നാഥനില്ലാതെ കോൺഗ്രസ്, നയം പറയാനാകാതെ യു.ഡി.എഫ്

തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷനടക്കമുള്ള കോൺഗ്രസ് ഭാരവാഹികളുടെ പുനഃസംഘടന അനിശ്ചിതമായി നീളുന്നതിൽ വഴിമുട്ടി യു.ഡി.എഫ്. നല്ല ഭൂരിപക്ഷത്തിൽ അധികാരം കിട്ടിയെന്ന ഒറ്റഘടകം കാരണമാണ് ഇത് പരസ്യമായ തർക്കത്തിലേക്ക് പോകാത്തത്. മുഖ്യമന്ത്രിസ്ഥാനം വി.ഡി. സതീശന് നൽകിയതോടെ പാർട്ടി ചുമതലക്കാരെല്ലാം പലവഴിക്കുപോയ ദുരവസ്ഥയിലാണ് കോൺഗ്രസ്. ലീഗിനുള്ളിലും അമർഷം പുകയുന്നുണ്ട്. മദ്യനികുതി, വിഴിഞ്ഞം ഓഹരി വിൽപ്പന, പി.എം.ശ്രീ. പദ്ധതി എന്നിവയിലെല്ലാം മുന്നണിയിൽ ചർച്ചയും ധാരണയുമുണ്ടാകണമെന്ന് എല്ലാ കക്ഷിനേതാക്കളും പറയുന്നുണ്ട്. മുന്നണിയോഗം വിളിച്ചാലേ ചർച്ചചെയ്യാനാകൂ. യോഗം വിളിക്കണമെങ്കിൽ കെ.പി.സി.സി.ക്ക് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.
കെ.പി.സി.സി. പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ‘ഡൽഹി മോഡൽ’ നിരീക്ഷകരുടെ പരിശോധനയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പിനു ശേഷംചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറിമാർ മടങ്ങിയത്. കോൺഗ്രസ് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെപ്പോലും പൂർണമായി നിയമിച്ചിട്ടില്ല. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തുള്ളവരാണ് പലയിടത്തും തുടരുന്നത്. ഇതിൽ ഓരോ ഘടകകക്ഷികൾക്കും ക്വാട്ട നിശ്ചയിക്കേണ്ടത് യു.ഡി.എഫ്. ആണ്.
കെ.പി.സി.സി. പ്രസിഡന്റ്‌സ്ഥാനത്ത് മന്ത്രി സണ്ണി ജോസഫാണ് തുടരുന്നത്. മഴക്കാലം തുടങ്ങിയതോടെ കെ.എസ്.ഇ.ബി.യിലെ പ്രശ്‌നം തീർത്ത് പാർട്ടിക്കാര്യം നോക്കാൻ സമയംകിട്ടാത്ത പ്രതിസന്ധിയിലാണ് അദ്ദേഹം. മൂന്നു വർക്കിങ് പ്രസിഡന്റുമാരിൽ എ.പി. അനിൽകുമാറും പി.സി. വിഷ്ണുനാഥും മന്ത്രിമാരാണ്. ഇവരും സംഘടനാച്ചുമതലയിൽനിന്ന് വിടുതൽ വാങ്ങിക്കഴിഞ്ഞു. ഷാഫി പറമ്പിൽ എം.പി.യാണ് മൂന്നാമത്തെ വർക്കിങ് പ്രസിഡന്റ്. അദ്ദേഹവും അത്യാവശ്യത്തിനുമാത്രമേ തലസ്ഥാനത്തെത്തൂ. സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന എം. ലിജുവും മന്ത്രിയാണ്.
രാഹുൽഗാന്ധിയുടെ സമയം ലഭിച്ചാലേ കെ.പി.സി.സി. അധ്യക്ഷനെസംബന്ധിച്ചുള്ള ചർച്ച തുടങ്ങുമെന്നാണ് നേതാക്കൾ പറയുന്നത്.
Content Highlights: KPCC leadership reorganization is indefinitely delayed., Dual roles of ministers in the cabinet and party organization creating a vacuum., UDF alliance coordination is paralyzed due to lack of formal meetings., Appointment of key board and corporation positions pending quota settlements., Final decision on new KPCC president awaits Rahul Gandhi's schedule.