കമ്പവല മത്സ്യത്തൊഴിലാളികളുടെ വലകൾ കീറിപ്പോകാൻ ഇടയാക്കിയ കണ്ടെയ്‌നർ കരയിലെത്തിച്ചു

#ന്യൂസ് ഡെസ്ക്
കണ്ടെയ്‌നർ തൊഴിലാളികൾ കടലിൽ നിന്ന് കെട്ടിവലിച്ച് കരയിലെത്തിച്ചപ്പോൾ | ഫോട്ടോ: അറേഞ്ച്ഡ്
കണ്ടെയ്‌നർ തൊഴിലാളികൾ കടലിൽ നിന്ന് കെട്ടിവലിച്ച് കരയിലെത്തിച്ചപ്പോൾ | ഫോട്ടോ: അറേഞ്ച്ഡ്

തിരുവനന്തപുരം: കമ്പവലക്കാരുടെ വലകൾ കീറി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടത്തിനിടയാക്കിയ കണ്ടെയ്‌നറുകളിൽ ഒന്നിനെ തീരക്കടലിൽ നിന്ന് നീക്കി കരയിലെത്തിച്ചു. കൊച്ചുവേളി കടലിൽ ഏകദേശം 16 മീറ്റർ ആഴത്തിലുണ്ടായിരുന്ന ഒരു കണ്ടെയ്‌നറിനെയാണ് സ്‌കൂബാ ഡൈവിങ് സംഘത്തിന്റെ സഹായത്തോടെ തിങ്കളാഴ്ച ഉച്ചയോടെ കരയിലെത്തിച്ചത്.

കൊച്ചുവേളി കടലിൽ പതിവായി വിരിക്കുന്ന കമ്പവലകളിൽ മീൻ നിറയുമ്പോൾ പലഘട്ടങ്ങളിലും വലകീറി മീനുകൾ പുറത്തുചാടുന്ന സംഭവങ്ങളുണ്ടായിരുന്നു. മണിക്കൂറോളം കാത്തിരുന്ന കിട്ടുന്ന മീനുകൾ വലകീറി പോകുന്നതിന്റെ കാരണമറിയാതെ കൊച്ചുവേളിയിലെ മത്സ്യത്തൊഴിലാളികൾ നിരാശയിലായിരുന്നു. ഇതേ തുടർന്ന് വൈൽഡ് ലൈഫ് കൺസർവേഷനിസ്റ്റും മത്സ്യത്തൊഴിലാളിയുമായ അജിത് ശംഖുംമുഖത്തിനെ തൊഴിലാളികൾ ബന്ധപ്പെട്ടു.

കൊച്ചുവേളി ഇടവ സെക്രട്ടറി ചാൾസും ഉൾപ്പെട്ടവർ വിഷയത്തിൽ ഇടപ്പെട്ടു. തുടർന്ന് കോവളത്തുളള ഓഷ്യാനട്ട് അഡ്വഞ്ചേഴ്‌സ് എന്ന സ്‌കൂബാ ടീമിനെയെത്തിച്ച് തീരക്കടലിൽ നടത്തിയ തിരച്ചിലിലായിരുന്ന വശങ്ങൾ തകർന്ന് ഒരുഭാഗം മുകളിലേക്ക് ഉയർന്നു നിൽക്കുന്ന കണ്ടെയ്‌നറിനെ കണ്ടെത്തിയത്. കൊച്ചി ആഴക്കടലിൽ മുങ്ങിയപ്പോയ എൽസാ- 3 എന്ന ചരക്കുകപ്പലിൽനിന്ന് വീണൊഴുകിയെത്തിയ കണ്ടെയ്നറുകളിലൊന്നാണെന്നാണ് തൊഴിലാളികൾ പറഞ്ഞത്.

നിരവധി പേരുടെ വലകളാണ് വലിച്ചുകയറ്റുമ്പോൾ കണ്ടെയ്‌നറിൽ നിന്ന് ഇളകിയുയർന്ന് നിൽക്കുന്ന ഭാഗത്തിൽ ഉടക്കി കീറിയത്. തൊഴിലാളികളും നാട്ടുകാരും ഉൾപ്പെട്ട വലിയൊരുസംഘത്തിന്റെ ശ്രമഫലമായി കണ്ടെയ്‌നറിനെ വലിച്ചുകയറ്റി. മറ്റൊരണ്ണവുമുണ്ടെന്നും ഇതേ തീരത്ത് മണ്ണിൽ പുതഞ്ഞിട്ടുണ്ടെന്നും കണ്ടെത്തിയതായി അജിത് ശംഖുംമുഖം പറഞ്ഞു

Content Highlights: Container Retrieved from Sea: Resolving Fishermen's Net Damage in Kochuveli