എൻഇപി വിദ്യാഭ്യാസമേഖലയ്ക്ക് ആപത്ത്, പ്രോത്സാഹിപ്പിക്കാനാവില്ല; വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഡി. രാജ

സിപിഐ ജനറൽ സെക്രട്ടറിഡി. രാജയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും
സിപിഐ ജനറൽ സെക്രട്ടറിഡി. രാജയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും

 ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയത്തോട് (എൻഇപി) യോജിക്കാനാവില്ലെന്നും നയം വിദ്യാഭ്യാസ മേഖലയ്ക്ക് ആപത്താണെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ. എൻഇപിയെന്നത് ബിജെപി സർക്കാരിന്റെ വളരെ പിന്തിരിപ്പനും അപകടം നിറഞ്ഞതുമായ നയമാണ്. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനും കേന്ദ്രീയവത്കരിക്കാനും വർഗീയവത്കരിക്കാനുമാണ് അത് പ്രോത്സാഹിപ്പിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനെക്കണ്ട് പാർട്ടി നിലപാട് ആവർത്തിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയവിദ്യാഭ്യാസ നയവുമായും (എൻഇപി) പിഎംശ്രീ ധാരണാപത്രം ഒപ്പിട്ടതുമായും ബന്ധപ്പെട്ട വിഷയങ്ങളാണ് സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായതെന്ന് അദ്ദേഹം പറഞ്ഞു. നയത്തോട് യോജിക്കാനാവില്ലെന്നതാണ് സിപിഐയുടെ നിലപാട്. വിദ്യാഭ്യാസത്തെ വാണിജ്യവത്കരിക്കാനും വർഗീയവത്കരിക്കാനും കേന്ദ്രീയവത്കരിക്കാനുമാണ് അത് പ്രോത്സാഹിപ്പിക്കുന്നതെന്നതിനാൽ തുടക്കംമുതലേ സിപിഐ അതിനെ എതിർക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള സമ്മർദത്തിനും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാണ്. പിഎംശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതിൽ പാർട്ടിയുടെ നിലപാട് മുഖ്യമന്ത്രിയെ ബിനോയ് വിശ്വം അറിയിച്ചിട്ടുണ്ട്. ധാരണാപത്രം ഒപ്പിട്ടത് മരവിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസമെന്നത് കൺകറന്റ് ലിസ്റ്റിൽപ്പെട്ടതാണ്. എൻഇപിയിലൂടെ കേന്ദ്രം അത് കേന്ദ്രീയവത്കരിക്കാനുള്ള നീക്കം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

  

Content Highlights: CPI General Secretary D. Raja criticizes NEP as regressive