കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: കമ്പനി അധികൃതർ ഇന്ന് ചർച്ചയ്ക്കില്ല; ജീവനക്കാരുടെ മൊഴിയെടുക്കും

#സ്വന്തം ലേഖകൻ
കോറോ ഹെല്‍ത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍
കോറോ ഹെല്‍ത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നവര്‍

കൊച്ചി: അമേരിക്ക ആസ്ഥാനമായ കോറോ ഹെൽത്ത് കോഴിക്കോട്, കൊച്ചി ഓഫീസുകളിലെ എണ്ണൂറോളം ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. പ്രശ്നപരിഹാരത്തിനായി തൊഴിൽവകുപ്പിന്റെ ഇടപെടൽ തുടരുകയാണ്. തിങ്കളാഴ്ച 11-ന് എറണാകുളത്ത് ലേബർകമ്മിഷണറുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയിൽ കമ്പനിയധികൃതർ പങ്കെടുക്കില്ല.

10-ന് ഉന്നത അധികൃതർ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. അന്ന് മന്ത്രി ബിന്ദുകൃഷ്ണയുടെ സാന്നിധ്യത്തിൽ എറണാകുളത്ത് ചർച്ചനടക്കും. തൊഴിലാളി യൂണിയൻ പ്രതിനിധികളും കമ്പനിയധികൃതരും സർക്കാർ പ്രതിനിധികളും ജീവനക്കാരും പങ്കെടുക്കും.

തിങ്കളാഴ്ച എറണാകുളം ഗസ്റ്റ്ഹൗസിൽ ലേബർ കമ്മിഷണർ സഫ്‌ന നസറുദ്ദീനും ജനപ്രതിനിധികളും പിരിച്ചുവിടപ്പെട്ട ജീവനക്കാരുമായി ചർച്ചനടത്തും. കൂട്ടപ്പിരിച്ചുവിടൽ അറിഞ്ഞ ഉടൻ കമ്പനിയധികൃതരുമായി ഉമാതോമസ് എം.എൽ.എ.യും റീജണൽ ലേബർ ഓഫീസറും സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടപടി തത്കാലത്തേക്ക് മരവിപ്പിച്ചുവെന്ന് കമ്പനിയധികൃതർ അറിയിച്ചിരുന്നു.

സർക്കാർ തൊഴിലാളികൾക്കൊപ്പം – മന്ത്രി

പിരിച്ചുവിടലിനെതിരേ സംസ്ഥാന സർക്കാരും തൊഴിൽവകുപ്പും എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്ന് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്റെ ഇടപെടലിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുന്നിൽ രണ്ടുവഴിമാത്രം – അഡ്വ. തമ്പാൻ തോമസ്

ജീവനക്കാരെ പിരിച്ചുവിട്ടത് വ്യക്തമാക്കുന്നത് ലേബർ കോഡ് രാജ്യത്തുണ്ടാക്കാൻ പോകുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചാണെന്ന് മുൻ എം.പി.യും എച്ച്.എം.എസ്. ദേശീയപ്രസിഡന്റുമായ അഡ്വ. തമ്പാൻ തോമസ് പറഞ്ഞു.

ലേബർകോഡുമായി ബന്ധപ്പെട്ടുള്ള ചട്ടം കേരളത്തിൽ പ്രാബല്യത്തിൽ വന്നിട്ടില്ല. അതിനാൽ പ്രതിവിധി കണ്ടെത്തുക വിഷമകരമാണ്. വിഷയം നയതന്ത്രമേഖലയിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് ഇടപെടാം.

അമേരിക്കയിൽ പ്രവർത്തിക്കുന്ന ഐ.ടി.യു.സി. പോലുള്ള അന്തർദേശീയ തൊഴിലാളിസംഘടനകളുണ്ട്. അവരിലൂടെ പ്രശ്നം അമേരിക്കൻ നിയമവേദിക്ക് മുന്നിൽക്കൊണ്ടുവരാൻ കഴിയും. മുൻപ്‌ ഇത്തരമൊരു സംഭവം ഇന്ത്യൻ കമ്പനിയിലുണ്ടായപ്പോൾ ഈ രീതിയിൽ വിഷയം ജപ്പാനിൽ ഉയർത്താൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

Content Highlights: Corro Health abruptly terminated 800 employees across Kochi and Kozhikode offices. Labor Commissioner and government ministers are mediating the dispute. Company officials failed to attend the initial labor department meeting. State government is exploring both legal and diplomatic avenues to protect workers. Labor union leaders warn of the broader implications of new labor codes.