'റിയാസിന്റെ നിർദേശപ്രകാരം എത്തിച്ച പണം ഹവാല ഏജന്റ് വഴി ദുബായിലേക്കയച്ചു';വാരിസ് മൊഴി നൽകിയതായി ഇഡി

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന പോലീസ് മേധാവിക്കയച്ച കത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിന് ഹവാല ഇടപാടിൽ ബന്ധമെന്ന് ചൂണ്ടിക്കാട്ടി, റിയാസിന്റെ അടുപ്പക്കാരനായ വാരിസ് നൽകിയതായി പറയപ്പെടുന്ന മൊഴിയുടെ വിവരങ്ങളാണ് ഇഡി കത്തിൽ കുറിച്ചിരിക്കുന്നത്.
ഫറോക്കിലെ വസതിയിൽ 18.08.2026-ൽ നടന്ന പരിശോധനയ്ക്കിടെയാണ് വാരിസിന്റെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴി അവിശുദ്ധ കൂട്ടുക്കെട്ടിനെ കൂടുതൽ സ്ഥിരീകരിക്കുന്നതാണെന്നും ഇഡി കത്തിൽ കുറിക്കുന്നു.
'2024 ജൂൺ-ജൂലൈ മാസങ്ങളിൽ മുഹമ്മദ് റിയാസിൽ നിന്ന് ലഭിച്ച നിർദ്ദേശപ്രകാരം അപരിചിതരായ ചിലർ തന്റെ ഓഫീസിൽ പണം എത്തിച്ചു നൽകിയതായും, ഈ പണം ഹവാല ഏജന്റായ ശ്രീ സുബൈർ കരുവമ്പൊയിൽ വഴി അഞ്ച് തവണകളായി (03.07.2024, 20.07.2024, 22.07.2024, 23.07.2024, 05.07.2025 തീയതികളിൽ) ദുബായിലുള്ള ഫൈജാസ് വി.പി.ക്ക് അയച്ചുകൊടുത്തതായും വാരിസ് മൊഴി നൽകി' ഇഡിയുടെ കത്തിൽ പറയുന്നു.
ഇത് ഏകദേശം 1.2 കോടി രൂപ വരും. പിടിച്ചെടുത്ത മൊബൈൽ ഫോണിൽ നിന്ന് കണ്ടെടുത്ത ഹവാലയുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റുകൾ കാണിച്ചു. ഫൈജാസ് വി.പി., സുബൈർ എന്നിവരുമായി നടത്തിയ ചാറ്റുകളുടെ പ്രിന്റൗട്ടുകൾ തെളിവായി ഹാജരാക്കിയെന്നും ഇഡി അറിയിച്ചു.
വീട്ടിൽനടത്തിയ റെയ്ഡിൽ മകൾ വീണയുടെ ചുവന്ന ഡയറി കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ രംഗത്തുവന്നതിനുപിന്നാലെ അത്തരമൊരു റെഡ് ബുക്ക് ഉണ്ടായിരുന്നുവെന്നതിന്റെ തെളിവ് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. റെഡ് ബുക്കിന്റെ ഒൻപതു പേജുകളുടെ പകർപ്പ് പോലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ഇ.ഡി. ചേർത്തിട്ടുണ്ട്.
മറ്റൊരുകടലാസിൽ വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിന്റെ അടുപ്പക്കാർക്ക് പണം നൽകിയതിന്റെ വിവരവും രേഖപ്പെടുത്തിയിട്ടുണ്ട്. ഫൈജാസ്, നിഖിൽ, വാരിസ്, ഷൈജൽ എന്നിവരുടെ പേരുകളാണ് പ്രധാനമായുള്ളത്. വിദേശത്തുള്ള ചില ബാങ്കുകളുടെ പേരും അക്കൗണ്ട് നമ്പറും ഉണ്ട്. തുകയുടെ കണക്ക് ദിർഹത്തിലാണ് എഴുതിയിരിക്കുന്നത്.
Content Highlights: ED letter to Kerala DGP implicates PA Mohammed Riyas in hawala transactions., Statement from Riyas's close associate Waris details transferring Rs 1.2 crore to Dubai., WhatsApp chats and bank details act as key evidence in the investigation., Details of the controversial red book and financial records involving Veena Vijayan's associates emerge.