ശത്രുദോഷവും ദുർമന്ത്രവാദവും കണ്ണേറും അകറ്റാൻ ‘പ്രത്യംഗിരാഹോമം’ നടത്തി മുതിർന്ന കോൺഗ്രസ് നേതാവ്

ഇരിങ്ങാലക്കുട: ശത്രുദോഷം അകറ്റാനും ദുർമന്ത്രവാദം, കണ്ണേറ് എന്നിവയിൽനിന്ന് സംരക്ഷണം ലഭിക്കുന്നതിനുമായി മുതിർന്ന കോൺഗ്രസ് നേതാവിന്റെ പ്രത്യംഗിരാഹോമം. ഇരിങ്ങാലക്കുട ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന്റെ കീഴിലുള്ള ബ്രഹ്‌മകുളങ്ങര മഹാവിഷ്ണുക്ഷേത്രം ഹാൾ വാടകയ്‌ക്കെടുത്താണ് രാത്രി ഒൻപത് ഹോമകുണ്ഡങ്ങൾ ഒരുക്കി ഹോമം നടത്തിയത്.
ഹാൾ വാടകയ്‌ക്കെടുത്തത് ആർക്കാണെന്നോ എന്തിനാണെന്നോ പറഞ്ഞിരുന്നില്ലെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പറയുന്നു. ഒരു ശാന്തിയുടെ നേതൃത്വത്തിൽ രാത്രി 7.45-ന് ആരംഭിച്ച ഹോമം 9.10-നാണ് സമാപിച്ചത്. ഹോമസമയം മുഴുവൻ നേതാവ് അവിടെ ഉണ്ടായിരുന്നതായി പറയുന്നു. നേതാവിന്റെ വരവ് പ്രാദേശിക കോൺഗ്രസ് നേതാക്കളെയോ പ്രദേശവാസികളെയോ അറിയിച്ചിരുന്നില്ല. നേതാവ് വന്നുപോയ കാര്യം ചോദിച്ചപ്പോൾ പ്രാദേശികനേതൃത്വം കൈമലർത്തി. ഹോമകുണ്ഡങ്ങളിൽനിന്ന് വലിയതോതിൽ പുക ഉയർന്നപ്പോഴാണ് പുറംലോകം ഇക്കാര്യമറിഞ്ഞത്. ഇതിനിടയിൽ ആരോ ക്ഷേത്രം ഭാരവാഹികളെ വിളിച്ച് വിവരമറിയിച്ചു. അവർ സ്ഥലത്തെത്തുംമുൻപേ നേതാവ് കാറിൽക്കയറിപ്പോയിരുന്നു.
21 കിലോ മുളക് ഉപയോഗിച്ചായിരുന്നു പ്രത്യംഗിരാഹോമം നടത്തിയതെന്ന് പറയുന്നു. ഇരിങ്ങാലക്കുട സ്വദേശിയായിരുന്നു ഹോമം നടത്തിയത്. ഹാൾ വാടകയ്‌ക്കെടുത്ത് ഹോമം നടത്തിയതിനെച്ചൊല്ലി ക്ഷേത്രംകമ്മിറ്റി യോഗത്തിൽ പ്രതിഷേധമുയർന്നിരുന്നു. ഹോമം നടത്തിയ ശാന്തിയെ കമ്മിറ്റിക്കാർ വിളിച്ചുവരുത്തി ശാസിച്ചതായും വിവരമുണ്ട്. ഒരു ചെറിയ പൂജയുണ്ടെന്നു പറഞ്ഞ് പൂജ നടത്തിയ ശാന്തിയാണ് ഹാൾ ബുക്ക് ചെയ്തതെന്നാണ് കമ്മിറ്റി ഭാരവാഹികൾ പറയുന്നത്. ഇത്തരത്തിലൊരു ഹോമത്തിനായിരുന്നെന്നോ ഇതുപോലെ ഒരു വിഐപി പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്നോ അറിവുണ്ടായിരുന്നില്ല.
പ്രധാന ദേവീക്ഷേത്രങ്ങളിൽ തന്ത്രിമാരുമായി ബന്ധപ്പെട്ടുമാത്രമേ ഈ ഹോമം നടത്താറുള്ളൂ. ശാന്തിയുമായി നേരത്തേയുള്ള പരിചയം കൊണ്ടാകാം നേതാവ് ഇത്തരമൊരു ഹോമത്തിൽ പങ്കെടുക്കാൻ എത്തിയതെന്നാണ് സംശയിക്കുന്നതെന്നും അവർ പറയുന്നു.
പ്രത്യംഗിരാ ഹോമം
മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹമൂർത്തിയുടെ ക്രോധം ശമിപ്പിക്കാൻ പരമശിവൻ ശരഭരൂപം ധരിച്ചുവെന്നും ആ ശരഭമൂർത്തിയുടെ ചിറകുകളിൽ ഒന്നിൽനിന്ന് ഉദ്ഭവിച്ച മഹാശക്തിയാണ് പ്രത്യംഗിരാദേവി എന്നുമാണ് വിശ്വാസം. സിംഹത്തിന്റെ മുഖവും സ്ത്രീയുടെ ഉടലുമാണ് ദേവിക്കെന്നാണ് സങ്കൽപ്പം. വറ്റൽമുളക് (ഉണക്കമുളക്) ഹോമകുണ്ഡത്തിൽ അർപ്പിക്കുകയാണ് ചെയ്യുന്നത്.
Content Highlights: Senior Congress leader performs Pratyangira Homa to protect against enemy influence, black magic, and evil eye. Held secretly in Iringalakuda. Learn more about this powerful ritual.