മുഖ്യമന്ത്രിയെ തടഞ്ഞതിൽ കോൺഗ്രസിലെ ഗ്രൂപ്പ് വൈരവും; ചേന്തി അനിൽ രമേശ് ചെന്നിത്തലയുടെ അനുയായി

#ന്യൂസ് ഡെസ്ക്
ചേന്തി അനിൽ മുഖ്യമന്ത്രിയോട് കയർക്കുന്നു, ചേന്തി അനിൽ കസ്റ്റഡിയിൽ
ചേന്തി അനിൽ മുഖ്യമന്ത്രിയോട് കയർക്കുന്നു, ചേന്തി അനിൽ കസ്റ്റഡിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കോൺഗ്രസ് നേതാക്കൾ തടഞ്ഞതിനുപിന്നിൽ പ്രോട്ടക്കോൾ പ്രകാരമുള്ള തീരുമാനങ്ങൾക്കപ്പുറം കോൺഗ്രസിലെ ഗ്രൂപ്പ് വൈരവും കാരണമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കൈകാണിച്ചത് മുതിർന്ന കോൺഗ്രസ് നേതാക്കളടക്കമാണ്. സൗഹൃദത്തോടെ പുറത്തിറങ്ങിയ വി.ഡി. സതീശനുനേരേ ഒരു പ്രകോപനവുമില്ലാതെയാണ് ഡി.സി.സി. അംഗം ചേന്തി അനിലിന്റെ ഭാഗത്തുനിന്ന് മോശം സംസാരം ഉണ്ടായതെന്നാണ് ഇവർ പറയുന്നത്.

മന്ത്രി രമേശ് ചെന്നിത്തലയുടെ അനുയായിയായാണ് ചേന്തി അനിൽ അറിയപ്പെടുന്നത്. ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി.ക്കുമുന്നിൽ അനിൽ ഫ്ളക്‌സ് ബോർഡ് സ്ഥാപിച്ചത് വാർത്തയായിരുന്നു. അനിലിന്റെ അറസ്റ്റുസംബന്ധിച്ച ചോദ്യങ്ങളോട് ഒറ്റവരി മറുപടിപറഞ്ഞ് മന്ത്രി രമേശ് ചെന്നിത്തലയും ഒഴിഞ്ഞുമാറുകയായിരുന്നു.

അനിലിന്റെ ജാമ്യഹർജി കോടതി പരിഗണിച്ചപ്പോൾ മൃദുസമീപനമാണ് സർക്കാർ അഭിഭാഷക സ്വീകരിച്ചത്. ചേന്തിയിലെ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ പ്രതി തടഞ്ഞില്ലെന്ന പ്രതിഭാഗം വാദം ഖണ്ഡിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടേത് ഔദ്യോഗിക പരിപാടിയായിരുന്നില്ലെന്നും അതിനാൽ കേസ് നിലനിൽക്കില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം.

മുഖ്യമന്ത്രിയുടെ ഔദ്യോഗികകൃത്യം പ്രതി തടസ്സപ്പെടുത്തിയെന്ന് ശ്രീകാര്യം പോലീസ് വ്യക്തമാക്കിയിട്ടും സർക്കാർ അഭിഭാഷക ഇക്കാര്യം കോടതിയെ ധരിപ്പിച്ചില്ല. ജാമ്യഹർജിയിൽ കോടതി തിങ്കളാഴ്ച വിധിപറയും.

മുഖ്യമന്ത്രിയുടെ അടുത്തയാളായ കോൺഗ്രസ് നേതാവ് ചെമ്പഴന്തി അനിലിന്റെ നിർദേശപ്രകാരമാണ് താൻ സംഘടിപ്പിച്ച ചടങ്ങിൽനിന്ന് മുഖ്യമന്ത്രി മാറിയതെന്നാണ് ചേന്തി അനിലിന്റെ ആരോപണം. ചെമ്പഴന്തി അനിൽ അടക്കമുള്ളവർ സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു.

ചേന്തി അനിലിന്റെ പെരുമാറ്റം മനഃപൂർവമായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്.

സി.പി.എമ്മിന് ശക്തമായ സ്വാധീനമുള്ള ശ്രീകാര്യം, ആക്കുളം, ഉള്ളൂർ മേഖലകളിൽ കോൺഗ്രസിനും യു.ഡി.എഫിനും അടിത്തറയുണ്ടാക്കുന്നതിൽ അനിലും മുൻ കൗൺസിലറായിരുന്ന അന്തരിച്ച ഭാര്യ സിനിയും നിർണായക പങ്കുവഹിച്ചിരുന്നതായി മറുവിഭാഗവും പറയുന്നു.

Content Highlights: The incident involving DCC member Chenthi Anil stopping Chief Minister VD Satheesan's motorcade near Sreekaryam was reportedly fueled by internal Congress factional feuds and disputes over event participation.