കടലേറ്റം: കക്കൂസിൽ പോകാനോ ഒരുഗ്ലാസ് വെള്ളം ചൂടാക്കാനോ കഴിയുന്നില്ല;പ്രതിഷേധിച്ച് കണ്ണമാലിയിലെ ജനങ്ങൾ

#അമൃത എ.യു.
കടലേറ്റത്തില്‍ പ്രതിഷേധിക്കുന്ന കണ്ണമാലിയിലെ ജനങ്ങള്‍ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍
കടലേറ്റത്തില്‍ പ്രതിഷേധിക്കുന്ന കണ്ണമാലിയിലെ ജനങ്ങള്‍ | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യര്‍

കൊച്ചി: മഴ കനത്തതോടെ കണ്ണമാലി ചെറിയകടവ് പ്രദേശങ്ങളില്‍ കടലേറ്റം രൂക്ഷം. കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തില്‍ റോഡിലേക്കും പല വീടുകള്‍ക്കുള്ളിലേക്കും വെള്ളം ഇരച്ചുകയറുകയായിരുന്നു. ഇതോടെ രോഷാകുലരായ നാട്ടുകാര്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോഡ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടക്കമാണ് റോഡ് ഉപരോധിച്ചത്. ഡെപ്യൂട്ടി തഹസില്‍ദാര്‍ എത്തി പ്രതിഷേധക്കാരോട് സംസാരിച്ചതോടെ ചെറിയകടവ് പ്രദേശത്ത് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. 

അതേസമയം സ്ത്രീകള്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഞങ്ങള്‍ ഇങ്ങനെ എല്ലാവര്‍ഷവും വെള്ളത്തില്‍ കഴിയുകയാണ്. കക്കൂസില്‍ പോകാനോ, ഒരു ഗ്ലാസ് വെള്ളം ചൂടാക്കി കുടിക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഞങ്ങള്‍. എല്ലാകൊല്ലവും ഇതൊക്കെ തന്നെയാണ് ജീവിതം - പ്രദേശവാസിയായ ജിഷ തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.  

ചെല്ലാനം പഞ്ചായത്തിലെ പുത്തന്‍ തോട് മുതല്‍ ഫോര്‍ട്ട് കൊച്ചി വരെ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. ജനപ്രതിനിധികളോ സര്‍ക്കാരോ ഇടപെടുകയോ ശാശ്വത പരിഹാരം കണ്ടെത്തുകയോ ചെയ്യാന്‍ തയാറാകുന്നില്ലെന്നാണ് ഇവിടുത്തെ ജനങ്ങളുടെ ആരോപണം. 'ഞങ്ങള്‍ക്ക് കിറ്റോ പണമോ മണ്ണ് നിറച്ച ജിയോ ബാഗോ വേണ്ട, കടല്‍ഭിത്തി കെട്ടണം മറ്റുള്ള ജനങ്ങളെപ്പോലെ സമാധാനമായി കിടന്നുറങ്ങാന്‍ കഴിയണം,' എന്നാണ് കണ്ണമാലിയിലെ ജനങ്ങളുടെ ആവശ്യം. 

അതേസമയം, ചെല്ലാനം പഞ്ചായത്തിലെ പുത്തന്‍തോട് മുതല്‍ ഫോര്‍ട്ട് കൊച്ചി വരെ കടല്‍ ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കൊച്ചി, ആലപ്പുഴ രൂപതകളിലെ വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികളെയും മറ്റുള്ളവരെയും സംഘടിപ്പിച്ച് സമരം ആരംഭിക്കുകയാണ് കണ്ണമാലിയിലെ ജനങ്ങള്‍. ജൂണ്‍ 20 വെള്ളി രാവിലെ 10 മുതല്‍ വൈകിട്ട് വരെ തോപ്പുംപടി ബിഒടി പാലത്തിന് സമീപം പുരോഹിതന്മാര്‍ നിരാഹാരം ഇരിക്കും. വൈകിട്ട് 4-ന് പള്ളുരുത്തി, പരിപ്പ് ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ട് റാലികള്‍ സമര പന്തലില്‍ എത്തിച്ചേരുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. 

Content Highlights: coastal erosion and heavy rain affects the life of people in kannamali kochi news