എൽഡിഎഫ് ജാഥകൾ വേണ്ടത്ര ഓളമുണ്ടാക്കിയില്ലെന്ന് സിപിഐ; ഒറ്റ ജാഥ മതിയായിരുന്നെന്ന് വിലയിരുത്തൽ

#സ്വന്തം ലേഖകൻ
പിണറായി വിജയന്‍, ബിനോയ് വിശ്വം, എം. സ്വരാജ് എന്നിവര്‍ വികസന മുന്നേറ്റ ജാഥയില്‍ | ഫോട്ടോ: പ്രജ്വൽ സുരേഷ്/ മാതൃഭൂമി
പിണറായി വിജയന്‍, ബിനോയ് വിശ്വം, എം. സ്വരാജ് എന്നിവര്‍ വികസന മുന്നേറ്റ ജാഥയില്‍ | ഫോട്ടോ: പ്രജ്വൽ സുരേഷ്/ മാതൃഭൂമി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച എൽ.ഡി.എഫ്. മേഖലാജാഥകൾക്ക് പ്രതീക്ഷിച്ചത്ര ആവേശമുണ്ടാക്കാൻ സാധിച്ചില്ലെന്ന് സി.പി.ഐ.യുടെ വിലയിരുത്തൽ. വേണ്ടത്ര ഓളമുണ്ടാക്കിയില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ ക്ഷീണം സംഘടനാപരമായും രാഷ്ട്രീയമായും മറികടക്കാൻ സാധിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്ച ചേർന്ന സംസ്ഥാന എക്സിക്യുട്ടീവ് യോഗം വിലയിരുത്തി.

ഇടതുമുന്നണിപ്രവർത്തകരുടെ ആത്മവിശ്വാസവും വീണ്ടെടുക്കാനായി. വൻതോതിലുള്ള ജനക്കൂട്ടവും ജാഥാസ്വീകരണങ്ങളിലുണ്ടായിരുന്നു. എന്നാൽ, പ്രതീക്ഷിച്ചത്ര തരംഗം സൃഷ്ടിക്കാനായില്ല. മൂന്നുമേഖലകളായി തിരിഞ്ഞുള്ള ജാഥകൾ വേണ്ടിയിരുന്നില്ല. ഒറ്റ ജാഥയായി നടത്തിയിരുന്നെങ്കിൽ കൂടുതൽ ആവേശമുണർത്താൻ സാധിക്കുമായിരുന്നു.

തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയം സംബന്ധിച്ച വിശദചർച്ച നടന്നില്ല. എന്നാൽ, നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ വിജയമാണ് മുഖ്യമാനദണ്ഡമായി പാർട്ടി പരിഗണിക്കുകയെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം യോഗത്തിൽ വ്യക്തമാക്കി. ഇതുവഴി ടേം വ്യവസ്ഥകളിലോ വനിത, യുവത്വം തുടങ്ങിയ പരിഗണനകൾക്കോ മുൻതൂക്കം നൽകില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Content Highlights: CPI analyzes LDF regional rallies for upcoming assembly elections, finding they didn`t generate expected enthusiasm but helped overcome local poll setbacks