ് എംഎൽഎമാരുടെ സമരം രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് സിപിഎം

കല്പറ്റ(വയനാട്): താമരശ്ശേരി ചുരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയലക്ഷ്യംവച്ചുള്ള പ്രചാരണമാണ് ജില്ലയിലെ കോൺഗ്രസ് എംഎൽമാരായ ടി. സിദ്ദിഖും ഐ.സി. ബാലകൃഷ്ണനും നടത്തുന്നതെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ. റഫീഖ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
സംസ്ഥാനസർക്കാർ വയനാടിന്റെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായ നിലപാടാണ് സ്വീകരിക്കുന്നത്. ഒന്നാം പിണറായിസർക്കാരിന്റെ കാലത്താണ് ചുരത്തിന്റെ രണ്ടുമുതൽ അഞ്ചുവരെയുള്ള വളവുകൾ വീതികൂട്ടി നവീകരിച്ചത്. ആറ്, ഏഴ്, എട്ട് വളവുകൾ നവീകരിക്കാൻ 37 കോടി രൂപയുടെ പ്രവൃത്തിയും തുടങ്ങി.
ചുരം വികസനപദ്ധതികളിൽ അടിസ്ഥാനധാരണയോ താത്പര്യമോ സിദ്ദിഖിനില്ല. സർക്കാരിനെ കുറ്റപ്പെടുത്തി വൈകാരിക ഷോ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. തുരങ്കപാത നിർമാണം ദ്രുതഗതിയിൽ നടക്കുകയാണ്. മൂന്നുപതിറ്റാണ്ടായി മുടങ്ങിക്കിടന്ന പടിഞ്ഞാറത്തറപൂഴിത്തോട് പാത എൽഡിഎഫ് സർക്കാർ പുനരംഭിച്ചു. ഒന്നരക്കോടി രൂപ അനുവദിച്ച് സർവേ നടത്തി തയ്യാറാക്കിയ അലൈൻമെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി. ഡിപിആർ തയ്യാറാക്കുകയാണ്. ചുരം ബൈപ്പാസിന്റെ ടെൻഡറിന് കേന്ദ്ര ഉപരിതലമന്ത്രാലയം അനുമതിനൽകി. ദേശീയപാത മലാപ്പറമ്പുമുതൽ മുത്തങ്ങവരെ ഒറ്ററീച്ചായി നാലുവരിയാക്കാനുള്ള പദ്ധതിയായി.
1994-ൽ പൂഴിത്തോട് ബദൽപ്പാതയ്ക്ക് തറക്കല്ലിട്ടതാണ്. അതുകഴിഞ്ഞ് കേരളും കേന്ദ്രവും ഒരേസമയം കോൺഗ്രസ് ദീർഘനാൾ ഭരിച്ചു. ഈ സർക്കാരുകൾ പാത യാഥാർഥ്യമാക്കാൻ ഒരുനടപടിയും എടുത്തില്ല. ബദൽപ്പാതയുമായി ബന്ധപ്പെട്ട് ഒന്നുംചെയ്യാൻ കോൺഗ്രസ് സർക്കാരുകൾ തയ്യാറായിട്ടില്ല. താമരശ്ശേരി ചുരം വീതികൂട്ടിയില്ല. എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിൽ ചുരം നവീകരണവും ബദൽപ്പാതകളും യാഥാർഥ്യമാകുമെന്ന് വന്നപ്പോഴാണ് സമരവുമായി എംഎൽഎമാർ രംഗത്തുവന്നത്. സംസ്ഥാനസർക്കാർ വയനാടിനെ ചേർത്തുനിർത്തി നടപടികൾ സ്വീകരിക്കുന്‌പോൾ അതിനെ മോശമായി ചിത്രീകരിക്കുകയാണ് കോൺഗ്രസ് എംഎൽഎമാർ. ഇത് ഉത്തരവാദപ്പെട്ട ജനപ്രതിനിധികൾക്ക് ചേർന്നതല്ല. കോഴിക്കോട്കൊല്ലഗൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം നീക്കുമെന്നായിരുന്നു ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാഗാന്ധി എംപിയുടെ വാഗ്ദാനം. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഇക്കാര്യം പറഞ്ഞു. ഇതിന് നേർവിപരീതമായ നടപടികളാണ് കോൺഗ്രസ് ഭരിക്കുന്ന കർണാടകസർക്കാരിന്റേത്. ഇക്കാര്യത്തിലും കോൺഗ്രസ് നേതാക്കളും എംഎൽഎമാരും മറുപടിപറയണമെന്ന് റഫീഖ് ആവശ്യപ്പെട്ടു.
'ദുരന്തബാധിതരുടെ പേരിൽ കോൺഗ്രസ് പിരിച്ച പണത്തിന് മറുപടിപറയണം'
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം ഒന്നരവർഷം എന്തുചെയ്തുവെന്ന് കോൺഗ്രസ് ജനങ്ങളോട് പറയണമെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ. റഫീഖ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എത്രപണം പിരിച്ചു എന്നെങ്കിലും പറയണം. ഇതുപറയാൻ എന്താണ് തടസ്സം. ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം ഒന്നരവർഷം എന്തുചെയ്തുവെന്ന് വിശദീകരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകണം. പണം ദുരുപയോഗംചെയ്യുകയാണ്.
ദുരന്തപുനരധിവാസത്തിനുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിശേഖരണത്തിനെതിരേ പ്രവർത്തിച്ചാണ് കോൺഗ്രസ് പണം പിരിച്ചത്. വയനാടിന്റെ എംപി പ്രിയങ്കാഗാന്ധി ഒരുപൈസപോലും നൽകിയില്ല. കോൺഗ്രസ് അനുകൂലസംഘടനകളെല്ലാം ദുരിതാശ്വാസനിധിക്കെതിരേ നിലപാടെടുത്തു. എന്നിട്ടാണ് സർക്കാർ ടൗൺഷിപ്പിനുമേൽ അവകാശവാദം ഉന്നയിക്കുന്നത്. ടി. സിദ്ദിഖ് എംഎൽഎ ഇപ്പോൾ പറയുന്നത് ഒരുമാസത്തെ ശമ്പളംകൊടുത്തുവെന്നാണ്. എന്നാൽ, എപ്പോഴാണ് കൊടുത്തത്, ആർക്കാണ് കൊടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. ഡിസംബറിൽ കോൺഗ്രസ് ഭവനനിർമാണപദ്ധതിയുടെ തുടക്കംകുറിക്കുമെന്നാണ് എംഎൽഎ പറഞ്ഞത്. തിരഞ്ഞെടുപ്പിന് ജനങ്ങളെ കബളിപ്പിക്കാനായിരുന്നു ഈ നുണ. ആഗ്രഹമായിരുന്നു പറഞ്ഞതെന്നാണ് ഇപ്പോൾ വിശദീകരണം. ആഗ്രഹംപറയാൻ ഇത് ഏതെങ്കിലും കോൺഗ്രസിന്റെ ഫണ്ടിൽനിന്നോ ഏതെങ്കിലും നേതാവിന്റെ പണമെടുത്തോ ചെയ്യുന്നതല്ല. ജനങ്ങളുടെ കൈയിൽനിന്ന് പിരിച്ച പണമെടുത്ത് ചെയ്യാനാണ് പറയുന്നത്. ഡിസംബർ 10 -ന് പറഞ്ഞത് 'ഭൂമിയുടെ ലീഗൽ ഫോർമാലിറ്റീസ്' എല്ലാംകഴിഞ്ഞുവെന്നാണ്. നിർവഹണ ഏജൻസിയുമായുള്ള ചർച്ചമാത്രമേ ബാക്കിയുള്ളൂവെന്നാണ്. ഇത്രയുംദിവസമായിട്ടും ഏജൻസിയെ കിട്ടിയില്ലേ. ആവശ്യമെങ്കിൽ നിർവഹണ ഏജൻസിയെ കാണിച്ചുകൊടുക്കാം. ദുരന്തബാധിതരെയും തിരഞ്ഞെടുപ്പുഘട്ടത്തിൽ ജനങ്ങളെയും പറ്റിക്കുകയാണ് എംഎൽഎ ചെയ്തതെന്നും റഫീഖ് ആരോപിച്ചു.
Content Highlights: CPM district secretary K. Rafeeq accuses Congress MLAs T. Sidique and I.C. Balakrishnan of misleading the public on Thamarassery pass development and fundraising for disaster relief.