കേസിന് പിന്നില്‍ രാഷ്ട്രീയ അജണ്ട,മുഖ്യമന്ത്രിയോ സര്‍ക്കാരോ സഹായം നല്‍കിയിട്ടില്ല- എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കുറ്റപത്രം സമര്‍പ്പിച്ച നടപടി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
എസ്എഫ്‌ഐഒ അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ജൂലായില്‍ വാദം കേള്‍ക്കാനിരിക്കെ എസ്എഫ്‌ഐഒ ഇങ്ങനെ ഒരു നാടകം നടത്തിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയാണെന്ന് പാര്‍ട്ടി സെക്രട്ടറി ആരോപിച്ചു.
മുഖ്യമന്ത്രിയോ സര്‍ക്കാരോ സിഎംആര്‍എല്‍-എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട് ഒരു സഹായവും നല്‍കിയിട്ടില്ലെന്നും ഇതില്‍ സര്‍ക്കാര്‍ അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അഴിമതി നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ കേസില്‍ മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്നതിന് ഒരു തെളിവുമില്ലെന്നാണ് മൂന്ന് വിജിലന്‍സ് കോടതികളും പറഞ്ഞിട്ടുള്ളത്. പിന്നീട് ഹൈക്കോടതിയും പറഞ്ഞതും മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന് തന്നെയാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് സിഎംആര്‍എല്‍ കേസില്‍ ടി.വീണ ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ത്ത് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചത്. വീണയും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയും 2.7 കോടിരൂപ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലുള്ളത്. വിചാരണയ്ക്ക് കേന്ദ്ര കമ്പനികാര്യമന്ത്രാലയം അനുമതിനല്‍കിയിട്ടുണ്ട്.
ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിലും ഇതിനുശേഷംനടന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീര്‍പ്പിലും 1.72 കോടിരൂപ വീണയും കമ്പനിയും സേവനം നല്‍കാതെ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. വീണയ്ക്കും കമ്പനിക്കും രാഷ്ട്രീയനേതാക്കള്‍ക്കുമെല്ലാം ഇത്തരത്തില്‍ പണം നല്‍കിയതടക്കം, സ്വകാര്യ കരിമണല്‍ക്കമ്പനിയായ സിഎംആര്‍എല്‍ 197.7 കോടിയുടെ വെട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
Content Highlights: cpim mv govindan against sfio chargesheet