ഷോണിന്റെ അമിതാവേശം; വെട്ടിലായി ബി.ജെ.പി.; ആർ.എസ്.എസിന് അതൃപ്തി; പാർട്ടിയുടെ അറിവോടെയല്ലെന്ന് വിമർശനം

തിരുവനന്തപുരം: സി.എം.ആർ.എൽ. മാസപ്പടിക്കേസിൽ പണം കൈപ്പറ്റിയ നേതാക്കളുടെ പേരുള്ള ഡയറിയിലെ പേജ് എന്നപേരിലുള്ള രേഖ വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പുറത്തുവിട്ടതിൽ ബി.ജെ.പി.യിലും ആർ.എസ്.എസ്. ഉൾപ്പെടെയുള്ള സംഘപരിവാർ സംഘടനകളിലും കടുത്ത അതൃപ്തി. നടപടി പാർട്ടിയുടെ അറിവോടെയല്ലെന്നാണ് വിമർശനം.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഷോണിനെ അതൃപ്തിയറിയിച്ചതായാണ് വിവരം. വി. മുരളീധരൻ-പി.കെ. കൃഷ്ണദാസ് വിഭാഗങ്ങൾ രംഗത്തെത്തുകയും ആർ.എസ്.എസ്. ഇടപെടുകയും ചെയ്തതോടെ പാർട്ടി മാധ്യമ-സാമൂഹികമാധ്യമ വിഭാഗം പ്രഭാരിയായി ഷോൺ തുടരണോ എന്നതിലും പുനരാലോചനയുണ്ട്. ഷോണിന്റെ വെളിപ്പെടുത്തലോടെ ബി.ജെ.പി. നേതാക്കളും പണം വാങ്ങിയവരുടെ പട്ടികയിലുണ്ടെന്ന പ്രചാരണം ശക്തമായി.
രണ്ടുമുന്നണികളും മാസപ്പടി വാങ്ങിയെന്നും അതുകൊണ്ടാണ് ഇ.ഡി. പറഞ്ഞിട്ടും പിണറായി വിജയനെതിരേ കേസെടുക്കാത്തതെന്നുമായിരുന്നു ബി.ജെ.പി.യുടെ വിമർശനം. ഡയറിയിൽ ബി.ജെ.പി. നേതാക്കൾ ഉൾപ്പെട്ടിട്ടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇത്. വി. മുരളീധരന്റേതടക്കം പേരുണ്ടെന്നു പ്രചാരണം ഉയർന്നതോടെ ബി.ജെ.പി. വെട്ടിലായി.
‘‘രേഖ പുറത്തുവിട്ടതിന്റെ ഉദ്ദേശ്യമെന്താണെന്നു ഷോണിനോട് ചോദിക്കണം, രേഖയുടെ ആധികാരികതയെപ്പറ്റി എനിക്കറിവില്ല, വൈസ് പ്രസിഡന്റിനെപ്പറ്റി പ്രസിഡന്റിനോട് ചോദിക്കണം’’ -എന്നായിരുന്നു ഇതുസംബന്ധിച്ചുള്ള വി. മുരളീധരന്റെ പ്രതികരണം.
എക്സാലോജിക് അഴിമതിയിൽനിന്ന് ശ്രദ്ധതിരിക്കാൻ മുരളീധരനെ സി.പി.എമ്മും കോൺഗ്രസും ലക്ഷ്യമിടുകയാണെന്നും പാർട്ടി അദ്ദേഹത്തോടൊപ്പം ഉറച്ചുനിൽക്കുമെന്നും രാജീവ് ചന്ദ്രശേഖർ വെള്ളിയാഴ്ച സാമൂഹികമാധ്യമത്തിൽ കുറിച്ചിരുന്നു. ഷോണിനെതിരേ പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കളും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പാർട്ടി പുലർത്തുന്ന സംഘടനാശൈലിക്കും കേഡർ കാഴ്ചപ്പാടിനും വിരുദ്ധമാണ് ഷോണിന്റെ നടപടിയെന്നാണ് കുറ്റപ്പെടുത്തൽ.
ക്രിസ്ത്യൻ ഔട്ട് റീച്ച് ശക്തിപ്പെടുത്താൻ പാർട്ടി ശ്രമിക്കുന്നതിനിടെ, സഭകൾക്കെതിരേ ഷോൺ നടത്തിയ ചില പരാമർശങ്ങളും നേരത്തേ ബി.ജെ.പി.യെ പ്രതിരോധത്തിലാക്കിയിരുന്നു.
മുരളീധരന് ശാസിക്കാൻ അധികാരമുണ്ട് -ഷോൺ ജോർജ്
വി. മുരളീധരൻ തന്റെ നേതാവാണെന്നും തന്നെ ശാസിക്കാൻ അദ്ദേഹത്തിന് അധികാരമുണ്ടെന്നും ഷോൺ ജോർജ് പറഞ്ഞു. തനിക്കെതിരേ പരാതി കൊടുക്കേണ്ട ആവശ്യമില്ല. അദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഷോൺ പറഞ്ഞു.
ഡയറിയിലെ പരാമർശം ഉപയോഗിച്ച് കുറെദിവസമായി എ.കെ. ബാലൻ യു.ഡി.എഫിനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. വി.ഡി. സതീശന്റെ പേരു പറഞ്ഞതോടെ ഇനി ബ്ലാക്‌മെയിലിങ്ങിന്റെ ആവശ്യമില്ല. എല്ലാം വ്യക്തമായി -ഷോൺ പറഞ്ഞു.
Content Highlights: BJP and RSS express deep dissatisfaction over Shon George leaking the CMRL diary page., Concerns raised over the presence of BJP leaders' names in the payoff list., V Muraleedharan and PK Krishnadas factions demand clarification on the action., Party reconsiders Shon George's position as media and social media in-charge.