മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക്: സതീശനായി പന്തംകൊളുത്തിപ്രകടനം; രമേശിനും കെ.സിക്കുംവേണ്ടി ഫ്ലക്സുകൾ

#ന്യൂസ് ഡെസ്ക്
Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേക്ക് വ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം ആർക്ക് ലഭിക്കും എന്നത് സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകൾക്ക് പുറമെ കെ.സി. വേണുഗോപാൽ എം.പിയുടെ പേരും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്നുപേർക്ക് വേണ്ടിയും വിവിധയിടങ്ങളിൽ മത്സരിച്ച് ഫ്ലക്സും ബാനറുകളും ഉയർന്നു.

ഇതിനിടെ, വി.ഡി സതീശനുവേണ്ടി സംസ്ഥാനത്തിന്റെ പലയിടത്തും ഫ്ളക്സുകൾ ഉയരുകയും പ്രകടനങ്ങൾ നടക്കുകയും ചെയ്യുന്നുണ്ട്. തിരഞ്ഞെടുപ്പ് നയിച്ച വി.ഡി. സതീശൻതന്നെ മുഖ്യമന്ത്രിയാകട്ടെ എന്നാണ് അണികളിൽ പലരും പറയുന്നത്.

വി.ഡി. സതീശന് വേണ്ടി എരുമേലി പമ്പാവാലിയിൽ പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തി. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറാകണമെന്ന് പ്രതിഷേക്കാർ ആവശ്യപ്പെട്ടു. മുൻ പഞ്ചായത്തംഗം അടക്കമുള്ളവർ പ്രകടനത്തിൽ പങ്കെടുത്തു. സതീശനെ പിന്തുണച്ച് കോട്ടയം പ്രസ് ക്ലബ്ബിന് മുമ്പിൽ ഫ്ലക്സും ഉയർന്നു. ‘വി.ഡി. നിലപാടുകളുടെ രാജകുമാരൻ’ എന്ന അടിക്കുറിപ്പോടെയാണ് ഫ്ലക്സ്. തങ്ങളുടെ പ്രതിഷേധം നേതൃത്വത്തിന് നൽകുന്ന മുന്നറിയിപ്പാണെന്നും വി.ഡി. സതീശന് വേണ്ടി രംഗത്തെത്തിയവർ പറഞ്ഞു.

കഴിഞ്ഞദിവസം ചെന്നിത്തല ഡൽഹിയിൽ എത്തി ഹൈക്കമാൻഡുമായി ചർച്ച നടത്തിയിരുന്നു. വൈകുന്നേരം കേരളത്തിൽ എഐസിസി നിരീക്ഷകരെത്തിയതിനു പിന്നാലെ തന്നെ അദ്ദേഹം തിരികെ കേരളത്തിലെത്തുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ പാർട്ടി സംബന്ധിയായ കാര്യങ്ങൾ ചർച്ചചെയ്യാൻ വേണ്ടിയാണ് ഡൽഹിക്ക് പോയതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. 

കെ.സി. വേണുഗോപാലിനുവേണ്ടി വിവിധയിടങ്ങളിൽ ഫ്ലക്സ് ഉയർന്നിട്ടുണ്ട്. കെ.സി. നയിക്കട്ടെ എന്ന മുദ്രാവാക്യം അണികളിൽ ചിലർ ഫേയ്സ്ബുക്കിലും തെരുവിലും ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ, എം.പി.മാർ മത്സരിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി എടുത്തിരുന്നത്. ഈ ഒരു തീരുമാനം നിലനിൽക്കെ കെ.സി.ക്ക് വേണ്ടി മാത്രം തീരുമാനം മാറ്റുന്നതിൽ പാർട്ടിക്കുള്ളിൽ അസ്വാരസങ്ങൾ ഉയർന്നിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഇതുസംബന്ധിച്ച് ചർച്ചകളും നടക്കുന്നുണ്ട്.

യുഡിഎഫിന്റെ മുഖ്യമന്ത്രിയാര് എന്ന കാര്യത്തിൽ തീരുമാനം എടുക്കുന്നതിനായി എഐസിസി നിരീക്ഷകരായ മുകുൾ വാസ്നികും അജയ് മാക്കനും കേരളത്തിലെത്തിയിട്ടുണ്ട്. വിവിധ എംഎൽഎമാരുമായും യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയശേഷം വിഷയത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

Content Highlights: Internal friction within Congress over 2026 CM candidacy., Protests erupted in Pamba supporting VD Satheesan., AICC observers Mukul Wasnik and Ajay Maken initiating talks., UDF final decision on CM candidate pending.