‘ലാഭവിഹിതം വാഗ്ദാനംചെയ്ത് പണം സമാഹരിച്ചു’; മുൻ MLA പ്രമോദ് നാരായണനുൾപ്പെടെ നാലുപേർക്കെതിരേ പരാതി

ചാരുംമൂട്: നിക്ഷേപത്തുകയ്ക്ക് ആനുപാതികമായി ലാഭവിഹിതം ലഭിക്കുമെന്നു വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യകമ്പനിയിൽ നിക്ഷേപിച്ച 25 ലക്ഷം രൂപ തിരികെത്തരുന്നില്ലെന്നാരോപിച്ച് മുൻ എം.എൽ.എ. പി.എൻ. പ്രമോദ് നാരായൺ അടക്കം നാലു പേർക്കെതിരേ നൂറനാട് പൊലീസിൽ പരാതി.
പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന ചാരുംമൂട് പാലമൂട്ടിലെ പ്രസ്ബി നോളജ് മാനേജ്‌മെന്റ് എന്ന കമ്പനിക്കെതിരേയാണു നൂറനാട് പുതുപ്പള്ളികുന്നം ഗൗരിഭവനത്തിൽ രവീന്ദ്രൻനായർ പരാതി നൽകിയത്.
സ്ഥാപനത്തിന്റെ പ്രമോട്ടർ ഡയറക്ടർമാരായ കെ. സാദിഖ് അലിഖാൻ, പ്രമോദ് നാരായൺ, ബിനോസ് കെ. തോമസ്, ഷിബു അബ്ദുൾ എന്നിവർ ചേർന്ന് 2014-2015 കാലഘട്ടത്തിൽ 10 തവണകളായി 25 ലക്ഷം രൂപ വാങ്ങിയെന്നാണു പരാതി. പകരം ഓഹരി സർട്ടിഫിക്കറ്റുകളാണു നൽകിയത്. ലാഭവിഹിതമോ പലിശയോ ലഭിച്ചില്ല. കമ്പനിയുടെ പേരിലുള്ള പ്രസിഡൻസി സ്‌കൂളിന്റെ പ്രവർത്തന നിലവാരം ഉയർത്തുന്നതിനാണു തുക വാങ്ങിയതെന്നും രവീന്ദ്രൻപിള്ള പറയുന്നു.
അതേസമയം, പരാതിക്കാരനായ രവീന്ദ്രൻ പിള്ള 2025 മേയ് 26 മുതൽ കമ്പനിയുടെ ചെയർമാൻ ആണെന്ന് കെ. സാദിഖ് അലിഖാൻ, ബിനോസ് കെ. തോമസ്, എ. ഷിബു അബ്ദുൾ എന്നിവർ പറഞ്ഞു. അദ്ദേഹം ചെയർമാനായ ഭരണസമിതിയാണു നിലവിലുള്ളത്. പോലീസിൽ പരാതി നൽകിയത് എന്തിനാണെന്ന് അറിയില്ലെന്നും ചെങ്ങന്നൂർ ഡിവൈ.എസ്.പിക്ക് പരാതി നൽകിയതായും അവർ പറഞ്ഞു.
2019-ൽ സ്ഥാപനത്തിന്റെ എല്ലാ ചുമതലകളിൽനിന്നും ഒഴിഞ്ഞതായി പ്രമോദ് നാരായൺ പറഞ്ഞു. കമ്പനിയിൽ സാമ്പത്തികമായോ ഭരണപരമായോ ചുമതലകളൊന്നുമില്ല. 2021-ൽ എം.എൽ.എ. ആയശേഷം ഡയറക്ടർ ബോർഡിൽനിന്നു രാജിവെച്ചതായും അദ്ദേഹം പറഞ്ഞു.
Content Highlights: A complaint was filed against former MLA P.N. Pramod Narayan and three others, alleging failure to return an investment of 25 lakh rupees in a private company, despite promises of proportional dividends.