തോൽക്കില്ല ഇമ്മാനുവേൽ, പണം തിരിച്ചുനൽകും; നിക്ഷേപകർക്കായി മീൻ വില്‍ക്കുന്നു ഈ സഹ. സംഘം പ്രസിഡന്റ്

സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്ന വാര്‍ത്തകള്‍ നിത്യേനയെന്നോണം കേട്ടുകൊണ്ടിരിക്കുകയാണ് നാം. കേരളത്തിലെ സഹകരണ സംഘങ്ങളുടെ ഭാവിയേക്കുറിച്ചുതന്നെ ആശങ്കയുണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ക്കിടയില്‍ നാമെല്ലാം അറിഞ്ഞിരിക്കേണ്ട ഒരു മനുഷ്യനുണ്ട് ആലപ്പുഴയില്‍. അദ്ദേഹത്തിന്റെ പേര് ഇമ്മാനുവല്‍. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു സഹകരണ സംഘത്തെ നിലനിര്‍ത്താന്‍, അതില്‍ നിക്ഷേപം നടത്തിയിരിക്കുന്നവര്‍ക്ക് പണം തിരികെ കൊടുക്കാന്‍ മീന്‍വില്‍പന നടത്തുന്ന ഒരു സഹകരണ സംഘം പ്രസിഡന്റ്. സഹകരണ സംഘത്തെ കാട്ടിലെ തടിയായി കരുതുന്നവരുടെ കൂട്ടത്തിൽപ്പെടുന്ന സ്വയംപ്രഖ്യാപിത സഹകാരിയല്ല ഇമ്മാനുവല്‍; തകര്‍ച്ചയില്‍നിന്ന് അതിന് പുതുജീവന്‍ നല്‍കാന്‍ കടലിലെ മീനിനെ ഉപാധിയാക്കുന്ന മനുഷ്യസ്‌നേഹി.
മൂന്നു മക്കളടങ്ങുന്ന കുടുംബത്തെ പുലര്‍ത്താൻ മാത്രമല്ല കാട്ടൂര്‍ ചെട്ടികാട് മത്സ്യത്തൊഴിലാളി വികസന ക്ഷേമസഹകരണസംഘം പ്രസിഡന്റായ ഇമ്മാനുവല്‍ തന്റെ ഇരുചക്രവാഹനത്തില്‍ മത്സ്യവുമായി റോഡിലിറങ്ങുന്നത്. തന്റെ സഹകരണ സംഘത്തെ വിശ്വസിച്ച് നിക്ഷേപം നടത്തിയ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ 30 ലക്ഷത്തോളം രൂപ തിരിച്ചുകൊടുക്കാനാണ് സംഘത്തിന്റെ മീന്‍വില്‍പ്പന ഏറ്റെടുത്തു നടത്തുന്നത്.
ഇമ്മാനുവലിനേക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. ഏഴാംക്ലാസില്‍ പഠിപ്പ് നിര്‍ത്തി മത്സ്യബന്ധനത്തിനിറങ്ങുകയും പിന്നീട് സ്വന്തം പ്രയത്‌നംകൊണ്ട് ബിരുദാനന്തര ബിരുദതലംവരെ പഠിക്കുകയും അതിനിടയില്‍ പൊതുപ്രവര്‍ത്തകനും പഞ്ചായത്ത് മെമ്പറും സഹകരണ സംഘം പ്രസിഡന്റുമൊക്കെയായ, തന്റെ നാട്ടുകാര്‍ക്കുവേണ്ടി മീന്‍കച്ചവടക്കാരനായിമാറിയ, പൊതുപ്രവര്‍ത്തനത്തിന്റെ ഒരു അപൂര്‍വമാതൃകയാണ് ഇമ്മാനുവല്‍. ജനശ്രദ്ധകിട്ടാന്‍ എന്തെങ്കിലും കാട്ടുകയല്ല, തന്റെ പ്രവൃത്തിയേക്കുറിച്ച് വ്യക്തമായ ധാരണയും തെളിച്ചമുള്ള രാഷ്ട്രീയബോധവും അദ്ദേഹത്തിനുണ്ട്. താനെന്തെങ്കിലും വലുതായി ചെയ്യുന്നു എന്ന ഭാവമേതുമില്ലാതെ മാതൃഭൂമി ഡോട്‌കോമിനോട് അദ്ദേഹം സംസാരിക്കുന്നു. ഇത് ഒരു സഹകാരിയുടെ ജീവിതം മാത്രമല്ല, കേരളത്തിലെ നിരവധിയായ ചെറുകിട സഹകരണ സംഘങ്ങളുടെയും മത്സ്യബന്ധന മേഖലയുടെയും അതിജീവന പോരാട്ടത്തിന്റെ നേര്‍ചിത്രംകൂടിയാണ്:
ചെട്ടിക്കാട് മത്സ്യത്തൊഴിലാളി സഹ. സംഘം ക്ലിപ്തം!
ഏഴാം ക്ലാസില്‍വെച്ച് പഠിപ്പ് നിര്‍ത്തി മത്സ്യത്തൊഴിലാളിയായ ആളാണ് ഞാന്‍. അതുകഴിഞ്ഞ് പിന്നീട് 1982-ല്‍ മീന്‍പിടിത്തത്തിനൊപ്പംതന്നെ എസ്.എസ്.എല്‍.സി പ്രൈവറ്റായി പഠിച്ച് പാസ്സായി. തുടര്‍ന്ന് പ്രൈവറ്റായി പ്രീ ഡിഗ്രിയും പാസ്സായി. അതുകഴിഞ്ഞ് ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ എക്കണോമിക്‌സ് ബിരുദം പൂര്‍ത്തിയാക്കി. അതിനു ശേഷം കേരള യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നെങ്കിലും പരീക്ഷാ ഫീസ് അടയ്ക്കാനുള്ള പണമില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. പിന്നീടാണ് കാട്ടൂര്‍ ചെട്ടികാട് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണസംഘത്തിലെ ജീവനക്കാരനായത്.
1987-ല്‍ തുടങ്ങിയ സംഘത്തിന് ചെറിയ വരുമാനം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. നാനൂറ് രൂപയായിരുന്നു അന്നത്തെ ശമ്പളം. പിന്നീട് ക്രമേണ സെക്രട്ടറിയായി. സംഘത്തിന്റെ പ്രവര്‍ത്തനഫലമായി ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുടെ ഭാഗമായി വള്ളം നിര്‍മാണ കേന്ദ്രം അടക്കമുള്ള, പദ്ധതികള്‍ നടപ്പാക്കിയിരുന്നു. തൊഴിലാളികള്‍ പിടിക്കുന്ന മീന്‍ ലേലംചെയ്തു നല്‍കുന്നതിലൂടെ രണ്ടുശതമാനംതുക സംഘത്തിന് കിട്ടുമായിരുന്നു. ആഴക്കടൽ മത്സ്യബന്ധനം, വള്ളം നിർമ്മാണ കേന്ദ്രം, ഒരു രൂപ പോലും ഫീസ് വാങ്ങാതെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നിവയും നടപ്പാക്കിയിരുന്നു.
സംഘം നല്ലരീതിയില്‍ മുന്നോട്ടുപോകുമ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ എഴുതിത്തള്ളാനുള്ള സര്‍ക്കാര്‍ തീരുമാനം ഉണ്ടായത്. 2008-ല്‍ ഇത് നടപ്പാക്കിയതോടുകൂടി സംഘം കൊടുത്ത വായ്പകളൊന്നും തിരിച്ചുകിട്ടാത്ത സ്ഥിതിവന്നു. എഴുതിത്തള്ളിയ വായ്പകളിൽ ചില വായ്പകളുടെ 50 ശതമാനവും ചിലവയുടെ 75 ശതമാനവുമാണ് സർക്കാർ തന്നത്. ചില വായ്പകളുടെ പ്രിൻസിപ്പൽ തുകയും തന്നു. പലിശ തുക ലഭിച്ചുമില്ല.
നിക്ഷേപകരുടെതടക്കം 30 ലക്ഷം രൂപ നിലവിൽ കടമുണ്ട്. നിക്ഷേപകര്‍ക്ക് പലിശയും നല്‍കണം. മറ്റു മാര്‍ഗമില്ലാതെ വന്നപ്പോഴാണ് സര്‍ക്കാരിനെയും കടാശ്വാസ കമ്മീഷനെയുമൊക്കെ എതിര്‍കക്ഷികളാക്കി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആദ്യഘട്ടത്തിൽ മൂന്ന് ജീവനക്കാരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്. അവര്‍ക്ക് ശമ്പളം കൊടുക്കണം. ദൈനംദിന ചെലവുകള്‍ നിര്‍വഹിക്കണം. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ മുന്നോട്ടുവരികയും ചെയ്തു. അങ്ങനെയാണ് സംഘം പ്രതിസന്ധിയിലായത്. അങ്ങനെ സ്ഥാപനം അടച്ചുപൂട്ടി. പിന്നെ കുറേ നാള്‍ ട്യൂഷനെടുത്തും മറ്റും മുന്നോട്ടുപോകുകയായിരുന്നു.
സംഘം പ്രസിഡന്റ് മീന്‍വില്‍പനക്കാരനാകുന്നു
അടച്ചുപൂട്ടിയത് ചെറിയൊരു സഹകരണ സംഘം മാത്രമാണെങ്കിലും അതില്‍ പാവപ്പെട്ട കുറേ മനുഷ്യരുടെ പ്രതീക്ഷകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിനെ പൂര്‍ണമായും ഉപേക്ഷിക്കാനാവുമായിരുന്നില്ല. ഞാന്‍ സെക്രട്ടറിയായിരുന്ന കാലത്ത് ഞാനുമായി വളരെ അടുത്ത വ്യക്തബന്ധമുള്ളവര്‍ ആ ബന്ധത്തിന്റെ പുറത്താണ് സംഘത്തില്‍ നിക്ഷേപം നടത്തിയത്. അവരില്‍നിന്ന് ഞാനാണ് കൈനീട്ടി പണം വാങ്ങിയത്. അതുകൊണ്ടുതന്നെ അവരുടെ പണം തിരിച്ചുകൊടുക്കേണ്ടത് എന്റെകൂടി ഉത്തരവാദിത്വമായിരുന്നു. അതുകൊണ്ട് ഒരു കാരണവശാലും സംഘത്തിന്റെ പ്രവര്‍ത്തനം അവസാനിക്കരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ പാര്‍ട്ടിയെ വിവരങ്ങള്‍ ധരിപ്പിച്ച് സംഘം വീണ്ടും തുറക്കുകയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയുമായിരുന്നു.
സംഘത്തിന് വീണ്ടും ജീവൻ വെച്ചെങ്കിലും പുതിയതായിവായ്പ നൽകിയ വള്ളക്കാരിൽ നിന്ന് ചെറിയ തുക മാത്രമേ കമ്മീഷനായി ലഭിക്കുന്നുള്ളൂ. മറ്റു വരുമാന മാര്‍ഗങ്ങള്‍ ഇല്ലതാനും. ജീവനക്കാരില്ലാതെ മുന്നോട്ടുപോകാനും സാധിക്കില്ലായിരുന്നു. അങ്ങനെയാണ് ദിവസവേതനാടിസ്ഥാനത്തിൽ ഒരു വനിതയെ സെക്രട്ടറിയായി നിയമിച്ചത്. അവര്‍ക്ക് വേതനം കൊടുക്കാന്‍ സംഘത്തിന് ഒരു മാര്‍ഗവും ഇല്ലായിരുന്നു. അങ്ങനെയാണ് സംഘത്തിനുവേണ്ടി ഞാൻ മത്സ്യവില്‍പനയിലേക്ക് കടന്നത്.
ജയിലുകളില്‍ മത്സ്യം വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ എടുത്തു. മത്സ്യവിതരണത്തില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം സംഘത്തിന് ലഭിക്കും. അതുകൊണ്ട് ജീവനക്കാരിക്ക് ശമ്പളം കൊടുക്കുകയാണ് ചെയ്യുന്നത്. ലേല കമ്മീഷനായി വളരെ ചെറിയ തുകമാത്രമാണ് ലഭിക്കുന്നത്. ഞാന്‍ ഇപ്പോള്‍ മാരാരിക്കുളം സൗത്ത് ഗ്രാമപ്പഞ്ചായത്ത് മെമ്പറും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമാണ്. 9200 രൂപയാണ് ഈ വഴിക്ക് പ്രതിമാസം കിട്ടുന്നത്. ദിവസം 100 രൂപ പെട്രോള്‍ അടിക്കാന്‍ പോയാല്‍ ചെറിയ പൈസ മാത്രമാണ് ബാക്കിയാകുക.
കേസില്‍ എന്തായാലും അനുകൂല വിധി ലഭിക്കുമെന്നുതന്നെയാണ് പ്രതീക്ഷ. കാരണം, മറ്റു മേഖലകളിലെ വായ്പകള്‍ എഴുതിത്തള്ളിയപ്പോള്‍ സര്‍ക്കാര്‍ പലിശയും പ്രിന്‍സിപ്പല്‍ തുകയും മുഴുവനായി കൊടുത്തിരുന്നു. മത്സ്യസഹകരണ സംഘങ്ങള്‍ക്ക് അങ്ങനെ കൊടുത്തില്ല. തനത് ഫണ്ട് ഉണ്ടാക്കി അതിലൂടെ കാര്യങ്ങള്‍ ചെയ്യുന്ന ഞങ്ങളെപ്പോലുള്ള സംഘങ്ങള്‍ കേരളത്തില്‍ കുറവായിരുന്നു. ഒരുപക്ഷേ, ഞങ്ങളെ വലിയൊരു സംഘമായി സര്‍ക്കാര്‍ കണ്ടുകാണും, അതുകൊണ്ടായിരിക്കാം തുക മുഴുവനായി ലഭിക്കാതിരുന്നത്. എഴുതിത്തള്ളിയതിന്റെ ബാലന്‍സ് തുക മാത്രമാണ് ഞങ്ങൾക്ക് ലഭിച്ചത്. അതാകട്ടെ, ഞങ്ങള്‍ മത്സ്യഫെഡിലേക്ക് അടയ്‌ക്കേണ്ട തുകയില്‍ കിഴിക്കുകയാണുണ്ടായത്.
നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കേണ്ട ബാധ്യത സംഘത്തിനു വന്നുചേര്‍ന്നു. തീരദേശ ഹൈവേയ്ക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ സംഘത്തിന്റെ സ്ഥലത്തിന്‍റെ ഒരു ഭാഗവും ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയാണെങ്കില്‍ ഒരു തുക ലഭിക്കും. കൂടാതെ, കേസില്‍ അനുകൂല വിധിയും പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ നിക്ഷേപകരുടെ പണം തിരിച്ചുകൊടുക്കാനും സംഘത്തിന് നേരെനില്‍ക്കാനും കഴിയും. അതുവരെ ഏതുവിധേനയും മുന്നോട്ടുപോകുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.
സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് പൊതുപ്രവർത്തനം നടത്താമോ?
ഇപ്പോൾ മെമ്പറായ അതേ വാര്‍ഡില്‍ 1988-ല്‍ മത്സരിച്ച ആളാണ് ഞാൻ. മത്സ്യത്തൊഴിലാളി മേഖലയിലെ സിപിഎമ്മിന്റെ പ്രവര്‍ത്തകനായാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. ഞാന്‍ ഈ പാര്‍ട്ടിയിലേക്ക് വരുമ്പോള്‍, അന്ന് സാധാരണ തൊഴിലാളികളാണ് ലോക്കല്‍ കമ്മിറ്റികളിലൊക്കെ ഉണ്ടായിരുന്നത്. അവരൊക്കെ ഇങ്ങനെയായിരുന്നു അന്ന് പ്രവര്‍ത്തിച്ചിരുന്നത്. സ്വന്തം ജോലി കളഞ്ഞ്, കൈയിലെ പണം ചെലവാക്കി പൊതുപ്രവര്‍ത്തനം നടത്തുന്നവരെയാണ് ഞാന്‍ കണ്ടിട്ടുള്ളത്. അതുകൊണ്ട് അന്നുമുതല്‍ ഞാന്‍ പഠിച്ചത് ഇങ്ങനെയാണ്. ഇപ്പോള്‍ ഇതിലൊക്കെ മാറ്റംവന്നിട്ടുണ്ടാകാം. എന്നുവെച്ച് എനിക്ക് മാറാന്‍ പറ്റില്ല.
മത്സ്യത്തൊഴിലാളി മേഖലയിലുള്ളത് പാവപ്പെട്ട മനുഷ്യരല്ലേ. അവരെ സഹായിക്കാന്‍വേണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന സ്ഥാപനമാണ് ഇത്തരം സഹകരണ സംഘങ്ങള്‍. ഈ മേഖലയില്‍ കൊടുക്കുന്നത് പലിശരഹിത വായ്പയാണ്. പല ലോണുകള്‍ക്കും 40 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ തകരുന്നത് മത്സ്യത്തൊഴിലാളി സമൂഹത്തിന് വലിയ ദോഷമാണുണ്ടാക്കുന്നത്. കടലില്‍പോയി മത്സ്യംപിടിച്ച് ജീവിച്ച എനിക്ക് അവരുടെ ജീവിത സാഹചര്യം നന്നായറിയാം. അതുകൊണ്ടുതന്നെ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ തകരാതെ നോക്കും. ഇതൊരു വലിയ കാര്യമാണെന്ന രീതിയിലല്ല പറയുന്നത്. ഇങ്ങനെയൊക്കെ ചെയ്യാനാണ് ശീലിച്ചത്, അതുകൊണ്ട് ഇങ്ങനെ ചെയ്യുന്നു.
മൂന്നു മക്കൾ, അവർ മിടുക്കരാണ്
മൂന്നു മക്കളാണ്. മൂത്ത രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. മൂത്തമകള്‍ അനഘ അര്‍മേനിയയില്‍ എംബിബിഎസിന് പഠിക്കുന്നു. ഒരു മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥയുടെ സഹായത്തിലാണ് അവളുടെ വിദ്യാഭ്യാസം നടക്കുന്നത്. രണ്ടാമത്തെ ആള്‍ അഖില ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡക്കല്‍ സയന്‍സസില്‍ പഠിക്കുന്നു. ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റിന്റെ സ്‌കോളര്‍ഷിപ്പ് അവള്‍ക്ക് ലഭിക്കുന്നുണ്ട്. മൂന്നാമത്തെ ആള്‍ മകനാണ്. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സില്‍ മോശമല്ലാത്ത റാങ്ക് ഉണ്ടായിരുന്നു. മികച്ച റാങ്കിനായി ഒരു തവണകൂടി ശ്രമിക്കുകയാണ് അവന്‍. ക്രൈസ്റ്റ് കോളേജിലെ ഔസേപ്പച്ചന്‍ സാറിന്റെ സഹായം അവന്റെ പഠനത്തിന് ലഭിക്കുന്നുണ്ട്. ഭാര്യ ജെസി ഇപ്പോള്‍ തൊഴിലുറപ്പ് തൊഴിലാളിയാണ്. പാലിയേറ്റീവ് മേഖലയിലടക്കം പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തക കൂടിയാണ് ജെസി.
നല്ലൊരു വീടൊന്നുമില്ല. അമ്മയുടെ പേരില്‍ ഒരിലുള്ള 20 സെന്റ് സ്ഥലമാണ് എന്റെ രണ്ട് സഹോദരങ്ങള്‍ക്കും എനിക്കുമായി ഉള്ളത്. ഈ സ്ഥലം സംഘത്തിന്റെ ആവശ്യത്തിനുവേണ്ടി പണയംവെച്ചിരിക്കുകയാണ്. അതിന്‍റെ ആധാരം ഇപ്പോഴും ബാങ്കില്‍ ഇരിക്കുകയാണ്.
Content Highlights: co operative society president emmanuel selling fish in alappuzha