കോതമംഗലത്ത് നബി ദിനാഘോഷത്തില്‍ ഭക്ഷണ വിതരണത്തിനിടെ കൂട്ടയടി; പോലീസ് കേസെടുത്തു

സംഘര്‍ഷത്തില്‍നിന്ന്
സംഘര്‍ഷത്തില്‍നിന്ന്

കൊച്ചി: കോതമംഗലത്ത് നബി ദിനാഘോഷത്തില്‍ ഭക്ഷണ വിതരത്തിനിടെ കൂട്ടയടി. മടിയൂര്‍ ജുമാ മസ്ജിദ് വളപ്പില്‍ പഴയ ഭരണസമിതിക്കാരും പുതിയ ഭരണസമിതിക്കാരും തമ്മിലാണ് അടിയുണ്ടായത്. സംഭവത്തില്‍ പോത്താനിക്കാട് പോലീസ് കേസെടുത്തു. 

പള്ളിയിലെ പുതിയ ഭരണസമിതിയുടെ ചുമതല വഹിക്കുന്നവരും പഴയ സമിതിയുടെ ചുമതല വഹിക്കുന്നവരും തമ്മില്‍ കഴിഞ്ഞ കുറേനാളുകളായി തര്‍ക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. അതിനാല്‍ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ സ്ഥലത്തെത്തിയിരുന്നു. ഭക്ഷണവിതരണം തുടങ്ങുന്ന ഘട്ടത്തിലാണ് സംഘര്‍ഷമുണ്ടായത്.

പഴയ ഭരണ സമിതിയിലുള്ളവര്‍ ഇവിടേക്കെത്തി കാര്യങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ശ്രമിച്ചത് പുതിയ ഭരണ സമിതിക്കാര്‍ ചോദ്യംചെയ്തതോടെ വാക്കുതര്‍ക്കത്തിലേക്കും തുടര്‍ന്ന് കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇടപെട്ട് ഉടന്‍തന്നെ രംഗം ശാന്തമാക്കി. 

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത പോലീസ് പഴയ ഭരണസമിതിയുടെയും പുതിയ ഭരണസമിതിയിലേയും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. 

Content Highlights: conflct during nabi dinam celebration at kothamangalam