സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസ്; ഇ.ഡി കത്ത് എജിക്ക് കൈമാറി സർക്കാർ

കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. നൽകിയ കത്ത് സർക്കാർ അഡ്വക്കേറ്റ് ജനറലിന് കൈമാറി. കൃത്യമായ നിയമോപദേശത്തിന് പിന്നാലെ കേസിൽ നടപടി സ്വീകരിക്കാനാണ് സർക്കാർ നീക്കം. കേസിൽ എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്, കേസെടുക്കണമോ, വേണ്ടയോ മുതലായ വിഷയങ്ങളിൽ എജി റിപ്പോർട്ട് കൈമാറും. ഇതിന് ശേഷം കരുതലോടെയുള്ള നടപടികൾ മാത്രമായിരിക്കും സർക്കാർ സ്വീകരിക്കുക.
ഇ.ഡി. നൽകിയ കത്തിന്റെ പേരിൽമാത്രം എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ സർക്കാരിന് ബാധ്യതയില്ലെന്ന് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നാൽ, കത്തിൽ ചൂണ്ടിക്കാട്ടുന്ന വിവരങ്ങളിൽ കേസെടുക്കാൻ കാരണങ്ങളുണ്ടെങ്കിൽ പിണറായി വിജയനടക്കമുള്ളവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാൻ നിയമപരമായ തടസ്സങ്ങളില്ല.