28 വർഷം മുൻപ് റാഗിങ്ങിൽ മനസ്സ് കെെവിട്ടു, സ്വന്തം കണ്ണ് ചൂഴ്ന്നെടുത്തു; സാവിത്രി മരണത്തിന് കീഴടങ്ങി

ചെറുവത്തൂർ: മിടുക്കിയായിരുന്നു സാവിത്രി. സ്കൂളിൽ പഠനത്തിലും പാഠ്യേതരവിഷയങ്ങളിലും മികവ് പുലർത്തിയിരുന്നു. യുവജനോത്സവങ്ങളിൽ നൃത്തയിനങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു. പക്ഷേ, റാഗിങ് തകർത്ത ആ ജീവൻ 28 വർഷത്തിനിപ്പുറം പൊലിഞ്ഞു. കോളേജിലെ മുതിർന്ന വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായി ജീവിതം തകർന്ന വെങ്ങാട്ടെ എം.വി. സാവിത്രി (45) തിങ്കളാഴ്ചയാണ് മരിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലായിരുന്നു അന്ത്യം.
1996-ൽ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ പഠനകാലത്താണ് സാവിത്രി റാഗിങ്ങിനിരയായത്. എസ്എസ്എൽസിയിൽ ഉന്നതവിജയം നേടിയ സാവിത്രിയെ പ്രീഡിഗ്രിക്ക് നെഹ്‌റു കോളേജിൽ ചേർത്തു. നാലുപെൺമക്കളുള്ള കുടുംബത്തിലെ പ്രതീക്ഷയായിരുന്നു. മൂന്നുദിവസം മാത്രമേ കോളേജ് ജീവിതമുണ്ടായിരുന്നുള്ളു. മുതിർന്ന വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായ സാവിത്രി മാനസികമായി തളർന്നു. പിന്നീട് കോളേജിൽ പോയില്ല, വീട്ടിൽനിന്ന് പുറത്തിറങ്ങിയതുമില്ല. തന്നെ വേദനിപ്പിച്ചവരെ ഇനി കാണേണ്ടതില്ലെന്ന് തീരുമാനിച്ച അവൾ തന്റെ വലുതുകണ്ണ് ചൂഴ്‌ന്നെടുത്ത് ജീവിതം ഇരുളാക്കിമാറ്റി. സാമ്പത്തികമായി പിന്നാക്കമെങ്കിലും അമ്മ എം.വി. വട്ടിച്ചിയും സഹോദരിമാരും ദീർഘകാലം സാവിത്രിയെ ചികിത്സയ്ക്ക് വിധേയമാക്കി. തിരുവനന്തപുരത്തെ ചിത്തരോഗ ആസ്പത്രിയിലായിരുന്നു പത്തുവർഷം.
രോഗം ഭേദമായതിനെ തുടർന്ന് രണ്ടുവർഷമായി മഞ്ചേശ്വരത്തെ സ്നേഹാലയത്തിലായിരുന്നു. അവിടെവെച്ചുള്ള വീഴ്ചയിൽ പരിക്കേറ്റ് മംഗളൂരുവിലും കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും ചികിത്സയിലായിരുന്നു. പരേതനായ കെ.പി. അമ്പുവിന്റെയും എം.വി. വട്ടിച്ചിയുടെയും മകളാണ്. സഹോദരിമാർ: ശാന്ത, തങ്കം, സുകുമാരി.
രോഗം ഭേദമായ സാവിത്രിയെ കൂടെക്കൂട്ടണമെന്ന് ആഗ്രഹിച്ചെങ്കിലും അമ്മ വട്ടിച്ചിക്കത് സാധ്യമായില്ല. നിർധനകുടുംബത്തിന് കയറിക്കിടക്കാൻ അടച്ചുറപ്പുള്ളൊരു വീടുണ്ടായിരുന്നില്ല. ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ തറ കെട്ടി. വീട് പൂർത്തിയായിട്ട് സാവിത്രിയെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന തീരുമാനത്തിലായിരുന്നു അമ്മയും സഹോദരിമാരും. റാഗിങ്ങിനെക്കുറിച്ചൊന്നും വലിയ അറിവില്ലാത്തതിനാൽ പരാതി കൊടുക്കാനൊന്നും അന്ന് പോയില്ലെന്ന് അമ്മ വട്ടിച്ചി പറഞ്ഞു.
റാഗിങ് തടയാൻ കൂട്ടായ ശ്രമം വേണമെന്നാവശ്യപ്പെട്ട് സാവിത്രിയുടെ ദാരുണമായ സ്ഥിതിയെക്കുറിച്ച് 2010 ജൂൺ ആറിന് മാതൃഭൂമി മുഖപ്രസംഗം എഴുതിയിരുന്നു. ഹൈക്കോടതിയും പ്രശ്നത്തിലിടപ്പെട്ടിരുന്നു.
Content Highlights: Savithri, ragging victim who lost her eye, dies after three decades in rehabilitation center