'സ്ത്രീത്വത്തിൽനിന്ന് എൻ്റെ കറുപ്പിനെയും കറുപ്പിൽനിന്ന് സ്ത്രീത്വത്തെയും അകറ്റാൻ സാധിക്കുന്നില്ല'

സ്ത്രീ, അതും കറുത്ത സ്ത്രീയായതിനാല്‍ നേരിടേണ്ടിവരുന്ന വിവേചനങ്ങളെക്കുറിച്ച്, അതിനെതിരേ സമൂഹത്തെ തിരുത്തേണ്ടതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മാതൃഭൂമി പ്രതിനിധി എസ്.എന്‍. ജയപ്രകാശുമായി സംസാരിക്കുന്നു.
നിറത്തെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ പ്രതിഷേധിച്ച് ആദ്യമിട്ട കുറിപ്പ് എന്തിനാണ് പിന്‍വലിച്ചത്? എന്തായിരുന്നു ആശങ്ക
പോസ്റ്റ്‌ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ അപാര പ്രതികരണമായിരുന്നു. എന്റെ പരിചയ, സുഹൃദ് വലയത്തിനപ്പുറം അത് പോകുന്നുവെന്നു കണ്ടപ്പോള്‍ വിവാദമായിമാറുന്നെന്ന് തോന്നി. കുറച്ചുകാലമല്ലേയുള്ളൂ വിരമിക്കാന്‍. സമാധാനമായി വിരമിക്കണമല്ലോയെന്നുകരുതിയാണ് പിന്‍വലിച്ചത്. പിന്‍വലിച്ചുകഴിഞ്ഞപ്പോള്‍ ഇത് നിങ്ങളുടെ വ്യക്തിപരമായ വിഷയമല്ല, സമൂഹത്തില്‍ ചര്‍ച്ചചെയ്യേണ്ടതാണെന്ന് പലരും പറഞ്ഞു. നിങ്ങളുടെ സ്ഥാനത്തിരുന്ന് അത് ഉന്നയിക്കുന്നത്, ആ ചര്‍ച്ചയെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കുമെന്നും. അത് ശരിയാണെന്ന് എനിക്കും തോന്നി. ഈ പ്രശ്‌നത്തിന് പോസിറ്റീവായ ആക്കമുണ്ടാക്കാന്‍, കറുപ്പിനെ ഞാന്‍ സ്വന്തമാക്കുന്നുവെന്ന സന്ദേശം നല്‍കാന്‍ ഇത് ഉപകരിക്കുമെന്ന് തോന്നി.
വീണ്ടും പോസ്റ്റ്‌ചെയ്യാനും ഇത് ചര്‍ച്ചയാക്കാനും ആരായിരുന്നു പ്രധാനമായും പ്രേരിപ്പിച്ചത്
പ്രധാനമായിട്ടും ഭര്‍ത്താവുതന്നെ (ഡോ. വി. വേണു, മുന്‍ ചീഫ് സെക്രട്ടറി). ഈ വിഷയത്തെ വിട്ടുകളയരുതെന്ന് എന്റെ പല സുഹൃത്തുക്കളും അഭിപ്രായപ്പെട്ടിരുന്നു.
ഈ പരാമര്‍ശം നടത്തിയത് ആ വ്യക്തി നേരിട്ടായിരുന്നോ? എന്തായിരുന്നു സാഹചര്യം
നേരിട്ടുതന്നെ. ആളും സന്ദര്‍ഭവുമൊന്നും പറയുന്നില്ല.
അന്നേരം നേരിട്ട് പ്രതികരിച്ചില്ലേ
ഇല്ല. ഉടനടി പ്രതികരിക്കുന്ന സ്വഭാവം എനിക്കില്ല.
സ്ത്രീയെന്നനിലയ്ക്കാണോ, നിറത്തെച്ചൊല്ലിയാണോ കൂടുതല്‍ വിവേചനം നേരിടേണ്ടിവന്നിട്ടുള്ളത്
അത് വേര്‍തിരിക്കാന്‍പറ്റില്ല. സ്ത്രീയെന്നനിലയ്ക്കും കറുത്ത സ്ത്രീയെന്നനിലയ്ക്കും തന്നെയാണ് വിവേചനം. സ്ത്രീത്വത്തില്‍നിന്ന് എന്റെ കറുപ്പിനെയും എന്റെ കറുപ്പില്‍നിന്ന് സ്ത്രീത്വത്തെയും അകറ്റാന്‍ എനിക്ക് സാധിക്കുന്നില്ല.
അധികാരശ്രേണിയില്‍ ഇത്രയുമെത്തിയിട്ടും ഈ വിവേചനത്തില്‍ അയവില്ലേ
സമൂഹത്തിന്റേതാണ് പ്രശ്‌നം. അധികാരസ്ഥാനങ്ങളൊന്നും അതിന് ബാധകമല്ല. അധികാരസ്ഥാനങ്ങളിലും പ്രതിഫലിക്കുന്നത് സമൂഹത്തിന്റെ സമീപനങ്ങളാണല്ലോ.
കേരളത്തിന് പുറത്തും താങ്കള്‍ പല സുപ്രധാനപദവികളും വഹിച്ചിട്ടുണ്ട്. അവിടെയും വിവേചനം നേരിട്ടിരുന്നോ
ഒരുപാട് അവസരങ്ങളില്‍. കേരളത്തില്‍ നമുക്കിതിനെപ്പറ്റി പച്ചയ്ക്ക് സംസാരിക്കാന്‍പറ്റും. മറ്റുസ്ഥലങ്ങളിലൊന്നും തുറന്നുപറയാന്‍കൂടി പറ്റില്ല.
താങ്കള്‍ തുറന്നുപറയുന്നില്ലെങ്കിലും ഞാന്‍ കരുതുന്നത് ഔദ്യോഗികമായി ഉന്നതസ്ഥാനത്തുള്ള ഒരു വ്യക്തിയായിരിക്കണം ഈ പരാമര്‍ശം നടത്തിയിട്ടുണ്ടാവുകയെന്നാണ്. കുടുംബശ്രീയുടെയൊക്കെ ചുമതല വഹിക്കുമ്പോള്‍ സാധാരണക്കാരുടെയിടയില്‍ പ്രവര്‍ത്തിച്ചപ്പോഴും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടോ
വളരെ സ്‌നേഹത്തോടെ, സദുദ്ദേശ്യത്തോടെയുള്ള പ്രതികരണങ്ങളില്‍ അവരറിയാതെത്തന്നെ വിവേചനം കടന്നുകൂടും. എത്രപേര്‍ എന്നോടു സ്‌നേഹത്തോടെ, എന്നെ സമാധാനിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ടെന്നോ; കറുപ്പായാലെന്താ, നല്ല ഐശ്വര്യമുണ്ടു കേട്ടോ. കറുപ്പായതില്‍ എന്തോ പ്രശ്‌നമുണ്ട്.
മിഷൻ ഡയറക്ടർ ആയിരിക്കെ
അതിന് നഷ്ടപരിഹാരമെന്നോണമാണ് അവര്‍ ഐശ്വര്യത്തെപ്പറ്റി പറയുന്നത്. കറുപ്പിന് ഏഴഴകാണല്ലോയെന്ന് പറയുന്നത് നല്ലകാര്യമായിട്ടല്ല. പോട്ടെ, സാരമില്ല എന്നമട്ടിലുള്ള ആശ്വസിപ്പിക്കലാണ്.
ഇപ്പോഴത്തെ അനുഭവം വേദനിപ്പിച്ചെന്ന് പറഞ്ഞല്ലോ. വേട്ടയാടുന്ന മുന്നനുഭവങ്ങള്‍ ഇക്കാര്യത്തിലുണ്ടോ
ഉണ്ടായിട്ടുണ്ട്. പ്രത്യേകമായൊന്നും ഞാന്‍ ഓര്‍ത്തുവെച്ചിട്ടില്ല. വേദനിപ്പിക്കുന്ന സംഗതികള്‍ എന്തെങ്കിലുമുണ്ടായാല്‍ അത് ആ നിമിഷങ്ങളില്‍ തീവ്രമായി അനുഭവിക്കുന്നതാണ് എന്റെ സ്വഭാവം. അതിനെ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ പിന്നെ ഓര്‍ത്തുവെക്കാറില്ല.
താങ്കളുടെയും ഭര്‍ത്താവിന്റെയും ഭരണത്തെ താരതമ്യംചെയ്ത് കറുപ്പും വെളുപ്പുംപോലെ വ്യത്യസ്തമെന്ന് വേര്‍തിരിക്കുന്നത് എന്തുതരം മനോഭാവമാണ്
അത് അങ്ങനെ താരതമ്യംചെയ്ത വ്യക്തിയോട് ചോദിക്കണം. വേണുവിന്റെയും എന്റെയും സേവനരീതികളില്‍ നല്ല വ്യത്യാസമുണ്ട്. ഭര്‍ത്താവും ഭാര്യയും ഒരേപോലെയായിരിക്കുമെന്ന തെറ്റിദ്ധാരണയാണ് പലര്‍ക്കും. ഞങ്ങളുടെ തൊഴിലിടങ്ങളില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത വ്യക്തികളായിട്ടാണ്. ഭര്‍ത്താവിന്റെ തുടര്‍ച്ചയായിരിക്കും ഭാര്യയെന്ന് വിചാരിക്കുന്നത് ധാരണപ്പിശകാണ്.
ഈ പ്രതികരണത്തെപ്പറ്റിയുള്ള ചര്‍ച്ച പ്രതീക്ഷിച്ചതുപോലെയായോ
ഇന്ന് ഉച്ചയ്ക്ക് എന്നെ ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി വിളിച്ചു. സ്ത്രീയാണ്. ''നിങ്ങളുടെ പോസ്റ്റ് ഞങ്ങളുടെ ഐഎഎസ് ഗ്രൂപ്പില്‍ പ്രചരിപ്പിക്കുന്നുണ്ട്'' എന്നുപറഞ്ഞു. അത് വായിച്ചപ്പോള്‍ അവര്‍ക്ക് അവരുടെ കുട്ടിക്കാലമാണ് ഓര്‍മവന്നതെന്ന് പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ എന്നെ വിളിച്ച് അദ്ദേഹത്തിന്റെ അമ്മയുടെ അനുഭവം പറഞ്ഞു. രണ്ടുതരത്തിലാണ് പ്രതികരണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഇങ്ങനെ വിഷമിക്കണോ എന്ന് ചോദിച്ചവരുമുണ്ട്. വിഷമമല്ല, ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്. കറുപ്പ് എന്ന സങ്കല്പത്തെ നമുക്ക് പുനര്‍നിര്‍വചിക്കണം. അതിനൊരു നിമിത്തമെന്നനിലയിലാണ് ഈ സംഭവത്തെ ഞാന്‍ അവതരിപ്പിച്ചത്. പോസ്റ്റിന് പ്രതികരണമായി സമാനമായ അനുഭവങ്ങളും ഒരുപാടുപേര്‍ പങ്കുവെച്ചു. നിസ്സാരകാര്യത്തിന് നിങ്ങളെപ്പോലൊരാള്‍ ഇങ്ങനെ പ്രതികരിക്കണോയെന്ന് ചോദിക്കുന്നവര്‍ പദവിയുടെ പ്രാമാണ്യത്തില്‍ നിന്നാണ് സംസാരിക്കുന്നത്. നിറത്തിന്റെപേരില്‍ വിഷമിക്കേണ്ടിവന്ന ഒരാളും ഇങ്ങനെ പറയില്ല. ജീവിതത്തില്‍ ആ വിഷമം അറിയാത്തവരാണ് മറിച്ച് പ്രതികരിക്കുന്നത്.
സമൂഹം ഇത്രയും മുന്നോട്ടുപോയിട്ടും എന്തുകൊണ്ടാണ് പലര്‍ക്കും ഇപ്പോഴും ഇങ്ങനെയൊക്കെ പറയാന്‍തോന്നുന്നത്
ഞാനൊരു വ്യക്തിയെമാത്രം പറയില്ല. എന്റെ വീട്ടില്‍, ചുറ്റുപാടില്‍, ബന്ധുക്കളില്‍, സഹപ്രവര്‍ത്തകരില്‍... അവരുടെയൊക്കെ ഉപബോധമനസ്സില്‍ ഇത്തരം വിവേചനങ്ങളും വെറുപ്പുമുണ്ട്. അത് തിരിച്ചറിയുകയെന്നതാണ് പ്രധാനം. എന്തിന് എന്റെയകത്തുപോലും അതുണ്ട്. അത് തിരിച്ചറിയാന്‍ എന്നെ സഹായിച്ചത് എന്റെ മക്കളാണ്.
നിറം, ശാരീരികപ്രത്യേകതകള്‍ എന്നിവയൊക്കെക്കാരണം വിവേചനംനേരിട്ട് വിഷമിക്കുന്നവര്‍, അതിനെതിരേ പോരാടുന്നവര്‍ ഇന്ന് നമ്മുടെ കൂട്ടത്തിലുണ്ട്. അവരോട് എന്താണ് പറയാനുള്ളത്
ഇതൊന്നും നമ്മുടെ കുറവുകളല്ല. നമ്മുടെ വ്യക്തിത്വമാണ്, അത് നമ്മുടെ തനിമയാണ്, നമ്മളെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമാക്കുന്ന സവിശേഷതകളാണെന്ന് കണ്ടുകൊണ്ടുതന്നെ അതില്‍ സന്തോഷിക്കണം. അതില്‍ അഭിമാനിക്കണം. നമ്മളില്‍ നമുക്ക് വിശ്വാസംവേണം. എല്ലാവരും മൂല്യമുള്ളവരാണ്. നമ്മുടെ മൂല്യം സ്വാംശീകരിച്ച് നമ്മള്‍ത്തന്നെ അതിനെ ഉയര്‍ത്തിപ്പിടിക്കണം. അങ്ങനെ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ വിശ്വസിക്കും. എന്നെ സംബന്ധിച്ച് ഇത് കടന്നുപോകാവുന്ന ഒരു വിഷമമാണെന്ന് ഇപ്പോള്‍ പറയാം. പലരും നീറ്റലനുഭവിക്കുന്നുണ്ട്. ആ നീറ്റല്‍ വേണ്ടെന്നാണ് എനിക്ക് അവരോടു പറയാനുള്ളത്.
മക്കളെന്ത് പറഞ്ഞു
മക്കള്‍ക്ക് അഭിമാനം. സന്തോഷം. അമ്മ ശക്തമായിത്തന്നെ പ്രതികരിച്ചുവെന്ന് പറഞ്ഞു. വീടിനകത്ത് ഇതൊന്നും ബാധകമല്ലാത്ത സുരക്ഷിതമായ ഇടം ഉണ്ടായിരുന്നതുകൊണ്ട് പുറത്തെ കോലാഹലമൊന്നും തങ്ങളുടെ ഉള്ളിലേക്കിറങ്ങുന്നില്ലെന്ന് അവര്‍ പറഞ്ഞു.
ശാരദ മുരളീധരനും ഡോ. വി. വേണുവും മക്കളായ ശബരിക്കും കല്യാണിക്കുമൊപ്പം| ഫോട്ടോ: Instagram/ @sabari_venu
സ്ത്രീകളോട്, നിറംകുറഞ്ഞവരോട്, ശാരീരിക പ്രത്യേകതകളുള്ളവരോട്... ഇവരോടൊക്കെയുള്ള വിവേചനം അവസാനിപ്പിക്കാന്‍ നമ്മള്‍ ഏറെ ശ്രമിച്ചു. ഇനി എന്താണ് ചെയ്യാനുള്ളത്
സെലിബ്രിറ്റികളായോ അല്ലാതെയോ പല മേഖലകളിലെയും ശ്രദ്ധേയരായ, സമൂഹത്തില്‍ സ്വാധീനമുണ്ടാക്കാന്‍കഴിയുന്ന കറുപ്പുനിറമുള്ളവര്‍ പുറത്തുവരണം. സംസാരിക്കുകമാത്രമല്ല, അനുകരണീയമാതൃകകളെന്നനിലയില്‍ അവര്‍ സമൂഹത്തില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടണം. എത്രത്തോളമാണോ നമ്മള്‍ പ്രത്യക്ഷപ്പെടുകയും ആളുകള്‍ അറിയുകയും അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത്, അത്രത്തോളം നമ്മളോട് സമൂഹത്തിന്റെ മനോഭാവം മാറും.
Content Highlights: Kerala`s Chief Secretary Sharada Muraleedharan speaks out against colorism