രാജസ്ഥാനില്‍ സിപിഎമ്മിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന്- എം.വി ഗോവിന്ദൻ

തിരുവനന്തപുരം: രാജസ്ഥാന് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നാണ് സി.പി.എമ്മിനെ തോല്‍പ്പിച്ചതെന്ന ആരോപണവുമായി എം.വി. ഗോവിന്ദന്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലത്തേക്കുറിച്ച് പ്രതികരിക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ അടവ് തന്നെയാണ് ബി.ജെ.പിയും കോണ്‍ഗ്രസും രാജസ്ഥാനില്‍ സി.പി.എമ്മിനെതിരെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങളുടെ ദൗര്‍ബല്യത്തെ കുറിച്ച് ശരിക്ക് പരിശോധിക്കും. പക്ഷേ രാജസ്ഥാനില്‍ കോണ്‍ഗ്രസും ബി.ജെ.പിയുംകൂടി ചേര്‍ന്ന് ഞങ്ങളെ തോല്‍പ്പിക്കാന്‍ വേണ്ടി കളിക്കുകയാണ് ചെയ്തത്. കേരളത്തിലെ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും അടവ് തന്നെയാണ് അവിടെ എടുത്തത്. അത് ഞങ്ങള്‍ക്ക് നന്നായി മനസിലായിട്ടുണ്ട്', അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എം.വി. ഗോവിന്ദന് പറഞ്ഞു.
രാജസ്ഥാനിലെ സിറ്റിങ് സീറ്റില്‍ സി.പി.എം മൂന്നാം സ്ഥാനത്തെത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന്, 'നിങ്ങള്‍ക്ക് മൂന്നാം സ്ഥാനത്തെ കുറിച്ച് പറയാനാണ് ഇഷ്ടം, എനിക്ക് അത് ഇഷ്ടമല്ല.' എന്നായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ മറുപടി.
ഇപ്പൊ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് 50 ശതമാനം വോട്ടില്ല. ദേശീയാടിസ്ഥാനത്തില്‍ ആകെ അവര്‍ക്കുള്ള വോട്ട് 37 ശതമാനമാണ്. രാജ്യത്തെ 63 ശതമാനം ആളുകള്‍ ബി.ജെ.പി. വിരുദ്ധരാണെന്നാണ് അതിന്റെ അര്‍ത്ഥം. ഈ വോട്ടുകള്‍ ഓരോ സംസ്ഥാനത്തും കൃത്യമായി യോജിപ്പിച്ച് അണിനിരത്താന്‍ സാധിച്ചാല്‍ ഇനിയും 'ഇന്ത്യ'യ്ക്ക് അവസരമുണ്ട്. ആ അവസരം ഫലപ്രദമായി കൈകാര്യം ചെയ്യണമെന്നാണ് സി.പി.എം. പറയുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ബി.ജെ.പിയെ തോല്‍പ്പിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. അവരിപ്പൊ തന്നെ ഭരണഘടനയ്ക്ക് ബദലുണ്ടാക്കിയല്ലോ. അതില്‍ അവര്‍ പറയുന്നത് ഹിന്ദുരാഷ്ട്രമാണിത് എന്നാണ്. ഹിന്ദുക്കള്‍ക്ക് മാത്രമേ വോട്ടവകാശമുണ്ടാകൂ എന്നാണ്. അതിലെ ഹിന്ദു എന്നാല്‍ സവര്‍ണ്ണഹിന്ദു മാത്രമായിരിക്കും. അത് 15 ശതമാനമേ ഉള്ളൂ. പട്ടികജാതിയും പട്ടികവര്ഗവുമൊന്നും ഹിന്ദുവിന്റെ പട്ടികയില്‍ അവര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതെല്ലാം ചണ്ഡാളവിഭാഗമാണ്, എം.വി. ഗോവിന്ദന് പറഞ്ഞു.