ബ്രിട്ടാസ് മികച്ച ഇടപെടൽശേഷിയുള്ള എംപി, അദ്ദേഹം നടത്തിയത് ആവശ്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമം- മുഖ്യമന്ത്രി

#ന്യൂസ് ഡെസ്ക്
മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി | Photo: മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയൻ, ജോൺ ബ്രിട്ടാസ് എംപി | Photo: മാതൃഭൂമി

കൊച്ചി: ജോൺ ബ്രിട്ടാസ് മികച്ച ഇടപെടൽ ശേഷിയുള്ള എംപിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ഇടപെടലാണ് ബ്രിട്ടാസ് നിർവഹിച്ചതെന്നും മറ്റേതെങ്കിലും തരത്തിലുള്ള നടപടി ബ്രിട്ടാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പിഎം ശ്രീ വിഷയത്തിൽ ബ്രിട്ടാസിന്റെ ഇടപെടൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി പാർലമെന്റിൽ വെളിപ്പെടുത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

എറണാകുളം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ബ്രിട്ടാസിന്‍റെ ഇടപെടലുകളെ പുകഴ്ത്തിയത്.  ഭരണനേട്ടം എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയത്. കേരളത്തിലെ അടിസ്ഥാന സൗകര്യം ഏറെ മെച്ചെപ്പെട്ടു. അതിദാരിദ്ര്യമുക്തമായ സംസ്ഥാനമായി കേരളം മാറി. ആരോഗ്യ രംഗത്തടക്കം വൻ മുന്നേറ്റമാണ് ഉണ്ടായത്. അധികാരവികേന്ദ്രീകരണം കേരളത്തിന്റെ വളർച്ചയ്ക്ക് കാരണമായെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ നിലവിലുള്ള എംപിമാർ ഒന്നിച്ചു നിൽക്കുന്നുണ്ടെന്നും പലഘട്ടങ്ങളിലും പൊതുവായ കാര്യങ്ങളിൽ കേരളത്തിൽ നിന്നുള്ള എംപിമാർ ശബ്ദമുയർത്തിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാർലമെന്റ് അംഗങ്ങൾ കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ്. നാടിന്റെ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിൽ നിന്ന് നേടിയെടുക്കാൻ ശ്രമിക്കേണ്ടവരാണ്. എംപിമാർ ഇപ്പോൾ അത് നടത്താറുണ്ട്. രാജ്യസഭാംഗംമെന്ന നിലയിൽ ജോൺ ബ്രിട്ടാസ് അത് ഫലപ്രദമായി നിർവഹിച്ചു പോകുന്നുണ്ട്. പാർലമെന്റ് അംഗങ്ങളുടെ കൂട്ടത്തിൽ നല്ലരീതിയിൽ തന്നെ ഇടപെടൽ ശേഷി ബ്രിട്ടാസ് കാണിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Content Highlights: CM Vijayan Lauds MP John Brittas: A Forceful Advocate for Kerala's Needs