ഇ.പി ജയരാജനെതിരായ പരാതി, വിവാദത്തിന് പിന്നില്‍ തലപ്പത്തെ മാറ്റവും ?

ഇ.പി. ജയരാജന്‍, പി. ജയരാജന്‍ | ഫയല്‍ ചിത്രം/ മാതൃഭൂമി
ഇ.പി. ജയരാജന്‍, പി. ജയരാജന്‍ | ഫയല്‍ ചിത്രം/ മാതൃഭൂമി

കോഴിക്കോട്: കണ്ണൂര്‍ ആന്തൂരിലെ ആയുര്‍വേദ ആശുപത്രിയും റിസോര്‍ട്ടും ഉള്‍പ്പെടുന്ന പദ്ധതിയുടെ ഭരണതലപ്പത്ത് ഈയിടെ ഉണ്ടായ പടലപിണക്കങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദമായി മാറിയതെന്നാണ് സൂചനകള്‍. സി.പി.എമ്മിലെ പ്രമുഖ നേതാക്കളില്‍ ചിലര്‍ ഇക്കാര്യത്തില്‍ രണ്ടു പക്ഷത്തുമുണ്ട്.

രാഷ്ട്രീയക്കാരല്ലാത്ത പ്രവാസികളാണ് ഡയറക്ടര്‍മാരില്‍ ഏറെയും. ഏഴു നിക്ഷേപകരുമുണ്ട്. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്റെ ഭാര്യ ഇന്ദിരയും മകന്‍ ജെയ്സണ്‍ രാജും ഡയറക്ടര്‍മാരുടെ പട്ടികയിലുണ്ടെന്നത് പുതിയ കാര്യമല്ല. 

സി.പി.എം. നേതൃത്വത്തിലുള്ളവര്‍ക്കും അറിയുന്ന കാര്യവുമാണ്. എന്നാല്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് തലശ്ശേരിയിലെ വ്യവസായ പ്രമുഖനായ കെ.പി. രമേഷ് കുമാര്‍ മാറിയതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണമെന്നാണ് സൂചനകള്‍.

സി.പി.എം. ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ള രമേഷ് കുമാറായിരുന്നു അഞ്ചു വര്‍ഷമായി സ്ഥാപനത്തിന്റെ എം.ഡി. ഈയിടെ ചില പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഒഴിഞ്ഞു.പകരം വിദ്യാഭ്യാസ-വാണിജ്യ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വന്ന കെ.സി. ഷാജി ചുമതലയേറ്റു. ഇതിന് പിന്നില്‍ ഇ.പി.യുടെ താത്പര്യം ഉണ്ടെന്ന പ്രചാരണമാണ് സി.പി.എം നേതൃത്വത്തെ ഉലക്കുന്ന വിധം വിവാദമായി വളര്‍ന്നത്.

പദ്ധതിക്കായുള്ള സ്ഥലമെടുപ്പ് വേളയിലും നിര്‍മ്മാണ ഘട്ടത്തിലും പരിസ്ഥിതിവാദികളില്‍ നിന്നും സി.പി.എമ്മില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. ഇതു മറികടക്കുന്നതില്‍ അന്ന് മന്ത്രിയായിരുന്ന ഇ.പി. ജയരാജന്റെ സ്വാധീനവും മകന്റെ സഹായവും നിക്ഷേപകര്‍ക്ക് ലഭിച്ചിരുന്നു. 

പദ്ധതിക്കായി സ്ഥലം കണ്ടെത്താനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായിയായി നിന്ന ബന്ധമാണ് ജെയ്സണെ ഓഹരി ഉടമയായും ഡയറക്ടറായും മാറ്റിയത്.വൈകാതെ അമ്മ ഇന്ദിരയും ഓഹരി ഉടമയായി ഡയറക്ടര്‍ ബോര്‍ഡിലെത്തി. ഇരുവരുടെയും നിക്ഷേപം ഒരു കോടിയോളം എന്നതാണ് വിവരം.

Content Highlights: ep jayarajan, cpm, pb, complaint