ഭാര്യ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; CMP നേതാവ് അറസ്റ്റില്‍

ആലപ്പുഴ: സി.എം.പി. യുടെ യുവജനവിഭാഗമായ കെ.എസ്.വൈ.എഫിന്റെ സംസ്ഥാനസെക്രട്ടറി കെ.ടി. ഇതിഹാസ് ജോലിതട്ടിപ്പു നടത്തിയത് കൊച്ചിയിൽ ഭാര്യ ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ പേരിൽ. മുഹമ്മയിൽ ഒളിവിൽക്കഴിഞ്ഞ ഇതിഹാസിനെ കഴിഞ്ഞദിവസം എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റുചെയ്തിരുന്നു.
കൊച്ചിയിലെ ഇ-ഗവേണൻസ് സ്ഥാപനത്തിലാണു ഇതിഹാസിന്റെ ഭാര്യ ജോലി ചെയ്യുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമാണിതെന്നും ഇവിടെ ജോലി നൽകാമെന്നും തെറ്റിദ്ധരിപ്പിച്ച് പണം വാങ്ങിയെന്നാണു പരാതി. ‘നിയമനം’ ലഭിച്ചവർക്കു ശമ്പളം കിട്ടാതായതോടെയാണു പ്രശ്നം തുടങ്ങിയത്. നൽകിയപണം തിരികെച്ചോദിച്ചപ്പോൾ അതു നിക്ഷേപമായി സ്ഥാപനത്തിലുണ്ടെന്നും പിന്നീടു നൽകുമെന്നും വിശ്വസിപ്പിക്കാൻ ശ്രമിച്ചു.
സ്ഥാപനത്തിനെതിരേ ഒരു യു-ട്യൂബ് ചാനലിൽ വാർത്തവന്നപ്പോൾ ഇതിഹാസ് പ്രതികരിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രസിഡന്റ് മറ്റൊരാളാണെന്നും തനിക്ക് ഒരുബന്ധവുമില്ലെന്നായിരുന്നു നിലപാട്. ജോലിക്കായി പലരെയും ശുപാർശ ചെയ്തിരുന്നെന്നും അത് ഭാര്യ ജോലിചെയ്യുന്ന സ്ഥാപനമെന്ന നിലയിലാണെന്നുമായിരുന്നു വാദം. എന്നാൽ, പലരിൽനിന്നും പണം വാങ്ങിയത് ഇതിഹാസ് തന്നെയായിരുന്നെന്നാണു പോലീസിനു ലഭിച്ച വിവരം.
നിതി ആയോഗിന്റേതുൾപ്പെടെയുള്ള ഫണ്ടു ലഭിക്കുന്ന എൻ.ജി.ഒ. ആയാണ് ഇ-ഗവേണൻസ് സ്ഥാപനം പ്രവർത്തിക്കുന്നത്. സ്കൂളുകളും മറ്റു സ്ഥാപനങ്ങളും സൗജന്യമായി ഡിജിറ്റൈസ് ചെയ്തുകൊടുക്കുമെന്നും സ്ഥാപനം വാഗ്ദാനംചെയ്തിരുന്നു. ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം നടക്കുകയാണ്.
അന്തരിച്ച കെ.ആർ. ഗൗരിയമ്മയുടെ ഡ്രൈവറായി അടുത്തുകൂടിയ ഇതിഹാസ് ജെ.എസ്.എസ്. നേതാക്കളെയെല്ലാം കടത്തിവെട്ടിയാണു കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായത്. എന്നാൽ, പിന്നീട് ഗൗരിയമ്മ പാർട്ടിയിൽനിന്നു പുറത്താക്കി. പിന്നീടുനടന്ന നിയമസഭാതിരഞ്ഞെടുപ്പുസമയത്ത് ഗൗരിയമ്മയ്ക്കെതിരേ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ച മാസികയുടെ വിതരണത്തിനെത്തിയപ്പോൾ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റുചെയ്തിരുന്നു. പിന്നീട്, സി.എം.പി. യിൽ ചേക്കേറിയ ഇതിഹാസ് കെ.എസ്.വൈ.എഫിന്റെ സംസ്ഥാന നേതൃത്വത്തിൽ എത്തുകയായിരുന്നു.
Content Highlights: CMP ksyf leader kt itihas arrestedd for job fraud in alappuzha