'സംഘാടകര്‍ വാഗ്ദാനം പാലിച്ചില്ല'; സമൂഹവിവാഹത്തില്‍ നിന്ന് വധൂവരന്മാര്‍ പിന്മാറി

ചേർത്തല: സമൂഹവിവാഹം സംഘടിപ്പിച്ചവർ നൽകിയ വാഗ്ദാനവും ഉറപ്പും പാലിച്ചില്ലെന്നാരോപിച്ച് വിവാഹവേദിയിൽ വധൂവരന്മാരുടെയും കുടുംബാംഗങ്ങളുടെയും തർക്കവും വാക്കേറ്റവും. 35 വിവാഹം നടത്താൻ നിശ്ചയിച്ചിരുന്ന വേദിയിൽ നടന്നത് ഒൻപതെണ്ണം മാത്രം. തർക്കത്തെത്തുടർന്ന് 26 ജോടി വധൂവരന്മാർ വിവാഹത്തിൽനിന്നു പിന്മാറി.
ചേർത്തല പോലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. വിവാഹത്തിൽനിന്നു പിന്മാറിയ 22 പേരുടെയും രണ്ടു നവദമ്പതിമാരുടെയും പരാതിയിൽ സംഘാടകർക്കെതിരേ കേസെടുത്തു. ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സദ്സ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിയാണ് ഞായറാഴ്ച ഇവിടെയുള്ള ഓഡിറ്റോറിയത്തിൽ സമൂഹവിവാഹം സംഘടിപ്പിച്ചത്. മറ്റു ജില്ലകളിൽനിന്നാണ് സംഘാടകർ വധൂവരന്മാരെ തിരഞ്ഞെടുത്തത്.
ഇടുക്കിയിലെ രണ്ടു സമുദായങ്ങളിൽനിന്നു മാത്രം 22 ജോടി വിവാഹിതരാകാനെത്തിയിരുന്നു. സ്വർണത്താലിമാലയും രണ്ടുലക്ഷം രൂപയും കല്യാണവസ്ത്രങ്ങളും നൽകാമെന്നു പറഞ്ഞാണ് സംഘാടകർ ക്ഷണിച്ചതെന്ന് സമുദായനേതാക്കളിലൊരാളായ തങ്കൻ പറഞ്ഞു. വിവാഹത്തിനു മുന്നോടിയായുള്ള കൗൺസലിങ്ങിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പണവും സ്വർണവും മറ്റു ചെലവുകളും സ്പോൺസർഷിപ്പിലൂടെയും സംഭാവനയിലൂടെയും ഉറപ്പാക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച വിവാഹത്തിനെത്തിയപ്പോഴാണ് താലിയും വസ്ത്രങ്ങളും മാത്രമാണുള്ളതെന്ന് സംഘാടകർ അറിയിച്ചതെന്ന് തങ്കൻ പറഞ്ഞു. ഇതേപ്പറ്റിയുള്ള തർക്കമാണ് വിവാഹവേദിയിൽ ബഹളത്തിനു വഴിവെച്ചത്.
പോലീസെത്തി രണ്ടുവട്ടം ചർച്ച നടത്തിയെങ്കിലും പ്രശ്നത്തിനു പരിഹാരമായില്ല. കൂടുതൽ പോലീസെത്തി, വേദിയിൽ നിന്നവരെ താഴെയിറക്കിയ ശേഷമാണ് ഒൻപതുപേരുടെ വിവാഹം നടത്തിയത്. ഇടുക്കിയിൽനിന്ന് വിവാഹിതരാകാൻ വന്നവർക്കൊപ്പം 75 പേർ രണ്ടു വാഹനങ്ങളിലായി എത്തിയിരുന്നു. വാഹനവാടകയ്ക്കുള്ള പണംപോലും സംഘാടകർ നൽകിയില്ലെന്നാരോപിച്ച് ഓഡിറ്റോറിയം പരിസരത്തും തുടർന്ന് ചേർത്തല പോലീസ് സ്റ്റേഷനിലും ഇവർ പ്രതിഷേധിച്ചു.
പോലീസ് സാന്നിധ്യത്തിൽ സംഘാടകരുമായി നടത്തിയ ചർച്ചയെത്തുടർന്ന് 25,000 രൂപ വാഹനവാടകയായി നൽകി. ആലപ്പുഴ ഡിവൈ.എസ്.പി. എം.ആർ. മധുബാബു, ചേർത്തല എസ്.ഐ. കെ.പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥിതിഗതി നിയന്ത്രിച്ചത്.
Content Highlights: contraversy mass wedding cherthala police case