ആനയെക്കൊണ്ട് രഹസ്യമായി തടികയറ്റിച്ച് യൂണിയൻ നേതാവ്; ചോദ്യംചെയ്ത തൊഴിലാളികൾക്കുനേരെ പാഞ്ഞടുത്ത് ആന, കത്തിവീശി പാപ്പാൻ

വണ്ണപ്പുറം(ഇടുക്കി): തൊഴിൽനിബന്ധന തെറ്റിച്ച് രഹസ്യമായി ആനയെക്കൊണ്ട് ലോറിയിൽ തടികയറ്റിയ യൂണിയൻ നേതാവിനെ തൊഴിലാളികൾ ചോദ്യംചെയ്തു. തർക്കത്തിനിടെ തൊഴിലാളികൾക്കുനേരേ ആന പാഞ്ഞടുത്തു. തൊഴിലാളികൾ ഓടിരക്ഷപ്പെട്ടു. യൂണിയൻ നേതാവിനൊപ്പം എത്തിയ പാപ്പാൻ മനഃപൂർവം തൊഴിലാളികൾക്കുനേരേ ആനയെ തിരിക്കുകയായിരുന്നുവെന്നാണ് ആരോപണം. പാപ്പാൻ തൊഴിലാളികൾക്കുനേരേ കത്തിവീശിയെന്നും പരാതിയുയർന്നു.
ഞായറാഴ്ച വൈകീട്ട് അമ്പലപ്പടിയിലായിരുന്നു സംഭവം. ഇവിടെ ഒരു വ്യക്തിയുടെ ഭൂമിയിൽ തടി മുറിച്ചിട്ടിട്ടുണ്ടായിരുന്നു. ഇത് കയറ്റാനായാണ് ഒരു എസ്ടിയു നേതാവ് ലോറിയുമായി എത്തിയത്. തടി ലോറിയിൽ കയറ്റാൻ കരിമണ്ണൂരിൽനിന്ന് നാട്ടാനയെയും കൊണ്ടുവന്നു.
പ്രദേശത്തെ യൂണിയൻ തൊഴിലാളികൾക്ക് ജോലിചെയ്യാൻ ടേൺ നിശ്ചയിച്ചിട്ടുണ്ട്. ആനയെ ഉപയോഗിച്ച് ജോലിചെയ്യിക്കുമ്പോൾ, തൊഴിലാളികളുടെ തൊഴിൽനഷ്ടം പരിഹരിക്കുന്നതിനായി സർക്കാർ അംഗീകൃത തുക യൂണിയനിൽ അടയ്ക്കണം. ഈ തുക നൽകാതിരിക്കാൻ, ആരുമറിയാതെ നേതാവുതന്നെ ആനയെ കൊണ്ടുവരുകയായിരുന്നുവെന്നാണ് ആരോപണം. ഇതറിഞ്ഞാണ് സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾ സംഘടിച്ചെത്തിയത്. തർക്കത്തിനിടെ ആന ഇടഞ്ഞു.
തൊഴിലാളികൾ ജീവനുംകൊണ്ട് പാഞ്ഞപ്പോൾ ആനയെ പാപ്പാൻ തിരികെ ലോറിയിൽ കയറ്റി കൊണ്ടുപോയി. പ്രശ്നം വഷളായതോടെ കാളിയാർ പോലീസെത്തി. തുടർന്ന് ഇരുകൂട്ടരുമായി ചർച്ചചെയ്ത് പ്രശ്നം താത്കാലികമായി പരിഹരിച്ചു.
Content Highlights: conflict between union leader and workers over using elephant to load timber