‘ബസ്സിന് പണമില്ലാത്ത സ്ത്രീ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുന്നു’; വിവാദപരാമർശവുമായി സിപി ജോൺ

പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യയാത്രാ പദ്ധതിയിൽ വിവാദ പരാമർശവുമായി ഗതാഗതമന്ത്രി സിപി ജോൺ. പൈസ ഇല്ലാത്ത ട്രാൻസ്‌പോർട്ട് ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുന്നു. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യസ്‌കൂളുകളിൽ ചേർക്കുന്നു. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകില്ല, പകരം സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവനയുണ്ടായിരിക്കുന്നത്.
'ബസ്സിന് പണമില്ലാത്ത സ്ത്രീ സ്വകാര്യ സ്‌കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്‌കൂളുകളിൽ ഇപ്പോഴും സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഫീസ് കൊടുക്കേണ്ടാത്ത സ്വകാര്യ സ്‌കൂളുകളിൽ പോലും വിടാതെയാണ് പൈസ കൊടുത്ത് സ്വകാര്യ സ്‌കൂളിലേക്ക് വിടുന്നത്. ആശുപത്രിയുടെ കാര്യം വന്നാൽ ഇതേ സ്ത്രീ തന്റെ അച്ഛനേയും ഭർത്താവിനെയും കൊണ്ട് സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുകയാണ്. പൊതുജനാരോഗ്യം, പൊതുഗതാഗതം, പൊതുവിദ്യാഭ്യാസം, കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ്. പ്രിയദർശിനി വന്നാൽ സ്ത്രീകൾ തിക്കി തിരക്കി പോകുന്നതിന്റെ കാരണം കുടുംബിനികളുടെ കൈയിൽ കാശില്ലെന്ന യാഥാർഥ്യമാണ് ഞങ്ങൾ പഠിക്കുന്നത്.'
'പ്രിയദർശിനി' ബസ് വിജയിക്കാൻ കാരണം കേരളത്തിലെ ദാരിദ്ര്യമാണ്. സ്ത്രീകളുടെ കൈവശം പണമില്ലാത്തതുകൊണ്ടാണ് പലരും 'പ്രിയദർശിനി'യെ ആശ്രയിക്കുന്നത്. - മന്ത്രിയുടെ വാക്കുകൾ.
സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാന സമ്മേളനം ഇന്നലെയാണ് പാലക്കാട് നടന്നത്. സ്വകാര്യബസ് മേഖലയുടെ തളർച്ചയ്ക്ക് കാരണം 'പ്രിയദർശിനി' പദ്ധതിയല്ലെന്നും ഇതുകൊണ്ടുമാത്രമാണ് അവർ പ്രതിസന്ധി നേരിടുന്നതെങ്കിൽ ചർച്ചചെയ്ത് പരിഹരിക്കാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് മന്ത്രി വിവാദത്തോട് പ്രതികരിച്ചു. പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. വർക്കിങ് ക്ലാസ്സിന്റെ ആഗ്രഹങ്ങൾ മനസ്സിലാക്കുന്നതിൽ താനടക്കമുള്ള രാഷ്ട്രീയ നേതൃത്വം പരാജയപ്പെട്ടുവെന്ന സ്വയം വിമർശനമാണ് താൻ നടത്തിയത്. സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണ്. അത് ഞങ്ങൾ കൊടുക്കുകയാണ് ചെയ്തത്. സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള പണമില്ലാത്തതുകൊണ്ടാണ് അവർ സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. കുട്ടികൾക്ക് എങ്കിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ വേണമെന്ന അഭിലാഷം അവർക്കുണ്ട്. അതുകൊണ്ടാണ് പൈസയുണ്ടാക്കി സ്വകാര്യ സ്‌കൂളുകളിലേക്ക് വിടുന്നത്. അതാണ് താനുദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനിയിൽ നിന്ന് സർക്കാർ ഒരിഞ്ച് പിന്മാറില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Minister CP John claims Priyadarshini scheme success reflects poverty in Kerala., Controversial comments made at the Private Bus Association state conference., Minister questions public preference for private schools and hospitals despite financial constraints., Government offers to discuss private bus sector challenges.