‘മണ്ഡല പുനർനിർണയ ബില്ല് പ്രാധാന്യമുള്ളത്’; കെ. സുധാകരനോട് വിദേശത്തുനിന്ന് മടങ്ങിവരാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം

ന്യൂഡൽഹി: വിദേശത്തുള്ള കെ. സുധാകരൻ എംപിയോട് അടിയന്തരമായി മടങ്ങിവരാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം. അടുത്തയാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള മണ്ഡല പുനർ നിർണയ ബില്ല് കേന്ദ്രസർക്കാർ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഈ പശ്ചാത്തലത്തിലാണ് എംപിയോട് മടങ്ങിവരാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ യുഎഇയിലാണ് സുധാകരനുള്ളത്. യുഎസിലേക്ക് ചികിത്സാർഥം എംപി പുറപ്പെട്ടതാണെന്നാണ് വിവരം. കുടുംബാംഗങ്ങൾ ഉൾപ്പെടെ അദ്ദേഹത്തിനൊപ്പമുണ്ട്.
കെ. സുധാകരൻ വിദേശത്തേക്ക് പോകുന്നത് അറിഞ്ഞ ഉടൻതന്നെ അദ്ദേഹത്തെ വിളിച്ചിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ‘അദ്ദേഹത്തെ കിട്ടാതെ വന്നപ്പോൾ മകനെ വിളിച്ചു, അടിയന്തരമായി തിരിച്ചുവരണമെന്ന് പറഞ്ഞു. വളരെ പ്രധാനപ്പെട്ട ബില്ലാണ് അവതരിപ്പിക്കാൻ പോകുന്നത് എന്ന് പറഞ്ഞു. ഈ ബില്ലിന്മേലുള്ള ചർച്ചയ്ക്ക് ശേഷം എവിടെയാണോ ചികിത്സിക്കേണ്ടത് അവിടെ ചികിത്സിക്കാനുള്ള ഏർപ്പാട് ചെയ്യാമെന്ന് പറഞ്ഞു.’ കെ.സി. വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു.
Content Highlights: Congress leadership directs K. Sudhakaran MP to urgently return from abroad., The recall is due to the upcoming Parliament session featuring the delimitation bill., K.C. Venugopal confirmed that the MP was contacted and advised to prioritize the crucial parliamentary discussion.