പീച്ചി സ്റ്റേഷന്‍ മര്‍ദനം; സിഐ പി.എം രതീഷിന്റെ തൊപ്പി തെറിച്ചേക്കും,കാരണം കാണിക്കല്‍ നോട്ടീസ്

തൃശ്ശൂര്‍: പീച്ചി പോലീസ് സ്‌റ്റേഷന്‍ മര്‍ദനത്തില്‍ കടവന്ത്ര സിഐ പി.എം രതീഷിനെതിരേ വകുപ്പുതല നടപടികള്‍ക്ക് തുടക്കം. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍, രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. രതീഷ് പീച്ചി എസ്‌ഐ ആയിരുന്നപ്പോഴാണ് സംഭവം നടന്നത്. നോട്ടീസിന് 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസിലൂടെ പുറത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെ ദക്ഷിണ മേഖല ഐജി ശ്യാം സുന്ദര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതികള്‍ വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എടുപ്പിച്ചു. എട്ടു മാസമായി ദക്ഷിണ മേഖല ഐജിയുടെ ഓഫീസില്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണ ഫയല്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. അഡീഷണല്‍ എസ്പി ശശിധരന്റെ അന്വേഷണത്തില്‍ രതീഷ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇത് ഫയലില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. തുടര്‍ന്നാണ് രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ഐജി നിര്‍ദേശം നല്‍കിയത്.
സംഭവത്തില്‍ എന്താണ് വീഴ്ച സംഭവിച്ചതെന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണം എന്നാണ് പറഞ്ഞിരിക്കുന്നത്. രതീഷിന്റെ മറുപടി ലഭിച്ചാലും ഇല്ലെങ്കിലും വകുപ്പുതല നടപടി ഉണ്ടാകുമെന്ന സൂചനകളാണ് ദക്ഷിണ മേഖല ഐജിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്നത്.
പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ.പി. ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ ജീവനക്കാര്‍ എന്നിവരെയാണ് പീച്ചി പോലീസ് സ്റ്റേഷനില്‍വെച്ച് അന്ന് എസ്ഐ പി.എം. രതീഷ് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തത്. മാനേജര്‍ റോണിയെയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പിനെയുമാണ് മര്‍ദിച്ചത്. പോള്‍ ജോസഫിനെ ലോക്കപ്പിലിടുകയും ഔസേപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കുനേരേ ആക്രോശിക്കുകയും ചെയ്തിരുന്നു. ഫ്‌ളാസ്‌കുകൊണ്ടും അടിക്കാന്‍ ശ്രമിച്ചിരുന്നതായി ഔസേപ്പ് പറഞ്ഞു. 2023 മെയ് 24-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ 13 മാസത്തെ ശ്രമത്തിനൊടുവില്‍ 2024 ഓഗസ്റ്റ് 14-നാണ് കിട്ടിയത്. വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷയിലാണ് ദൃശ്യങ്ങള്‍ കിട്ടിയത്.
Content Highlights: ci Ratheesh served notice for Peechi police station assault. IG investigates 8-month-old cas