രാഷ്ട്രീയത്തര്‍ക്കമായി KSU-MSF പോര്; രാഹുല്‍ഗാന്ധിയും പ്രിയങ്കയും അഭയംതേടി വന്നവരെന്ന് ലീഗ് നേതാവ്

കോഴിക്കോട്: കോളേജ് യൂണിയന് തിരഞ്ഞെടുപ്പില്‍ ചില കോളേജുകളിലെ കെഎസ്യു, എംഎസ്എഫ് പോര് തെരുവിലേക്കും സാമൂഹികമാധ്യമങ്ങളിലേക്കും പടര്‍ന്നു. മുന്നണിമര്യാദ കൈവിട്ടുള്ള വിദ്യാര്‍ഥിസംഘടനകളുടെ പോരിന് കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പ്രാദേശികനേതാക്കളും പിന്തുണയുമായെത്തിയതോടെ അത് യുഡിഎഫില്‍ രാഷ്ട്രീയവിവാദമായി.
കൊടുവള്ളിയില്‍ 'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു' എന്ന ബാനറിന് മറുപടിയായി രാഹുല്‍ഗാന്ധിയെയും പ്രിയങ്കയെയും അഭയംതേടിവന്നവരെന്ന് അധിക്ഷേപിച്ചുകൊണ്ടാണ് മുസ്ലിംലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ.എ. ഖാദര്‍ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടത്. അഭയംതേടിവന്ന ഇന്ദിരയുടെ പേരക്കുട്ടികള്‍ക്ക് തണലേകിയ ലീഗിന്റെ മതേതരത്വത്തിന് കെഎസ്യുവിന്റെ പുതിയ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നാണ് മണ്ഡലം ജനറല്‍ സെക്രട്ടറിയുടെ കുറിപ്പ്. വിവാദമായതോടെ അഭയംതേടിവന്നവര് എന്നത് ഒഴിവാക്കിയെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. കൊടുവള്ളി കെഎംഒ കോളേജിലെ തിരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ടാണ് എംഎസ്എഫിനെ വര്‍ഗീയമായി അധിേക്ഷപിച്ചുകൊണ്ടുള്ള കെഎസ്യുവിന്റെ വിവാദബാനര്.
ബാനറുയര്‍ത്തിയുള്ള വിജയാഹ്ളാദത്തില്‍ കൊടുവള്ളി മണ്ഡലം യുഡിഎഫ് കണ്‍വീനറും മണ്ഡലം പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തതില്‍ മുസ്ലിംലീഗിന് കടുത്ത പ്രതിഷേധമുണ്ട്. മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഇനി ഒരു സഹകരണവും വേണ്ടെന്നാണ് മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ബാനറുമായി അണിനിരന്നതില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് വിശദീകരണം തേടിയിട്ടുണ്ട്. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി ഡിസിസി ജനറല്‍ സെക്രട്ടറി ടി.കെ. രാജേന്ദ്രനെ ചുമതലപ്പെടുത്തിയതായി ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. എസ്എഫ്ഐയാണ് എംഎസ്എഫ് മതംപറഞ്ഞ് വോട്ടുവാങ്ങുന്ന സംഘടനയാണെന്ന ആരോപണമുന്നയിച്ചത്. അത് സ്വന്തം മുന്നണിയില്‍പ്പെട്ട കെഎസ്യു തന്നെ ഉന്നയിച്ചതാണ് എംഎസ്എഫിനെയും ലീഗ് നേതൃത്വത്തെയും കൂടുതല്‍ ചൊടിപ്പിച്ചത്.
വയനാട്ടില്‍ ടി. സിദ്ദിഖിനെയും ഐ.സി. ബാലകൃഷ്ണനെയും നിയമസഭ കാണിക്കില്ലെന്നുപറഞ്ഞ് എംഎസ്എഫ് പ്രകടനം നടത്തിയതിനെ ഇതുവരെ പരസ്യമായി തള്ളിപ്പറയാന്‍ ജില്ലയിലെ മുസ്ലിംലീഗ് നേതൃത്വം തയ്യാറാവാത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. മണ്ണാര്‍ക്കാട് കല്ലടിക്കോട് എംഇഎസ് കോളേജില്‍ എസ്എഫ്ഐക്കും ഫ്രറ്റേണിറ്റി മൂവ്മെന്റിനുമൊപ്പം നിന്ന കെഎസ്യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും വിവാദം അവസാനിച്ചിട്ടില്ല. സാധാരണ എംഎസ്എഫിന് ആധിപത്യമുള്ള മിക്ക കോളേജുകളിലും അവരും കെഎസ്യുവിന് ആധിപത്യമുള്ള കോളേജുകളില്‍ അവരും തനിച്ചാണ് മത്സരിക്കാറുള്ളത്. വിവാദമുണ്ടായ കോളേജുകളിലെല്ലാം കാലങ്ങളായി തര്‍ക്കമുണ്ട്. പക്ഷേ, ഈ രീതിയിലുള്ള പരസ്യമായ ആരോപണങ്ങള്‍ ആദ്യമായാണ്. തദ്ദേശ തിരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ ഇങ്ങനെയൊരു വിവാദമുണ്ടായത് ശരിയായില്ലെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്.
തര്‍ക്കങ്ങള്‍ ശുഭകരമല്ല
ചില കാംപസുകളില്നിന്നെങ്കിലും പുറത്തുവരുന്ന കെഎസ്യു-എംഎസ്എഫ് തര്‍ക്കങ്ങള്‍ ശുഭകരമല്ല. മുന്നണിയോ ഒറ്റയ്ക്കോ എന്നെല്ലാം തീരുമാനിക്കപ്പെടുന്നത് കാംപസുകളിലെ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ പരിശോധിച്ചാണ്. സൗഹൃദമത്സരത്തിലപ്പുറം പരസ്പരപോരുകളിലേക്കും വ്യക്തി അധിക്ഷേപത്തിലേക്കും സംഘടനകളെ അധിക്ഷേപിക്കുന്ന തരങ്ങളിലേക്കും കാര്യങ്ങള്‍ എത്തിക്കരുത്.
അലോഷ്യസ് സേവ്യര്‍
സംസ്ഥാനപ്രസിഡന്റ് , കെഎസ്യു
നടന്നത് യുക്തിരാഹിത്യം
വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായത് യുക്തിരഹിതമായ പ്രവര്‍ത്തനമാണ്. കൊടുവള്ളിയില്‍ എസ്എഫ്ഐയുടെ മുദ്രാവാക്യത്തെയാണ് കെഎസ്യു ഏറ്റെടുത്തത്. വയനാട്ടില്‍ എംഎസ്എഫ് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായതും ന്യായീകരിക്കാന്‍ കഴിയുന്നതല്ല.
പി.കെ. നവാസ്
സംസ്ഥാനപ്രസിഡന്റ്, എംഎസ്എഫ്
Content Highlights: Political rift between KSU and MSF student organizations spills into streets & social media in Kozhikode. UDF faces internal controversy as local leaders get involved. Read more.