പാലായിൽ 4 കൗൺസിലർമാരെ പുറത്താക്കി കോൺഗ്രസ്; നടപടി ദിയയ്‌ക്കെതിരായ അവിശ്വാസത്തെ പിന്തുണച്ചതിന്

കോട്ടയം: പാലാ നഗരസഭയിലെ ചെയർപേഴ്‌സണിനെതിരേ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച നാല് കോൺഗ്രസ് അംഗങ്ങൾക്കെതിരേ നടപടി.
കൗൺസിലർമാരായ രജിത പ്രകാശ്, ലിസ്സിക്കുട്ടി മാത്യു, ടോണി തൈപ്പറമ്പിൽ, ബിജു മാത്യു എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് നീക്കംചെയ്തതായി ഡിസിസി പ്രസിഡന്റും ഏറ്റുമാനൂർ എംഎൽഎയുമായ നാട്ടകം സുരേഷ് അറിയിച്ചു. കെപിസിസി അധ്യക്ഷന്റെ നിർദേശാനുസരണമാണ് നടപടി. ഈ നാലുപേർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞ നാട്ടകം സുരേഷ്, പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.
സ്വതന്ത്രകൂട്ടായ്മയിലെ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെ ആയിരുന്നു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ ഭരണം യുഡിഎഫ് പിടിച്ചെടുത്തത്. ഈ കൂട്ടായ്മയിലെ അംഗമായ ദിയ ബിനു പുളിക്കക്കണ്ടമായിരുന്നു ചെയർപേഴ്‌സൺ. എന്നാൽ, ഭരണത്തിലേറി അൽപകാലത്തിനുള്ളിൽതന്നെ സ്വതന്ത്രകൂട്ടായ്മയും കോൺഗ്രസ് അംഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാവുകയും പ്രതിസന്ധി രൂപപ്പെടുകയുമായിരുന്നു. ഈ സാഹചര്യം എൽഡിഎഫ് പ്രയോജനപ്പെടുത്തിയതോടെ അവിശ്വാസ പ്രമേയവുമെത്തി.
ചൊവ്വാഴ്ച എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രയും പിന്തുണച്ചതോടെയാണ് പാസായത്. ദിയക്ക് ചെയർപേഴ്‌സൺ സ്ഥാനം നഷ്ടമാവുകയും ചെയ്തു. 26 അംഗ നഗരസഭയിൽ അവിശ്വാസപ്രമേയം പാസാകാൻ വേണ്ടിയിരുന്നത് 14 അംഗങ്ങളുടെ പിന്തുണയായിരുന്നു. എൽഡിഎഫിന്റെ 12 അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ 17 എന്ന ഭൂരിപക്ഷത്തിൽ അവിശ്വാസം പാസാവുകയായിരുന്നു.
Content Highlights: Four Congress councilors expelled for cross-voting in Pala municipality., LDF no-confidence motion passed with 17 votes against Chairperson Diya Binu., Internal conflict between Congress and independent members led to the administration crisis., DCC President Nattakam Suresh confirmed the disciplinary action.