ചെറുവള്ളി എസ്റ്റേറ്റിൽ 12 ചെറുവള്ളി കുള്ളൻ പശുക്കൾ മിന്നലേറ്റ് ചത്തു

#സ്വന്തം ലേഖകന്‍
ചെറുവള്ളി എസ്‌റ്റേറ്റില്‍ പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയപ്പോള്‍
ചെറുവള്ളി എസ്‌റ്റേറ്റില്‍ പശുക്കളെ ചത്തനിലയില്‍ കണ്ടെത്തിയപ്പോള്‍

എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ 'ചെറുവള്ളി കുള്ളൻ ' എന്നറിയപ്പെടുന്ന നാടൻ ഇനം 12 പശുക്കളെ എസ്റ്റേറ്റിൽ ചത്ത നിലയിൽ കണ്ടെത്തി. മിന്നലേറ്റ് മരിച്ചതെന്ന് പ്രാഥമിക നിഗമനം. എന്നാൽ എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കൈത കൃഷി സജീവമാണ്. കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്ന വളം മഴയിൽ സമീപ സ്ഥലത്തേക്കും നീർച്ചാലുകളിലേക്കും എത്താൻ സാധ്യത കൂടുതലാണെന്നും പശുക്കൾ ചത്തതിൽ, അത്തരം സാധ്യത പരിശോധിക്കണമെന്നും ആവശ്യം ഉണ്ട്. എസ്റ്റേറ്റിൽ ഒരു തൊഴിലാളിയുടെ മൂരിയും പശുവും കിടാക്കളും ഉൾപ്പെടെ എട്ടും, മറ്റു രണ്ട് തൊഴിലാളികളുടെ നാലു പശുക്കളുമാണ് ചത്തത്.
ബുധനാഴ്ച വൈകീട്ട് 5.30 -ഓടെ പ്രദേശത്ത് കനത്ത മഴയും മിന്നലുമായിരുന്നു. വിസ്തൃതമായ എസ്റ്റേറ്റിൽ ഉടമകൾ കറവയുള്ള പശുക്കളെയെ തൊഴുത്തിൽ കെട്ടിയിടാറുള്ളൂ. രാവിലെ പോകുന്നവ സന്ധ്യയോടെ തിരികെയെത്തും. എന്നാൽ ബുധനാഴ്ച വൈകീട്ടും തിരികെ എത്തിയില്ല. വ്യാഴാഴ്ച രാവിലെയാണ് ഇവയെ തോട്ടത്തിലെ തൊഴിലാളികൾ ചത്ത നിലയിൽ കണ്ടത്.
ചെറുവള്ളിക്കുള്ളൻ എന്നാണ് ഇവയുടെ വിളിപ്പേര്. പാൽ ഉദ്പാദനം അളവിൽ കുറവെങ്കിലും, ഔഷധ ഗുണം കൂടുതലുള്ളവയെന്നാണ് കണക്കാക്കുന്നത്. 

ഇവയുടെ പാലും, ചാണകവും, കിടാവുകളും വിൽപന നടത്തുന്നതുമൊക്കെയാണ് തൊഴിലാളികളുടെ വരുമാന മാർഗ്ഗം.
ജില്ലാ വെറ്ററിനറി ഡോക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെ പോസ്റ്റുമോർട്ടം നടത്തി. എസ്റ്റേറ്റിൽ യന്ത്ര സഹായത്തോടെ കുഴിയെടുത്തു ഇവയെ കുഴിച്ചിട്ടു. മിന്നലേറ്റതാണ് മരണ കാരണമെന്ന് ഔദ്യോഗികമായുള്ള പ്രാഥമിക വിവരം. ഇവ ചത്തു കിടന്നതിന് സമീപമുള്ള റബ്ബർ മരത്തിന്റെ ചുവട്ടിലെ മണ്ണ് ഇളകിത്തെറിച്ച നിലയിലാണ്.

Content Highlights: Twelve cows found dead in Kerala estate, suspected lightning strike. Investigation into fertilizer runoff as potential cause is ongoing.