26 രൂപയുടെ റേഷനരിക്ക് സി.ഐ.ടി.യു.വിന്റെ പിന്തുണ;മുൻമന്ത്രി ജി.ആർ. അനിലിനെ തള്ളി

ആലപ്പുഴ: റേഷൻകട വഴി 26 രൂപയ്ക്കു നൽകുന്ന അരി ഓണം കഴിഞ്ഞും തുടരണമെന്ന് കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) ആവശ്യപ്പെട്ടു. ഓണക്കാലത്ത് യു.ഡി.എഫ്. സർക്കാർ അരിയുടെ അളവുകുറയ്ക്കുകയും വില കൂട്ടുകയും ചെയ്തെന്ന മുൻമന്ത്രി ജി.ആർ. അനിലിന്റെ പ്രസ്താവനയെ തള്ളുന്നതാണ് ഈ നിലപാട്. റേഷൻകടയിലേക്കു കൂടുതൽ ആളെത്താനും അതുവഴി വ്യാപാരികളുടെ വരുമാനം കൂടാനും 26 രൂപയ്ക്ക് അരി നൽകുന്നതിലൂടെ കഴിയുമെന്ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശശിധരൻ പറഞ്ഞു. ഓണം കഴിഞ്ഞും എല്ലാമാസവും ഇതു നൽകണമെന്നാണ് യൂണിയന്റെ നിലപാട്. ഇക്കാര്യം മന്ത്രി അനൂപ് ജേക്കബ്ബിനെയും സിവിൽ സപ്ലൈസ് കമ്മിഷണറെയും അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
റേഷൻ വ്യാപാരികൾക്കു മിനിമം വേതനത്തിനു പുറമേ വിൽക്കുന്ന ധാന്യത്തിന്റെ അളവനുസരിച്ചാണ് വരുമാനം. 45 ക്വിന്റൽ ധാന്യം പോലും മാസം വിൽക്കാൻ കഴിയാത്ത ഒട്ടേറെ വ്യാപാരികളുണ്ട്. പൊതുവിഭാഗം കാർഡുടമകൾക്ക് ഉയർന്ന വിലയ്ക്കുള്ള അരി നൽകുന്നതിലൂടെ അവരുടെ വരുമാനം കൂട്ടാനാകുമെന്നാണ് യൂണിയന്റെ നിലപാട്. നിലവിൽ ഗുണനിലവാരമുള്ള അരിയാണ് 26 രൂപയ്ക്കു നൽകുന്നത്. കുറെക്കൂടി മെച്ചപ്പെട്ടതു നൽകിയാൽ കൂടുതൽ ആളുകളെ റേഷൻ കടകളിലെത്തിക്കാനാകുമെന്നുമാണ് യൂണിയന്റെ നിലപാട്. 26 രൂപയുടെ അരിവിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസമാണ് മന്ത്രി അനൂപ് ജേക്കബ്ബും മുൻമന്ത്രി ജി.ആർ. അനിലും ഇടഞ്ഞത്.
Content Highlights: Kerala Ration Employees Union demands the continuation of Rs 26 rice distribution even after the Onam festival., The union stated that affordable rice increases customer footfall and improves ration dealers' income., State General Secretary G. Sasidharan announced plans to submit this request to Minister Anoop Jacob and the Civil Supplies Commissioner.