'ഹേറ്റ് സ്റ്റോറി'കളല്ല; സഭകൾ പ്രദർശിപ്പിക്കേണ്ടത് 'ലവ് സ്റ്റോറി'കള്‍ - ഗീവർഗീസ് മാർ കൂറിലോസ്

ഗീവർഗീസ് മാർ കൂറിലോസ്| photo facebook.com/geevarghese.coorilos
ഗീവർഗീസ് മാർ കൂറിലോസ്| photo facebook.com/geevarghese.coorilos

കോഴിക്കോട്: കേരളാ സ്റ്റോറി വിവാദത്തിൽ വിമർശനവുമായി സ്ഥാനത്യാഗം ചെയ്ത യാക്കോബായ സഭയിലെ ആദ്യ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും  "ലവ് സ്റ്റോറി " ( സ്നേഹത്തിന്റെ കഥകൾ) കളാണ്, മറിച്ച് "ഹേറ്റ് സ്റ്റോറി " ( വിദ്വേഷത്തിന്റെ കഥകൾ ) കളല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇടുക്കി രൂപതയിലെ പള്ളികളിൽ വിവാദ സിനിമ 'കേരളാ സ്റ്റോറി' പ്രദർശിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് വഴി തുറന്നിരുന്നു. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടയിലാണ് രൂപതയിലെ പള്ളികളിൽ വിദ്യാർഥികൾക്കുവേണ്ടി ചിത്രം പ്രദർശിപ്പിച്ചത്. 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാ​ഗമായി കേരളാ സ്റ്റോറി പ്രദർശിപ്പിച്ചത്. കുട്ടികളിലും യുവതീയുവാക്കളിലും ബോധവത്കരണത്തിൻ്റെ ഭാഗമായി സിനിമ പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയുമായിരുന്നുവെന്നായിരുന്നു വിശദീകരണം.

ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശ്ശേരി രൂപതയും തലശ്ശേരി അതിരൂപതയും ചിത്രം പ്രദർശിപ്പിക്കാനൊരുങ്ങുകയാണ്‌. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനാണ് തീരുമാനം.

Content Highlights: Churches should display stories of love not hate Geevarghese Mar Kourilos