തൃപ്പൂണിത്തുറയിൽ ദീപക് ജോയിയെ നിർദേശിച്ച് കെ.ബാബു; കൊച്ചിയിൽ മുഹമ്മദ് ഷിയാസ് സ്ഥാനാർഥിയായേക്കും

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
ദീപ് ജോയ്, മുഹമ്മദ് ഷിയാസ് |ഫോട്ടോ:മാതൃഭൂമി
ദീപ് ജോയ്, മുഹമ്മദ് ഷിയാസ് |ഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ദീപക് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ച് കെ ബാബു. കൊച്ചി ഡെപ്യുട്ടി മേയറാണ് ദീപക് ജോയ്. തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയായ കെ ബാബു വീണ്ടും മത്സരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. യുഡിഎഫിന് പ്രതീക്ഷയുള്ള ഈ മണ്ഡലത്തിൽ മത്സരിക്കാനുള്ള ആഗ്രഹം എം ലിജു, അജയ് തറയിൽ തുടങ്ങിയവർ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.

എന്നാൽ സിറ്റിങ് എംഎൽഎ എന്ന നിലയിൽ കെ ബാബുവിന്റെ നിലപാട് കോൺഗ്രസ് നേതൃത്വം ആരാഞ്ഞിരുന്നു. തുടർന്നാണ് ദീപക് ജോയിയുടെ പേര് ബാബു മുന്നോട്ട് വച്ചത്. ഇതോടെ എം ലിജു, അജയ് തറയിൽ എന്നിവരുടെ സാധ്യത മങ്ങി.

കൊച്ചിയിൽ മുഹമ്മദ് ഷിയാസ്, വൈപ്പിനിൽ ഷാരോൺ പനക്കൽ

2021ൽ കൈവിട്ടു പോയ കൊച്ചി, വൈപ്പിൻ എന്നീ മണ്ഡലങ്ങളിൽ ഇത്തവണ യുവാക്കളെ രംഗത്തിറക്കി തിരിച്ചുപിടിക്കാൻ ആണ് കോൺഗ്രസ് നീക്കം. കൊച്ചിയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പേരിന് ആണ് മുൻതൂക്കം. വൈപ്പിനിൽ ഷാരോൺ പനക്കലിന്റെ പേരിന് മുൻതൂക്കം ലഭിച്ചതായാണ് സൂചന. മനു ജേക്കബ്, ടോണി ചിമ്മിണി എന്നീ പേരുകളും വൈപ്പിനിൽ പരിഗണനയിൽ ഉണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ് പരാജയപ്പെട്ട കുന്നത്തുനാട് മണ്ഡലത്തിൽ വി.പി.സജീന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും.

Content Highlights: K Babu proposes Deputy Mayor Deepak Joy for the Thrippunithura seat., Congress planning to field young candidates in Kochi and Vypin constituencies