അത് ബിയറല്ല, ചൂടുവെള്ളം, ക്യാമറ അടുത്തേക്ക് വന്നതുകൊണ്ടാണ് കുപ്പി താഴെവെച്ചത്- ചിന്ത ജെറോം

കൊല്ലം: സി.പി.എം കൊല്ലം ജില്ലാ സമ്മേളനം പുരോഗമിക്കുകയാണ്. ഇതിനിടെ സമ്മേളനവേദിയിൽ ചിന്താ ജെറോം ചില്ലുകുപ്പിയിൽ വെള്ളം കുടിച്ചതിനേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചില ചർച്ചകളും നടന്നു. ചിന്ത ഉപയോഗിച്ചത് ബിയർ കുപ്പിയാണെന്നായിരുന്നു ആരോപണം. ഇതിനുള്ള മറുപടിയുമായി ചിന്തതന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം പ്രചരണങ്ങൾ ദൗർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സി.പി.എം കൊല്ലം ജില്ലാ സമ്മേളനത്തിൽനിന്നുള്ള ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സമ്മേളനവേദിയിൽവെച്ച് സി.പി.എം നേതാവ് ചിന്താ ജെറോം ഒരു ചില്ലുകുപ്പിയിൽ വെള്ളം കുടിക്കുന്നതായിരുന്നു ദൃശ്യങ്ങളിൽ. ക്യാമറ കാണുമ്പോൾ അവർ ചിരിച്ചുകൊണ്ട് കുപ്പി താഴെ വെയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് സമ്മേളനവേദിയിൽവെച്ച് ചിന്ത കഴിച്ചത് മദ്യമാണെന്നരീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാഖ്യാനിക്കപ്പെട്ടത്.
ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതാണ് ഇപ്പോഴത്തെ പ്രചരണമെന്ന് ചിന്താ ജെറോം പ്രതികരിച്ചു. സമ്മേളനത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കിയിരുന്നതിനാൽ വേദിയിൽ കുപ്പികളിൽ ചൂടുവെള്ളമാണ് നിറച്ചുവച്ചിരുന്നത്. ഇതാണ് ക്യാമറയിൽ പതിഞ്ഞത്. പൊതുവേ നമ്മൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ക്യാമറ അടുത്തേക്ക് വന്നാൽ ഒന്ന് പതുങ്ങാറുണ്ടല്ലോ. അതുകൊണ്ടാണ് കുപ്പി താഴത്തുവെച്ചത്. അതിലൊക്കെ എന്ത് കാര്യമിരിക്കുന്നുവെന്നും ചിന്ത ചോദിച്ചു.
ഇത്തരം വിവാദങ്ങൾ പണ്ടും ഇന്നും ഇനി നാളെയും ഉയർത്തിക്കൊണ്ടുവരും. പാർട്ടിയെ മോശമായി ചിത്രീകരിക്കാനും പൊതുമധ്യത്തിൽ സംശയമുണ്ടാക്കാനുമാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത്. ഈ വിവാദങ്ങൾക്കൊക്കെ ഇത്രയേ ഉള്ളൂ കാര്യം. ഇല്ലാത്ത കാര്യങ്ങളാണ് ഇക്കൂട്ടർ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങൾക്ക് മനസിലാക്കാൻ ഒരവസരം കിട്ടിയെന്നുമാത്രം കരുതിയാൽ മതിയെന്നും ചിന്ത ജെറോം കൂട്ടിച്ചേർത്തു.
Content Highlights: CPM leader Chinta Jerome addresses a viral video showing her drinking from a bottle at party meeting