സ്വർണം-ഹവാല കണക്കുകൾ ആസൂത്രിതതന്ത്രം; ലക്ഷ്യം മുഖ്യമന്ത്രിക്ക് രാഷ്ട്രീയകവചമൊരുക്കൽ

തിരുവനന്തപുരം: പി.വി.അൻവറിന്റെ വെളിപ്പെടുത്തലിനുപിന്നാലെ, പോലീസ് പിടികൂടിയ സ്വർണ്ണക്കടത്തു കേസും കണക്കുകളും ഔദ്യോഗികമായും അല്ലാതെയും പുറത്തു വന്നതും പ്രചരിപ്പിക്കപ്പെട്ടതും ആസൂത്രിതമായ രാഷ്ട്രീയലക്ഷ്യത്തോടെ. സ്വർണക്കടത്തിന്റെപേരിൽ അൻവർ പോലീസിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും ഉന്നമിട്ടപ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കുകയായിരുന്നു തന്ത്രം.
അൻവർ ആരോപണമുന്നയിച്ച് രണ്ടാഴ്ചയ്ക്കുള്ളിലാണ് സ്വർണക്കടത്തും ഹവാല പണവുമായി ബന്ധപ്പെട്ട കേസുകളെക്കുറിച്ചുള്ള കണക്കുകൾ പോലീസ് പുറത്തു വിട്ടത്. സ്വർണക്കടത്ത്-ഹവാല കേസുകളുടെ വിവരങ്ങൾ പോലീസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പതിവില്ല. എന്നാൽ, സെപ്റ്റംബർ 12-ന് ഇതിന്റെ അഞ്ചു വർഷത്തെ കണക്കുകൾ വന്നു.
തൊട്ടടുത്തദിവസം, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നു വിശദീകരിച്ച് ഡൽഹിയിലെ ഇംഗ്ലീഷ് മാധ്യമപ്രവർത്തകർക്ക് വാട്‌സാപ്പ് സന്ദേശങ്ങളെത്തി. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയെയും കുടുംബത്തെയും സ്വർണക്കടത്തിൽ കുടുക്കാൻ ശ്രമങ്ങളുണ്ടായെന്നും ഇ.ഡിയും സി.ബി.ഐയും അന്വേഷിച്ചിട്ടും തെളിവ് ലഭിച്ചില്ലെന്നും ആ കുറിപ്പിൽ പറയുന്നു. സ്വർണം-ഹവാല കടത്തിൽ സർക്കാർ കർശനനടപടിയെടുത്തതിനാലാണ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും വാദിക്കുന്നു. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം സംഘടിപ്പിച്ച പി.ആർ. ഏജൻസി തന്നെയാണ് ഈ പ്രചാരണത്തിനും പിന്നിൽ.
പിന്നീട്, സെപ്റ്റംബർ 21-ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിലും സ്വർണം-ഹവാലക്കേസുകൾ പരാമർശിച്ചു. ഇതെല്ലാം പിന്നീട്, ദ ഹിന്ദുവിലെ വിവാദ അഭിമുഖത്തിലും ഇടം പിടിച്ചു. മുഖ്യമന്ത്രിക്ക് രാഷ്ട്രീയകവചമൊരുക്കാൻ ആസൂത്രിതശ്രമങ്ങളുണ്ടായെന്നാണ് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ.
പി.ആർ. അഭിമുഖത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ച ടി.ഡി. സുബ്രമണ്യന്റെ അച്ഛനും സി.പി.എം. മുൻ എം.എൽ.എയുമായ ടി.കെ.ദേവകുമാർ സ്വർണക്കടത്തും ഹവാലയും പോലീസ് പിടിച്ചതിന്റെ വാർത്ത ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരുന്നു. പി.ആർ. വിവാദത്തിനു പിന്നാലെ, അദ്ദേഹമതു നീക്കി.
Content Highlights: cm pinarayi vijayan interview controversy gold hawala report