കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കും; കേന്ദ്ര യൂണിവേഴ്‌സിറ്റിയില്‍ പ്രാഥമിക ചികിത്സ

തിരുവനന്തപുരം: കാസര്‍കോടുനിന്ന് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ നടപടികള്‍ അടിയന്തരമായി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട്ടെ മെഡിക്കല്‍ കോളേജ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കി കോവിഡ് ആശുപത്രിയാക്കി മാറ്റും.

കണ്ണൂര്‍ മെഡിക്കല്‍ കോളേജും കോവിഡ് ആശുപത്രിയാക്കും. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാല കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രമാക്കി മാറ്റും. സാമ്പിള്‍ പരിശോധനയ്ക്കുള്ള സൗകര്യമടക്കം അവിടെ ഏര്‍പ്പെടുത്തും. ഐസിഎംആറിന്റെ അനുമതി മാത്രമാണ് ഇനി  ആവശ്യമുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോട്ടെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് -19 രോഗബാധയുള്ള രാജ്യങ്ങളില്‍നിന്നും ഡല്‍ഹി, മുംബൈ തുടങ്ങിയ രാജ്യത്തെ വിവിധ നഗരങ്ങളില്‍നിന്നും എത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണം.

വിദേശത്തുനിന്ന് എതത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തില്‍ കഴിയണം. പ്രമേഹം രക്തസമ്മര്‍ദം അര്‍ബുദം എന്നിവയ്ക്ക് ചികിത്സിക്കുന്നവരും മറ്റേതെങ്കിലും രോഗമുള്ളവരും മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കണം. പ്രായമുള്ളവരെല്ലാം ആരുമായും സമ്പര്‍ക്കം പുലര്‍ത്താതെ  വീട്ടില്‍ തന്നെ കഴിയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍. ഗര്‍ഭിണികള്‍ കിടപ്പിലായ രോഗികള്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍ പ്രമേഹ രോഗികള്‍ വൃക്കരോഗികള്‍ ഹൃദയ സംബന്ധമായ രോഗമുള്ളവര്‍ തുടങ്ങി ജീവിതശൈലി രോഗത്തിന് സ്ഥിരം മരുന്ന് കഴിക്കുന്നവര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും മറ്റൊരാളുമായി ബന്ധപ്പടാതെ സ്വന്തം വീടുകളില്‍ വാതിലുകള്‍ അടച്ച് വായുസഞ്ചാരമുള്ള മുറികളില്‍ കഴിയണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു

Content Highlights: COVID 19 Kasaragod CM Pinarayi Vijayan

Content Highlights: