ലാഭം 502 കോടി; 55 % ലാഭവിഹിതം; സിയാൽ ഏയ്‌സസും ബ്രിഡ്ജ് മൗണ്ട് എക്യുപെൻസും പുതിയ പദ്ധതികൾ

കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (സിയാൽ) അനുഭവ സമ്പത്ത് പുതിയ മേഖലകളിലേയ്ക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കമിടുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. സിയാലിന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഹരിയുടമകൾക്ക് 55 ശതമാനം ലാഭവിഹിതം നൽകുന്നതിനുള്ള ഡയറക്ടർബോർഡിന്റെ ശുപാർശയ്ക്ക് വാർഷിക പൊതുയോഗം അംഗീകാരം നൽകി.
വിമാനത്താവള നിർമാണ ആസൂത്രണം, റൺവെ വികസനം, കാർഗോ, ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കമേഴ്‌സ്യൽ എന്നീ മേഖലകളിൽ സിയാൽ കൺസൾട്ടൻസി സേവനം നൽകും. ഇതിനായി സിയാൽ ഏയ്‌സസ് എന്ന വിഭാഗത്തിന് രൂപം നൽകിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ദുർഗാപൂർ വിമാനത്താവളത്തിലെ പാസഞ്ചർ വെരിഫിക്കേഷൻ സംവിധാനം, ആദ്യ പദ്ധതിയായി നടപ്പിലാക്കും. വിമാനത്താവളത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക് ഹബ് ആയി വികസിപ്പിക്കുക, വിമാനത്താവളവുമായി ബന്ധപ്പെടുത്തി ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കുക, വരുമാന സാധ്യതകൾ വിപുലീകരിക്കുക, നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി മികച്ച യാത്രാനുഭവം നൽകുക എന്നീ പദ്ധതികൾക്കും തുടക്കമിടും, മുഖ്യമന്ത്രി പറഞ്ഞു.
2025-26 സാമ്പത്തിക വർഷത്തിൽ 1,220 കോടി രൂപയുടെ മൊത്തവരുമാനവും 502 കോടി രൂപയുടെ ലാഭവുമാണ് സിയാൽ നേടിയത്. 73,134 വിമാന സർവീസുകളും 1.14 കോടി യാത്രക്കാരും സിയാൽ കൈകാര്യം ചെയ്തു.
മന്ത്രിയും സിയാൽ ഡയറക്ടറുമായ റോജി എം.ജോൺ, സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്, കമ്പനി സെക്രട്ടറി രാജീവ് കെ., സി.എഫ്.ഒ. സജി ഡാനിയേൽ എന്നിവർ പങ്കെടുത്തു.
സിയാലിന്റെ പുതിയ പദ്ധതിയായ 'സിയാൽ ഏയ്‌സസ് (ഏവിയേഷൻ കൺസൾട്ടൻസി ആന്റ് എക്‌സ്പർട്ട് സർവീസസ്), പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ബ്രിഡ്ജ് മൗണ്ട് എക്യൂപെൻസ് സർവീസ് എന്നിവ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എല്ലാ വിമാനങ്ങൾക്കും സൗജന്യമായി ഈ സേവനം ലഭ്യമാക്കാനാകുമെന്നും ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു സൗജന്യ സേവനം നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Content Highlights: CIAL's 32nd annual meeting approves a 55% dividend for shareholders, highlighting significant revenue and profit achievements in the 2025-26 fiscal year.