ദൗത്യം ഭരണമാറ്റം; ഓര്മിപ്പിച്ച് AICC, ഏറ്റെടുക്കുന്നുവെന്ന് കേരളനേതാക്കൾ

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ ഭാരവാഹികളെത്തുമ്പോൾ ഭരണമാറ്റമുണ്ടാക്കുക എന്ന ഒറ്റലക്ഷ്യമാണ് കോൺഗ്രസിനു മുൻപിലുള്ളത്. അതിനുവേണ്ട സംഘടനാസംവിധാനം ഒരുക്കണമെന്ന നിർദേശം എഐസിസി നൽകിയിട്ടുണ്ട്.
ടീമിനെ ശക്തമാക്കാൻ ഏതുതലത്തിൽ ഏതുരീതിയിലുള്ള മാറ്റത്തിനും സണ്ണിജോസഫിന് നടപടി സ്വീകരിക്കാമെന്ന ക്ലീൻചിറ്റ് എഐസിസി നൽകിയിട്ടുണ്ടെന്ന് സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ സ്ഥാനാരോഹണച്ചടങ്ങിൽ വ്യക്തമാക്കി. ഒന്നിച്ചുനിന്നാൽ ജയിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽവരുമെന്ന് ഞങ്ങൾ വാക്കുതരുന്നു -ഇതായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മറുപടി. ‘‘ശക്തമായ ഒരു രണ്ടാംനിരയുണ്ട്. അവരെയെല്ലാം അണിനിരത്തി മുന്നോട്ടുപോകും.’’ -സതീശൻ പറഞ്ഞു.
‘‘നിങ്ങൾ ഒന്ന് ഒരുമിച്ച് നിൽക്ക്’’ എന്നാണ് ജനങ്ങൾക്ക് പറയാനുള്ളതെന്ന ആത്മവിമർശനമായിരുന്നു രമേശ് ചെന്നിത്തലയുടേത്. ഒരുമിച്ചുപോകും. അത് ഉറപ്പുനൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർപട്ടികയിൽ പേരുചേർക്കാതെ വിജയത്തിലെത്താനാവില്ലെന്നും അതിന് എല്ലാവരും പ്രതിജ്ഞയെടുക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു. ലക്ഷ്യം, നൂറു സീറ്റുനേടിയ 2001 ആവർത്തിക്കലാണെന്ന് ഷാഫി പറമ്പിലാണ് പ്രഖ്യാപിച്ചത്. ഒരുമിച്ചുള്ള യാത്ര തുടങ്ങിയെന്ന് പി.സി. വിഷ്ണുനാഥും ജനങ്ങൾക്കൊപ്പം ചേർന്ന് തുടങ്ങുകയാണെന്ന് കെ.പി. അനിൽകുമാറും പറഞ്ഞു.
പിണറായിഭരണം അവസാനിപ്പിക്കും -സണ്ണി ജോസഫ്
: എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്ന പ്രവർത്തനമായിരിക്കും തന്റേതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെയും യുഡിഎഫിനെയും വിജയിപ്പിക്കുക എന്നതാണ് ദൗത്യം. - സണ്ണി ജോസഫ് പറഞ്ഞു.
കർഷക കുടുംബത്തിൽനിന്നാണ് പൊതുരംഗത്തേക്ക് വന്നത്. സാധാരണക്കാരന്റെ വികാരം ഉൾക്കൊള്ളാൻ കഴിയും. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം ഇന്ന് പയറ്റുന്നത് ബിജെപിയാണ്. അതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനേ കഴിയൂ. -സണ്ണി ജോസഫ് പറഞ്ഞു.
പടക്കുതിരയായി മുന്നിലുണ്ടാകും -കെ. സുധാകരൻ
താൻ കെപിസിസി പ്രസിഡന്റായതിൽ പാർട്ടിക്ക് ഒരു കോട്ടവും ഉണ്ടായിട്ടില്ലെന്ന് കെ. സുധാകരൻ പറഞ്ഞു. പാർട്ടി ശക്തിപ്പെട്ടു. തിരഞ്ഞെടുപ്പുകളിലെല്ലാം നേട്ടമുണ്ടാക്കി. പദവി ഒഴിയുന്നതിൽ തനിക്കൊരു പ്രയാസവുമില്ല. സിപിഎമ്മിനെതിരേയുള്ള പോരാട്ടത്തിൽ ഒരുപടക്കുതിരയെപ്പോലെ താൻ ഇനിയും മുൻപിലുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
അന്തരിച്ച പത്തനംതിട്ട ജില്ലാകോൺഗ്രസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ കെപിസിസി നൽകുമെന്ന പ്രഖ്യാപനവും സുധാകരൻ നടത്തി.
കൊടിക്കുന്നിലിന് പരാതി, മറുപടി നൽകി മുരളീധരൻ
ചടങ്ങിൽ പരാതി പറഞ്ഞ് പ്രവർത്തക സമിതി അംഗം കൊടിക്കുന്നിൽ സുരേഷ്. പിന്നാക്കവിഭാഗക്കാർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു പരാതി. എം.പി.സ്ഥാനം അത്രമോശമായ ഒന്നല്ലെന്ന് കൊടിക്കുന്നിൽ മനസ്സിലാക്കണമെന്നായിരുന്നു ഇതിന് കെ. മുരളീധരന്റെ മറുപടി.
38-ാമത്തെ പ്രസിഡന്റാണ് സണ്ണിജോസഫ്. 37 പേരുടെ ഫോട്ടോയും ഇന്ദിരാഭവനിലുണ്ട്. അവ ചില കാര്യങ്ങൾ പറയുന്നുണ്ട്. ഒരുവിഭാഗത്തിലുള്ളവർ അതിലില്ല. പിന്നാക്കവിഭാഗക്കാർക്ക് പ്രാധാന്യം നൽകണം
-ഇതായിരുന്നു കൊടിക്കുന്നിൽ പറഞ്ഞത്. കൊടിക്കുന്നിലിന് വലിയ കുഴപ്പമൊന്നും ഉണ്ടായിട്ടില്ലെന്നും എം.പി. എന്നുപറഞ്ഞാൽ അത് നല്ലൊരു സ്ഥാനം തന്നെയാണെന്നും കെ. മുരളീധരൻ മറുപടി നൽകി.
Content Highlights: congress new kpcc leadership kerala