അതിക്രമം കാട്ടിയത് രമ്യ ഹരിദാസ്, വീട്ടിൽ കയറി മകളെ ഭീഷണിപ്പെടുത്തി, പ്രദീപ് പിടിച്ചുതള്ളി- സജാദ്

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും രമ്യ ഹരിദാസിന് മർദനമേറ്റെന്ന പരാതിയിൽ എംഎൽഎയുടെ ആരോപണങ്ങൾ വസ്തുതവിരുദ്ധമാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാവ് സജാദ്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് രമ്യ ഹരിദാസ് എം.എൽ.എയും സംഘവും തന്റെ വീട്ടിലെത്തി അതിക്രമം കാണിച്ചതെന്ന് സജാദ് പറഞ്ഞു. താൻ എം.എൽ.എയെ വീട്ടിലേക്ക് വിളിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് കണ്ട് അവർ സ്വന്തം നിലയ്ക്ക് വരികയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാളയം പ്രദീപ് എന്ന വ്യക്തി പാർട്ടിയിൽ ഔദ്യോഗിക പദവികളൊന്നുമില്ലാതിരുന്നിട്ടും കാര്യങ്ങൾ നിയന്ത്രിക്കുന്നതിനെതിരെയാണ് സജാദ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ജില്ലാ പഞ്ചായത്ത് യോഗത്തിൽ ഇദ്ദേഹം പങ്കെടുത്തതിന്റെ ചിത്രം പുറത്തുവന്നതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. സജാദ് വീടിനടുത്തുള്ള സ്ഥാപനത്തിൽ നിൽക്കുമ്പോൾ ഭാര്യയെയും മകളെയും കാണണമെന്ന് പറഞ്ഞ് എം.എൽ.എയും സംഘവും അദ്ദേഹത്തെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു. തുടർന്ന് പോസ്റ്റ് മകളെക്കൊണ്ട് നിർബന്ധിച്ച് ഉറക്കെ വായിപ്പിക്കാൻ ഇവർ ശ്രമിച്ചതോടെയാണ് വീട്ടിൽ വലിയ തർക്കം ആരംഭിച്ചതെന്നും സജാദ് ആരോപിച്ചു.
മകളെക്കൊണ്ട് പോസ്റ്റ് വായിപ്പിക്കുന്നതിനെ താൻ എതിർത്തതോടെ രംഗം വഷളായതെന്നും അദ്ദേഹം വ്യക്തമാക്കി. ആ സമയത്ത് കടന്നുവന്ന ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് എം.എൽ.എയുടെ ഇത്തരം പ്രവൃത്തികൾ മോശമാണെന്ന് ചൂണ്ടിക്കാണിച്ചു. ഇതോടെ കയ്യാങ്കളിയുണ്ടാവുകയും വീട്ടിലുണ്ടായിരുന്ന കസേരകളടക്കം അടിച്ചുതകർക്കുകയുമായിരുന്നു. ഈ തർക്കത്തിനിടയിൽ രമ്യ ഹരിദാസ് മൊബൈലിൽ വീഡിയോ എടുത്ത വ്യക്തിയെയും ജില്ലാ പഞ്ചായത്ത് അംഗം സജിത്തിനെയും മർദ്ദിച്ചതായും സജാദ് ആരോപിച്ചു. അതിക്രമം കാണിച്ചതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും സജാദ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അതേസമയം സജാദ് തന്നെ ക്ഷണിച്ചതനുസരിച്ചാണ് തങ്ങൾ വീട്ടിലെത്തിയതെന്നാണ് രമ്യ ഹരിദാസിന്റെയും സംഘത്തിന്റെയും വിശദീകരണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച സജാദ്, താൻ പോസ്റ്റ് ഇട്ടത് വ്യക്തിപരമായ ഉത്തരവാദിത്തത്തിലാണെന്നും ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും വ്യക്തമാക്കി. സംഘർഷത്തിന് ശേഷം താൻ പോലീസിൽ പരാതി നൽകിയ ശേഷമാണ് എം.എൽ.എയും സംഘവും ആശുപത്രിയിൽ പോയി പരാതി നൽകിയതെന്നും സജാദ് ചൂണ്ടിക്കാട്ടി. ചിറയിൻകീഴ് പോലീസ് നിലവിൽ ഇരുവിഭാഗത്തിന്റെയും പരാതികൾ സ്വീകരിച്ചിട്ടുണ്ട്.
സംഭവം കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ വിവാദത്തിന് കാരണമായിരിക്കുകയാണ്. പാർട്ടി കാര്യങ്ങളിൽ സാമൂഹ്യമാധ്യമത്തിലൂടെ അഭിപ്രായം പറഞ്ഞതിന് വീട്ടിൽ കയറി ഗുണ്ടാ സ്വഭാവത്തോടെ ആക്രമിച്ചതിനെതിരെ കെ.പി.സി.സി.ക്കും ഡി.സി.സി.ക്കും പരാതി നൽകുമെന്ന് സജാദ് അറിയിച്ചു.
എം.എൽ.എ ഒപ്പമുണ്ടായിരുന്നതിനാലാണ് തങ്ങൾ വീടിന്റെ കതക് തുറന്നതെന്ന് സജാദിന്റെ ഭാര്യ സിനി പറയുന്നു. മകളെ ഭീഷണിപ്പെടുത്തുകയും സജാദ് ഇട്ട പോസ്റ്റ് ഫോണിൽ നിർബന്ധിച്ച് വായിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായി സിനി ആരോപിച്ചു. ഈ പ്രവൃത്തിയെ എതിർത്ത തന്നെ പാളയം പ്രദീപ് പിടിച്ചു തള്ളിയതായും അവർ പറഞ്ഞു.
തർക്കത്തിനിടെ രമ്യ ഹരിദാസ് എം.എൽ.എ തന്നെ മർദ്ദിച്ചതായും ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതുമായ ഒരു അധ്യാപകനെ മർദ്ദിച്ചതായും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ആരോപിച്ചു. എം.എൽ.എയും പാളയം പ്രദീപും സംഘവും സജാദിനെ ബലാൽക്കാരമായി വീട്ടിലേക്ക് കൊണ്ടുവരികയും, ഉറങ്ങിക്കിടന്ന കോളേജ് വിദ്യാർഥിനിയായ മകളെ പാളയം പ്രദീപിന്റെ ഫോൺ നൽകി നിർബന്ധിച്ച് പോസ്റ്റ് വായിപ്പിക്കുകയുമായിരുന്നു. രാത്രിയിൽ വീട്ടിലെത്തി ഒരു പെൺകുട്ടിയെ കരയിപ്പിക്കുന്നത് കണ്ട് അതിനെ ചോദ്യം ചെയ്ത തന്റെ നേർക്ക് രമ്യ ഹരിദാസ് എം.എൽ.എ കയ്യേറ്റം നടത്തുകയും അടിക്കുകയും ചെയ്യുകയായിരുന്നുവെന്ന് സജിത്ത് പറഞ്ഞു.
Content Highlights: Local leader Sajjad claims MLA Ramya Haridas and her group trespassed into his home. The dispute arose over a Facebook post regarding cooperative bank elections and party interference. Sajjad's family alleged that their daughter was threatened and forced to read the social media post. Both sides have filed police complaints, triggering a major controversy within the Congress party.