‘സാധ്യമായതെല്ലാം ചെയ്യും’; കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ അമ്മയെ സന്ദർശിച്ച് മുഖ്യമന്ത്രി

നീണ്ടകര: മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സന്ദർശനം നടത്തി. മന്ത്രി ഷിബു ബേബി ജോണും ഒപ്പമുണ്ടായിരുന്നു. കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം മുഖ്യമന്ത്രി വാഗ്ദാനംചെയ്തു.
രേഷ്മയെയും കുടുംബത്തെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ഒരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലാത്ത ദുരന്തമാണ് അവർ നേരിടുന്നത്. കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോൾ മാത്രമാണ് തിരച്ചിൽ നിർത്തുന്നത്. പരമാവധി എല്ലാസംവിധാനങ്ങളും ഏകോപിപ്പിച്ചാണ് തിരച്ചിൽ നടത്തുന്നത്. സർക്കാരിന് സാധ്യമായ തരത്തിൽ സർക്കാർ ഈ കുടുംബങ്ങളെ സഹായിക്കും. ചെയ്യാൻ കഴിയാവുന്നതിന്റെ പരാമവധി ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ നടപ്പാക്കും. മത്സ്യത്തൊഴിലാളികളേക്കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതിയാവും നടപ്പാക്കുക. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ നടപ്പാക്കും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി അടിയന്തരമായി താൽക്കാലിക സംവിധാനം നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആക്ഷേപത്തിൽ വസ്തുതയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ആദ്യദിവസം മുതൽക്കേ തന്നെ എല്ലാരീതിയിലുമുള്ള തിരച്ചിൽ നടത്തിയിരുന്നു. മോശം കാലാവസ്ഥയിൽ തിരച്ചിലിന് പോകുന്നവർ കൂടി അപകടത്തിൽപെടുമെന്ന സാഹചര്യം എത്തിയപ്പോൾ മാത്രമാണ് താൽക്കാലികമായി തിരച്ചിൽ നിർത്തിയത്. കുടുംബത്തിൽനിന്ന് ഒരാളെ കാണാതായാൽ സ്വാഭാവികമായും അവർക്ക് വൈകാരികമായ പ്രശ്‌നങ്ങളുണ്ടാകും. പോലീസിനും സർക്കാരിനുമെതിരേ അവർ നടത്തുന്ന വിമർശനങ്ങളെല്ലാം അതേരീതിയിൽ തന്നെ ഉൾക്കൊള്ളുന്നു. വിമർശിക്കപ്പെടേണ്ടവർ തന്നെയാണ് സർക്കാരും മന്ത്രിമാരും. പക്ഷെ, സാധ്യമായതെല്ലാം ഇതുവരെ സർക്കാർ ചെയ്തിട്ടുണ്ട്. ഇനിയും തുടരും. കാലാവസ്ഥ പ്രവചനം പരിഷ്‌കരിക്കാനും മുന്നറിയിപ്പ് നൽകുന്നതിൽ അതീവ്രജാഗ്രത പുലർത്താനും സർക്കാർ സന്നദ്ധരാണ്. അതിനുള്ള നടപടികളിലേക്കും സർക്കാർ കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫീഷറീസ് വകുപ്പ് മന്ത്രി അബ്ദുൾ ഗഫീറും ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കാനെത്തിയിരുന്നു. ഇന്ന് മുതലപ്പൊഴി അഞ്ചുതെങ്ങിലും ഇവർ സന്ദർശനം നടത്തി.
ഗൗതം കൃഷ്ണയെ കാണാതായി പതിനൊന്ന് ദിവസം പിന്നിടുമ്പോഴും തിരച്ചിൽ വിഫലമാണ്. നാവികസേനയും കോസ്റ്റ്ഗാർഡും ആധുനിക സംവിധാനങ്ങളുപയോഗിച്ച് തിരച്ചിൽ നടത്തുന്നുണ്ട്.
Content Highlights: Chief Minister VD Satheesan visited the family of missing fisherman Gautam Krishna in Neendakara., The government promised full support and assured that search operations using Navy and Coast Guard are ongoing despite bad weather., New standard operating procedures and preventive systems will be implemented to protect fishermen., Search has been ongoing for 11 days with coordinated efforts from all state and central agencies.