31 പേരുടെ പട്ടിക AICC അംഗീകരിച്ചു; ആദ്യഘട്ട പട്ടികയിൽ എംപിമാരില്ല, പെരുമ്പാവൂരിൽ സസ്‌പെൻസ്

ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യോഗം
ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി യോഗം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള  31 സ്ഥാനാർഥികളുടെ പട്ടികയ്ക്ക് കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയെന്ന് സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. സിറ്റിങ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെ എല്ലാവരും അതാത്‌ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിക്കാനില്ലെന്ന് അറിയിച്ച കെ.ബാബുവിനെയും(തൃപ്പൂണിത്തുറ) ഒഴിവാക്കി. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ  തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാവൂ. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.

തൃപ്പൂണിത്തുറ സിറ്റിങ് എംഎൽഎ കെ.ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയ സാഹചര്യത്തിലാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്‌.

മത്സരിക്കാൻ കെ.സുധാകരനടക്കമുള്ള ചില എംപിമാർ താത്പര്യം അറിയിച്ചിരുന്നു. എന്നാൽ ആരേയും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് ദേശീയ നേതൃത്വം നിലവിൽ കൈക്കൊണ്ടത്.

സീറ്റ് ഉറപ്പിച്ച സിറ്റിങ് എംഎൽഎമാർ ഇവരാണ്..

1.പേരാവൂർ- സണ്ണി ജോസഫ്

2.ഇരിക്കൂർ-സജീവ് ജോസഫ്

3.സുൽത്താൻ ബത്തേരി-ഐ.സി ബാലകൃഷ്ണൻ

4.കൽപറ്റ-ടി. സിദ്ദിഖ്

5.വണ്ടൂർ-എ.പി അനിൽകുമാർ

6.നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്

7.ചാലക്കുടി-സനീഷ് കുമാർ ജോസഫ്

8.അങ്കമാലി-റോജി എം ജോൺ

9.ആലുവ-അൻവർ സാദത്ത്

10.പറവൂർ-വി.ഡി സതീശൻ

11.എറണാകുളം-ടി.ജെ വിനോദ്

12.തൃക്കാക്കര-ഉമ തോമസ്

13.മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ

14.കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ

15.പുതുപ്പള്ളി-ചാണ്ടി ഉമ്മൻ

16.ഹരിപ്പാട്-രമേശ് ചെന്നിത്തല

17.കരുനാഗപ്പള്ളി-സി ആർ മഹേഷ്

18.കുണ്ടറ-പി.സി വിഷ്ണുനാഥ്

19.കോവളം-എം. വിൻസെന്റ്

മറ്റു 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിലും ധാരണയായിട്ടുണ്ട്.

വട്ടിയൂർക്കാവ്-കെ. മുരളീധരൻ, കുന്നത്തുനാട്-വി.പി സജീന്ദ്രൻ, മണലൂർ-ടി.എൻ. പ്രതാപൻ, കൊടുങ്ങല്ലൂർ-ഒ.ജെ.ജനീഷ്, കൊട്ടാരക്കര-ഐഷ പോറ്റി, പത്തനാപുരം-ജ്യോതികുമാർ ചാമക്കാല, തൃത്താല-വി.ടി ബൽറാം, കൊയിലാണ്ടി-കെ. പ്രവീൺകുമാർ, നാദാപുരം-കെ.എം അഭിജിത്ത്, കോഴിക്കോട് നോർത്ത്-കെ ജയന്ത്, എലത്തൂർ-വിദ്യ ബാലകൃഷ്ണൻ, പൊന്നാനി-കെ.നൗഷാദലി എന്നിവിടങ്ങളിലാണ് തീരുമാനമായതെന്നാണ് റിപ്പോർട്ടുകൾ.

31 പേരുകൾ അംഗീകരിച്ചെങ്കിലും സാഹചര്യം നോക്കിയായിരിക്കും പ്രഖ്യാപനം എന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചത്.

Content Highlights: Approval of 31 candidates for Kerala Assembly elections., Most sitting MLAs retained in their current constituencies