നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ സിപിഐ പുറത്താക്കി

കോട്ടയം: നാട്ടിക എംഎൽഎ സി.സി. മുകുന്ദനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. നിരന്തരമായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ നടപടി. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ മുകുന്ദനുമായി ബന്ധപ്പെട്ട വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. മണ്ഡലം കമ്മറ്റിയോട് വിഷയത്തിൽ തീരുമാനം എടുക്കാൻ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി നിർദേശിച്ചിരുന്നു.
നാട്ടിക നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എയായ സി.സി. മുകുന്ദന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് പാർട്ടിയുമായി അകന്നത്. രണ്ടാമതൊരു അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സി.സി മുകുന്ദൻ ഉന്നയിച്ചത്. മുൻ എം.എൽ.എ ഗീതാ ഗോപിക്ക് സീറ്റ് നൽകിയത് 'പെയ്‌മെന്റ് സീറ്റ്' ആണെന്ന സംശയം തനിക്കുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണ് സ്വാധീനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും മുകുന്ദൻ പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സി.സി. മുകുന്ദന്റെ പരസ്യ പ്രതികരണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുകുന്ദനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുന്നത്.
Content Highlights: CPI has officially expelled Nattika MLA CC Mukundan following repeated anti-party activities and public allegations.