മുഖ്യമന്ത്രിപ്പദവിക്കായി ‘മുഖംമൂടി’ ആക്രമണം; ആസൂത്രിതനീക്കം, നടപടിയെടുക്കാനൊരുങ്ങി കെ.പി.സി.സി.

#ബിജു പരവത്ത്
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

തിരുവനന്തപുരം: മുഖ്യമന്ത്രിക്കസേരയിലേക്ക് നേതാക്കളെ പ്രതിഷ്ഠിച്ച് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം അതിരുവിട്ടപ്പോൾ കോൺഗ്രസിൽ തർക്കം രൂക്ഷം. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻപ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ എന്നിവരെയാണ് അണികൾ ഉയർത്തിക്കാട്ടുന്നത്.

ഇതിൽ തങ്ങൾ പിന്തുണയ്ക്കുന്ന നേതാവ് ഒഴികെയുള്ള രണ്ടുപേരെ സാമൂഹികമാധ്യമത്തിൽ ആക്രമിക്കാൻ ഉണ്ടാക്കിയ 90 വ്യാജ ഐ.ഡി.കൾ കെ.പി.സി.സി. കണ്ടെത്തി. പ്രചാരണം അതിരുവിട്ടതോടെ, പ്രസ്താവനകൾക്കും സാമൂഹികമാധ്യമ ചർച്ചയ്ക്കും വിലക്കേർപ്പെടുത്തി. ഈ നില തുടരുന്നത് വോട്ടുചെയ്ത ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന അഭിപ്രായമുള്ള നേതാക്കളുണ്ട്. സൈബർപോരിനെ, തള്ളിപ്പറയാൻ മുഖ്യമന്ത്രിപ്പദത്തിലേക്ക് ഉയരുന്ന പേരുകാരാരും തയ്യാറാകുന്നില്ലെന്നതും മറ്റു നേതാക്കളെ പ്രകോപിപ്പിച്ചു. ഇവരുടെ ആവശ്യത്തെത്തുടർന്ന് ശനിയാഴ്ച രാത്രി കെ.പി.സി.സി. ഭാരവാഹികളുടെ അടിയന്തരയോഗംചേർന്നു.

നേതാക്കളുടെ സാമൂഹികമാധ്യമ പേജിൽ കമന്റിടുന്ന പല അക്കൗണ്ടുകളും മുഖ്യമന്ത്രിചർച്ച ആരംഭിച്ചതിനുശേഷം തുടങ്ങിയവയാണ്. ഏറെയും വ്യാജവുമാണ്. ഇതോടെയാണ് ആസൂത്രിതനീക്കമുണ്ടെന്ന് ബോധ്യമായത്. സാമൂഹികമാധ്യമ കോഡിനേറ്റർ വിമല ബിനു, കെ.സി. വേണുഗോപാലിനെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരെയും സൈബറിടത്തിൽ ആക്രമിക്കണമെന്ന് രഹസ്യക്കൂട്ടായ്മയിൽ ആഹ്വാനംചെയ്തത് പരസ്യമായതോടെ കൈവിട്ട കളിയാണ് നടക്കുന്നതെന്ന ബോധ്യം കെ.പി.സി.സി.ക്ക് ഉണ്ടായി.

കോഡിനേറ്റർക്കെതിരേ നടപടി സ്വീകരിക്കാതിരുന്നതോടെ സൈബർ വിഭാഗത്തിന്റെ ചുമതലവഹിക്കുന്ന ഹൈബി ഈഡനെതിരേയും വിമർശനമുയർന്നു. ചുമതല ഒഴിയാനുള്ള സന്നദ്ധത ഹൈബി പ്രകടിപ്പിച്ചതായാണ് വിവരം. എന്നാൽ, ഔദ്യോഗികമായി കെ.പി.സി.സി.യെ അറിയിച്ചിട്ടില്ല. ഭാരവാഹി യോഗത്തിലുണ്ടാകുന്ന അഭിപ്രായങ്ങൾകൂടി പരിഗണിച്ചായിരിക്കും കോഡിനേറ്റർക്കെതിരേയുള്ള നടപടിയടക്കം തീരുമാനിക്കുക.

വിലക്ക് ലംഘിച്ചാൽ നടപടി -സണ്ണി ജോസഫ്

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്നവിധം പത്ര, ദൃശ്യ, സാമൂഹിക മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്താൻ പാടില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകൾ അണികളിലും യു.ഡി.എഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇതിൽനിന്ന് പിന്തിരിയാൻ എ.ഐ.സി.സി.യും നിർദേശം നൽകിയിട്ടുണ്ട്. ഇനിയും തുടർന്നാൽ കർശനനടപടി ഉണ്ടാവുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Content Highlights: Internal conflict in Kerala Congress regarding the 2026 CM candidate face., KPCC identified 90 fake social media IDs used to target party leaders., Controversy involving social media coordinator Vimala Binu and Hibi Eden., Official ban imposed by KPCC President Sunny Joseph on public statements regarding leadership., Strict disciplinary action warned for those violating the social media gag order.