കോൺഗ്രസ് വിട്ട സി. രഘുനാഥ് ബിജെപിയിൽ ചേരും; പിണറായിക്കെതിരേ മത്സരിച്ച നേതാവ്, സുധാകരന്‍റെ അനുയായി

കണ്ണൂർ: കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി. സെക്രട്ടറിയുമായിരുന്ന സി. രഘുനാഥ് ബി.ജെ.പിയിലേക്ക്. ഞായറാഴ്ച വെെകീട്ട് ഏഴ് മണിക്ക് ബി.ജെ.പി.യിൽ ചേരുമെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ച സി. രഘുനാഥ്, കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായി ആയി അറിയപ്പെട്ടിരുന്ന നേതാവാണ്.
കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെ കാലമായി അവഗണന നേരിടേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടി രഘുനാഥ് ഈ മാസം ആദ്യം കോൺഗ്രസ് വിട്ടിരുന്നു. കോൺഗ്രസിനകത്ത് ഗ്രൂപ്പ് വേണ്ടെന്ന് പറഞ്ഞവരൊക്കെ നാലും അഞ്ചും ഗ്രൂപ്പുകളുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
1973-ൽ സുധാകരനൊപ്പം ബ്രണ്ണൻ കോളേജിൽ കെ.എസ്.യു. പ്രവർത്തനം ആരംഭിച്ച ആളാണ് താൻ. കഴിഞ്ഞ ആറുമാസക്കാലത്തോളമായി പാർട്ടിയിലെ തഴയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് കെ. സുധാകരനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാൽ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Content Highlights: Congress leader and former Kannur DCC. Secretary C. Raghunath will join BJP