വീണ്ടും ദുരന്തഭൂമിയിലെത്തി രാഹുല്‍; 'കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കും'

വയനാട്ടിലെ മുണ്ടക്കൈയില്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച സന്ദര്‍ശിച്ചപ്പോള്‍
വയനാട്ടിലെ മുണ്ടക്കൈയില്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച സന്ദര്‍ശിച്ചപ്പോള്‍

മേപ്പാടി: ഉരുള്‍പൊട്ടല്‍ കവര്‍ന്നെടുത്ത വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ വെള്ളിയാഴ്ചയും സന്ദര്‍ശനം നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിക്കൊപ്പം വ്യാഴാഴ്ചയും രാഹുല്‍ ദുരന്ത പ്രദേശത്തും ക്യാമ്പുകളിലും സന്ദര്‍ശനം നടത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ജില്ലാ അധികൃതരുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി. ചൂരല്‍മലയിലെ ഫോറസ്റ്റ് ഓഫീസില്‍വെച്ചായിരുന്നു ചര്‍ച്ച. ദുരന്തത്തില്‍ അവശേഷിച്ചവര്‍ക്കായി കോണ്‍ഗ്രസ് നൂറിലധികം വീടുകള്‍ നിര്‍മിച്ച് നല്‍കുന്നെന്ന് രാഹുല്‍ പറഞ്ഞു.

'ഇന്നലെ മുതല്‍ ഇവിടെയുണ്ട്. ഇത് വല്ലാത്തൊരു ദുരന്തമാണ്. ഞങ്ങള്‍ ഇന്നലെ ദുരന്തപ്രദേശത്ത് പോയിരുന്നു. ക്യാമ്പുകളില്‍ പോയി അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് അധികൃതരുമായി ചര്‍ച്ച നടത്തി. നാശനഷ്ടങ്ങളേക്കുറിച്ചും പുനരധിവാസത്തേക്കുറിച്ചും അവര്‍ വിവരിച്ചു. സാധ്യമായ സഹായങ്ങളെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നൂറിലധികം വീടുകള്‍ കോണ്‍ഗ്രസ്  ഇവിടെ നിര്‍മിച്ചുനല്‍കും. കോണ്‍ഗ്രസ് കുടുംബം അതിന് പ്രതിജ്ഞാബദ്ധമാണ്', രാഹുല്‍ പറഞ്ഞു.

കേരളം ഇത്ര വലിയൊരു ദുരന്തം ഇതിന് മുമ്പ് അഭിമുഖീകരിച്ചിട്ടില്ല. ഡല്‍ഹിയില്‍ ദുരന്തം സംബന്ധിച്ച കാര്യങ്ങളെല്ലാം ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രിയുമായും ഇക്കാര്യം സംസാരിക്കും. പ്രത്യേകം പരിഗണിക്കപ്പെടേണ്ട ഒരു സാഹചര്യമാണ് ഇവിടുത്തേതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Congress family would like to commit to build 100 plus houses wayanad-rahul gandhi