ഇടത് ഐക്യവും കമ്യൂണിസ്റ്റ് ഐക്യവും ശക്തിപ്പെടണം, ഇത് രാജ്യം അനിവാര്യമായി ആഗ്രഹിക്കുന്നു - ഡി. രാജ

സിപിഐയുടെ 25-ാം പാർട്ടി കോൺഗ്രസ് ചണ്ഡീഗഢിൽ ഞായറാഴ്ച തുടങ്ങുന്നു. പാർട്ടി രൂപവത്‌കരണത്തിന്റെ ശതാബ്ദിവർഷത്തിൽ സിപിഐ പാർട്ടി കോൺഗ്രസിന് നേതൃത്വം നൽകുകയെന്ന ചരിത്രനിയോഗം ജനകീയമുഖമായ ജനറൽ സെക്രട്ടറി ഡി. രാജയ്ക്കാണ്. ഇന്ത്യയുടെ ഇന്നത്തെ സങ്കീർണരാഷ്ട്രീയസ്ഥിതിയിൽ, തത്ത്വാധിഷ്ഠിതമായ കമ്യൂണിസ്റ്റ് പുനരേകീകരണം അനിവാര്യമാണെന്ന് രാജ പറയുന്നു. മറ്റ് കമ്യൂണിസ്റ്റ് പാർട്ടികൾ ഇതേപ്പറ്റി എന്ത് നിലപാടെടുത്താലും സിപിഐയുടേത് ഇക്കാര്യത്തിൽ സുസ്ഥിരനിലപാടാണെന്ന് രാജ. കേരളത്തിൽ ഇടതിന് മൂന്നാം തുടർഭരണ സാധ്യതയുണ്ടെന്നും രാജ പറഞ്ഞു. പാർട്ടി കോൺഗ്രസിന് മുന്നോടിയായി രാജ മാതൃഭൂമി പ്രതിനിധി സി.പി. ശ്രീഹർഷനോട് സംസാരിക്കുന്നു
കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷവേളയിലാണ് പാർട്ടി കോൺഗ്രസും. എങ്ങനെ കാണുന്നു
സിപിഐയുടെ നൂറുവർഷമെന്നത് ഒട്ടേറെ സഹനസമരങ്ങളുടെയും അങ്ങേയറ്റത്തെ ത്യാഗങ്ങളുടെയും ചരിത്രമാണ്. പൂർണസ്വരാജിനായി ആദ്യം മുദ്രാവാക്യമുയർത്തിയത് ഞങ്ങളുടെ പാർട്ടിയാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാനാകും. കൊളോണിയൽ ഭരണം അവസാനിക്കാൻ ജനങ്ങളെയാകെ സമരമുഖങ്ങളിലണിനിരത്താൻ ശ്രമിച്ച പാർട്ടിയാണ് ഞങ്ങളുടേത്. ബ്രിട്ടീഷ്, ഫ്രഞ്ച്, പോർച്ചുഗൽ സാമ്രാജ്യത്വങ്ങൾക്കെതിരേ പോരാടി. പാർട്ടിയുടെ മഹത്തായ സമരപോരാട്ടങ്ങളുടെകൂടി ഫലമാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്ന സ്വാതന്ത്ര്യം. ആർഎസ്എസും ഇതേസമയത്ത് രൂപവത്‌കരിക്കപ്പെട്ടതാണ്. പക്ഷേ, ആർഎസ്എസിന് സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമുണ്ടായിട്ടില്ല. എന്നിട്ടാണിപ്പോൾ അവർ ദേശീയതയെപ്പറ്റിയും ദേശഭക്തിയെപ്പറ്റിയും വാചാലരാവുന്നത്. നേരേമറിച്ച്, എത്ര ഗൂഢാലോചനക്കേസുകളാണ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേയുണ്ടായത്? കാൻപുർ, മീററ്റ്, പെഷാവർ, ലഹോർ എന്നിങ്ങനെ. രാജ്യദ്രോഹവും ഗൂഢാലോചനയുമെല്ലാം ഇന്ന് ആളുകൾക്കുനേരേ പ്രയോഗിക്കപ്പെടുമ്പോൾ നമ്മൾ ഇതെല്ലാം അന്നനുഭവിച്ചവരാണ്. നമ്മുടെ നേതാക്കളെല്ലാം അറസ്റ്റിലായി. ഇന്ത്യൻ കമ്യൂണിസ്റ്റുകൾ അനുഭവിച്ച ത്യാഗങ്ങളെ പരാമർശിക്കാതെ ആർക്കും ഇന്ത്യയുടെ ചരിത്രം രചിക്കാനാവില്ല.
പാർട്ടിയുടെ ശതാബ്ദിവർഷത്തിൽ ജനറൽ സെക്രട്ടറിയായിരിക്കാൻ കഴിഞ്ഞല്ലോ
അതെ, അതൊരു ചരിത്രപരമായ യാദൃച്ഛികതയാണ്. ഈ ഘട്ടത്തിൽ ഇത്രയും വിപ്ലവകരമായ ചരിത്രമുള്ള പാർട്ടിയെ നയിക്കാനായതിൽ ഞാനേറെ സന്തോഷിക്കുന്നു.
ഇത്തവണത്തെ പാർട്ടി കോൺഗ്രസിൽ പ്രധാനമായും ചർച്ചചെയ്യുന്നത് എന്താകും
അന്താരാഷ്ട്രതലത്തിൽ സ്ഥിതിഗതികൾ സങ്കീർണമാണ്. ഇസ്രയേൽ ഗാസയിൽ നടത്തുന്ന കടന്നാക്രമണം, ട്രംപിന്റെ തീരുവയുദ്ധം എന്നിങ്ങനെ. സാമ്രാജ്യത്വത്തിന്റെയും ലോകമുതലാളിത്തത്തിന്റെയും സ്വഭാവംതന്നെ മാറിമറിഞ്ഞിരിക്കുന്നു. നിർമിതബുദ്ധി എങ്ങനെ ഉത്‌പാദനപ്രക്രിയയെ സ്വാധീനിക്കുന്നു, അതെങ്ങനെ പുതിയ തൊഴിലാളിവർഗത്തെ സൃഷ്ടിക്കുന്നു എന്നിവയെല്ലാം ചർച്ചചെയ്യേണ്ടതുണ്ട്. മോദി ഇന്ത്യയെ ഒരു രാജ്യം, ഒരു മതം എന്നനിലയിലേക്ക് കൊണ്ടുപോവുകയാണ്. ഭരണഘടനയെ ഇല്ലാതാക്കി, പാർലമെന്റിനെ നോക്കുകുത്തിയാക്കി. ഇത്തരം നീക്കങ്ങളെ ചെറുക്കാൻ ഇടത് ഐക്യവും കമ്യൂണിസ്റ്റ് ഐക്യവും ശക്തിപ്പെടണം. ഇത് രാജ്യം അനിവാര്യമായി ആഗ്രഹിക്കുന്നു. പക്ഷേ, അതിന് പ്രതിബന്ധങ്ങളുണ്ട്.
ആർഎസ്എസിനും ശതാബ്ദിവർഷമാണ്. അവരിന്ന് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്നു. എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടി ഇന്ന് ശോഷിച്ചുപോയിരിക്കുന്നു. എന്തുകൊണ്ടാണിത്
ആർഎസ്എസ് വർഗീയ ഫാസിസ്റ്റ് സംഘടനയാണ്. ബിജെപി അതിന്റെ രാഷ്ട്രീയഘടകവും. അവർ ഇന്ത്യയെ മതരാഷ്ട്രമാക്കാനും ഭരണകൂടത്തെ ഫാസിസ്റ്റ് വത്‌കരിക്കാനും ശ്രമിക്കുന്നു. ഇവരെയെങ്ങനെ പരാജയപ്പെടുത്താമെന്ന് ചിന്തിക്കുമ്പോഴാണ് എല്ലാ മതേതര, ജനാധിപത്യ ശക്തികളും ഒരുമിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ബോധ്യമാകുന്നത്. ഈ പ്രക്രിയയിൽ ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് ശക്തികളുടെയും ഐക്യം പരമപ്രധാനമാണ്.
കമ്യൂണിസ്റ്റ് പുനരേകീകരണത്തെപ്പറ്റി സിപിഐ പറയുമ്പോൾ സിപിഎം ഗൗനിക്കാറില്ലല്ലോ? അതുപോലെ ഫാസിസ്റ്റ് സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് നിങ്ങൾ തറപ്പിച്ചുപറയുമ്പോൾ നവഫാസിസ്റ്റ് പ്രവണതകൾ പ്രകടമാക്കുന്ന സർക്കാരെന്നാണ് അവർ പറയുന്നത്
അതിന് വിശദീകരണം നൽകേണ്ടത് സിപിഎം നേതൃത്വമാണ്. ആർഎസ്എസ് നിർദേശിക്കുന്ന വർഗീയ ഫാസിസ്റ്റ് അജൻഡ ബിജെപി നടപ്പാക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് കമ്യൂണിസ്റ്റ് പുനരേകീകരണത്തിനായി സിപിഐ വാദിക്കുന്നത്. തത്ത്വാധിഷ്ഠിത പുനരേകീകരണമുണ്ടാവണം. ഇടത് ഐക്യവും ശക്തിപ്പെടണം. ഇത് ഞങ്ങളുടെ സുസ്ഥിരനിലപാടാണ്. മറ്റുപാർട്ടികൾ എങ്ങനെ ഇതിനെയെടുക്കുന്നുവെന്നത് അവരുടെ വിഷയമാണ്. ഞാൻ എന്റെ പാർട്ടിയുടെ നിലപാടാണ് പറഞ്ഞത്. ഈ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോഴാണ് പാർലമെന്ററിരംഗത്തെ പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും സാന്നിധ്യം ചർച്ചയാവുന്നത്. പാർലമെന്റിലും നിയമസഭകളിലും ഇടതുപക്ഷ അംഗങ്ങളുടെ സാന്നിധ്യം ശക്തിപ്പെടണം. അതില്ലാത്തത് ഗൗരവമായി കാണണം. ഈ ന്യൂനതയെ മറികടക്കുന്നതിനായി ജനങ്ങളുമായുള്ള ബന്ധം പൂർവാധികം ശക്തിപ്പെടുത്തുന്നതിനും വർഗ, ബഹുജന പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുന്നതിനും ഞങ്ങളുടെ പാർട്ടി കൂടുതൽ ഊന്നൽനൽകും.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് ബഹുഭൂരിപക്ഷവും തൊഴിലാളിവർഗവും അടിച്ചമർത്തപ്പെട്ടവരുമായ ജനവിഭാഗങ്ങളാണ്. എന്നിട്ടും കമ്യൂണിസ്റ്റ് പാർട്ടികൾക്ക് വേരോട്ടമുണ്ടാക്കാനാവുന്നില്ല, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ
അതും ഗൗരവമുള്ള വിഷയമാണ്. എങ്ങനെ ഉത്തരേന്ത്യയിലടക്കം പാർട്ടീസ്വാധീനം വർധിപ്പിക്കുകയെന്നത് ചർച്ചചെയ്യേണ്ടതുണ്ട്. ബിഹാറിലും യുപിയിലുമെല്ലാം ഒരുകാലത്ത് പാർട്ടിക്ക് ശക്തമായ അടിത്തറയുണ്ടായിരുന്നു. പട്‌നയിലും ഫൈസാബാദിലും വാരാണസിയിലും ബോംബെ സിറ്റിയിലും എല്ലാം ഞങ്ങൾ വിജയിച്ചിരുന്നതാണ്. എങ്ങനെ ഇവിടങ്ങളിലെല്ലാം പുറകോട്ടുപോയെന്നും ശക്തി തിരിച്ചുപിടിക്കാമെന്നുമാണ് ചണ്ഡീഗഢ് പാർട്ടി കോൺഗ്രസ് ചർച്ചചെയ്യുന്നത്. ബിഹാറിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു, അടുത്തവർഷം കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. ഇവിടങ്ങളിലെല്ലാം നേട്ടമുണ്ടാക്കുന്നതിനെപ്പറ്റി ചർച്ചചെയ്യും.
കേരളത്തിൽ മാത്രമാണ് ഇടതുഭരണം നിലവിലുള്ളത്. സർക്കാരിനെതിരേ ആരോപണവിവാദങ്ങൾ ധാരാളമുണ്ട്. മൂന്നാം തുടർഭരണം പ്രതീക്ഷിക്കുന്നുണ്ടോ
അതിൽ ഞങ്ങൾക്ക് അങ്ങേയറ്റത്തെ പ്രതീക്ഷയുണ്ട്. ഞാൻ ഈയിടെ കേരളത്തിലുണ്ടായിരുന്നു. എൽഡിഎഫിന് അധികാരത്തിൽ തുടരാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് എനിക്ക് മനസ്സിലാക്കാനായത്. പക്ഷേ, അതുകൊണ്ടുമാത്രം അനങ്ങാതിരുന്നുകൂടാ. കൂടുതൽ ജനങ്ങളിലേക്കിറങ്ങേണ്ടതുണ്ട്. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തണം.
കേരളത്തിലെ ഇടതുസർക്കാർ ഇടതുപക്ഷനയത്തിൽനിന്ന് വ്യതിചലിക്കുന്നുവെന്ന വിമർശനം സിപിഐയുടെ കേരള സംസ്ഥാന സമ്മേളനത്തിൽ ശക്തിയായി ഉയർന്നിരുന്നു
അങ്ങനെയല്ല. പാർട്ടി സമ്മേളനങ്ങളിൽ അത്തരത്തിൽ രാഷ്ട്രീയസാഹചര്യങ്ങളും അവയുടെ പ്രതിഫലനങ്ങളുമെല്ലാം ഗൗരവത്തിൽ ചർച്ചചെയ്യപ്പെടും. സംസ്ഥാനസമ്മേളനങ്ങളിലെല്ലാം അത്തരം ചർച്ചകൾ സ്വാഭാവികമാണ്. ജനങ്ങൾ ഏതെല്ലാം വിഷയങ്ങളിൽ സമരമുഖത്താണ്, എന്തൊക്കെയാണ് വിഷയങ്ങൾ എന്നിവയെല്ലാം സ്വാഭാവികമായി ചർച്ചചെയ്യപ്പെടും. കേരളത്തിലും അതുതന്നെയാണ് നടന്നത്.
കേരളസർക്കാരിന്റെ പോലീസ് നയത്തെപ്പറ്റി വിവാദമുയർന്നിട്ടുണ്ടല്ലോ
ഇല്ല, അതേപ്പറ്റിയൊന്നും ഇപ്പോൾ ചർച്ചവേണ്ട.
സിപിഐക്കകത്ത് കേരളത്തിൽ തർക്കങ്ങളുണ്ടല്ലോ, കെ.ഇ. ഇസ്മായിലിനെപ്പോലെ മുതിർന്ന നേതാവ് പുറത്താണ്
ഇല്ല, അതേപ്പറ്റിയൊന്നും ചർച്ചചെയ്യേണ്ടതില്ല. ഇവിടെ സന്തോഷുണ്ട് (പി. സന്തോഷ് കുമാർ എംപി), നിങ്ങൾ അദ്ദേഹത്തോട് സംസാരിക്കൂ.
പാർട്ടി കോൺഗ്രസിൽ 75 വയസ്സ് പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമോ
അതൊക്കെ പാർട്ടി കോൺഗ്രസിൽ ചർച്ചചെയ്ത് തീരുമാനിക്കേണ്ടതാണ്.
Content Highlights: CPI General Secretary discusses the party`s centenary, challenges faced, and future plans