'തിരിച്ചെത്തിയതില്‍ സന്തോഷം, ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി'; കെടിയു വിസിയായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല(കെടിയു) വിസിയായി സിസാ തോമസ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെയാണ് സിസാ തോമസ് സര്‍വകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റത്. വിസിയായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും പഴയ കാര്യങ്ങളൊന്നും നിലവില്‍ ഓര്‍ക്കുന്നില്ലെന്നും സിസാ തോമസ് പ്രതികരിച്ചു.
നിലവിലെ സാഹചര്യം സന്തോഷമുള്ളതാണ്. തന്റെ ഉത്തരവാദിത്തം കൂടുന്നു. സര്‍ക്കാരുമായി സഹകരിച്ച് പോവും. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. പഴയകാര്യം എല്ലാം കഴിഞ്ഞു. ഇനി മുന്നോട്ട് പോയാല്‍ മതി. അപാകതകള്‍ എല്ലാം പരിഹരിച്ച് മുന്നോട്ടുപോവും. സിസ തോമസ് എന്ന വ്യക്തിയല്ല കെടിയു എന്ന സ്ഥാപനമാണ് വലുതെന്നും സിസാ തോമസ് പറഞ്ഞു.
ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദിയുണ്ട്. മിനിട്ട്‌സ് ഒന്നും താന്‍ എടുത്തുകൊണ്ടുപോയിട്ടില്ല. പിന്നെ എന്തിനാണ് മോഷ്ടാവായി ചിത്രീകരിക്കുന്നത്. തനിക്ക് കൃത്യമായ ലക്ഷ്യബോധമുണ്ട്. അത് മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. ചില കുടിശ്ശിക സര്‍ക്കാര്‍ പിടിച്ചുവെച്ചിട്ടുണ്ട്. പെന്‍ഷന്‍ ഏഴുമാസം കഴിഞ്ഞാണ് ലഭിച്ചതെന്നും സിസാ തോമസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ സര്‍ക്കാരും ഗവര്‍ണറും സമവായത്തിലെത്തിയത്. വിസിമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരും ഗവര്‍ണറും സമവായത്തില്‍ എത്താത്തതിനാല്‍ സുപ്രീംകോടതി നേരിട്ട് നിയമനനടപടികളിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു ഇത്. തുടര്‍ന്ന് സമവായക്കാര്യം സുപ്രീംകോടതിയെ അറിയിച്ചശേഷമാണ് സിസാ തോമസിനെ സാങ്കേതിക സര്‍വകലാശാല വിസിയായും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റല്‍ സര്‍വകലാശാല വിസിയായും നിയമിച്ച് ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയത്.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ദീര്‍ഘനാളായി നിലനിന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്കൊടുവിലാണ് സമവായമുണ്ടായത്. സര്‍ക്കാരിന് അനഭിമതയായ സിസയെ വിസിയാക്കാന്‍ പാടില്ലെന്ന കര്‍ക്കശ നിലപാടില്‍ നിന്ന് മുഖ്യമന്ത്രി അവസാന നിമിഷം പിന്‍വാങ്ങുകയായിരുന്നു. ഡിജിറ്റല്‍ സര്‍വകലാശാലയിലെ ക്രമക്കേടുകളെക്കുറിച്ച് എജിയുടെ അന്വേഷണം നടക്കുന്നതിന്റെ വെളിച്ചത്തില്‍ സജി ഗോപിനാഥിനെ വീണ്ടും വിസിയാക്കാന്‍ കഴിയില്ലെന്ന നിലപാടില്‍നിന്ന് ഗവര്‍ണറും അയഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായിരുന്ന ഡോ. സിസാ തോമസ് മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവനുസരിച്ച് സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലിക വി.സിയുടെ ചുമതലവഹിച്ചതായിരുന്നു സര്‍ക്കാരിന്റെ എതിര്‍പ്പിന് കാരണം. സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ അവഗണിച്ചാണ് ഡോ. സിസയുടെ നിയമനം. സര്‍ക്കാരിന്റെ കണ്ണിലെ കരടായതോടെ പെന്‍ഷന്‍ ആനുകൂല്യം തടയുന്നതിലുള്‍പ്പെടെ കാര്യങ്ങളെത്തി. നിയമയുദ്ധം നടത്തിയാണ് സിസ ആനുകൂല്യങ്ങള്‍ നേടിയത്. ഇതിനിടെ ഡിജിറ്റല്‍ സര്‍വകലാശാലയിലും ഗവര്‍ണര്‍ അവരെ താത്കാലിക വിസിയായി നിയമിച്ചു. ഇതും സര്‍ക്കാര്‍ കോടതിയില്‍ ചോദ്യംചെയ്തു. അവിടെനടന്ന സാമ്പത്തികക്രമക്കേടുകള്‍ കണ്ടെത്തി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തതും വിവാദമായി.
മുഖ്യമന്ത്രി പ്രൊ ചാന്‍സലറായ ഡിജിറ്റല്‍ സര്‍വകലാശാലയിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ ഗവര്‍ണര്‍ സിഎജിക്ക് നിര്‍ദേശം നല്‍കിയതോടെയാണ് സിസയോടുള്ള സര്‍ക്കാരിന്റെ എതിര്‍പ്പ് മൂര്‍ധന്യത്തിലായത്. ഡിജിറ്റലില്‍ ഡോ. സജി ഗോപിനാഥിനെ നിയമിക്കണമെന്ന താത്പര്യം മുഖ്യമന്ത്രിക്കുണ്ടായിരുന്നു. സുപ്രീംകോടതിയിലേക്ക് വിസി നിയമനം നീങ്ങിയാല്‍ ഭാവിയിലുണ്ടാകുന്ന നിയമനങ്ങളിലും സര്‍ക്കാരിന് ഒരുതരത്തിലുള്ള സ്വാധീനവും ഉണ്ടാകില്ലെന്ന തിരിച്ചറിവിലാണ് സമവായത്തിലെത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.
Content Highlights: Ciza Thomas assumes the role of KTU Vice-Chancellor, expressing optimism and commitment to collaboration. Learn more about her appointment and vision.